Screenshot 20260520 133210

‎സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്ഡ്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‎സിഎംആർഎൽ മാസപ്പടി കേസിൽ ഇഡി വീണാ വിജയൻ്റെ മൊഴിയെടുത്തു. തിരുവനന്തപുരത്തെ വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

‎മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി നടപടിയിൽ ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ലെന്നും രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി.

‎പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നു. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. എന്നാൽ പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും ഇഡി വ്യക്തമാക്കി.

‎പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിൽ പ്രതിഷേധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് സിപിഐഎം. ഉച്ചയ്ക്ക് 2.30നാണ് ജനറൽസെക്രട്ടറി എം എ ബേബി യുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുക. നാളെ സംസ്ഥാന വ്യാപകമായും പ്രതിഷേധം നടത്തും.

‎പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തുള്ളവരെ ഇഡിയെ ഉപയോഗിച്ച് കേന്ദ്രം വേട്ടയാടുന്നുവെന്നും പാർട്ടിക്കെതിരായ കടന്നുകയറ്റത്തിന്റെ അവസാന ആയുധമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‎തിരുവനന്തപുരത്ത് ഇഡി റെയ്ഡ് നടത്തുന്ന പിണറായി വിജയൻ്റെ ബേക്കറി ജംഗ്ഷനിലുള്ള വാടക വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് മുതിർന്ന സിപിഎം നേതാക്കൾ. കെ കെ ജയചന്ദ്രൻ, മുൻ മന്ത്രി വി ശിവൻ കുട്ടി, എം വി ജയരാജൻ, പി ജയരാജൻ, കെ കെ രാജേഷ്, വി ജോയ് എംഎൽഎ, ആനാവൂർ നാഗപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.

‎പിണറായി വിജയൻ്റെ വീട്ടിൽ നടക്കുന്ന ഇഡി റെയ്ഡ് രാഷ്ട്രീയമായി എതിരായിട്ടുള്ള ഹീനമായ ആക്രമണമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും, റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്നും ഇത്തരം റെയ്ഡ് കൊണ്ട് സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജയും പ്രതികരിച്ചു.

‎റെയ്ഡ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷൻ ആണെന്ന് മുതിർന്ന സിപിഎം നേതാവ് പി ജയരാജൻ പ്രതികരിച്ചു. മോദി, ഇടതുപക്ഷത്തെ തകർക്കാൻ നടത്തുന്ന നീക്കമാണിതെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷും, പിണറായി വിജയനെ നേരിടാൻ യുഡിഎഫും ബിജെപിയും ഒറ്റക്കെട്ട് ആണെന്ന് പിണറായി സിപിഎം ഏരിയ സെക്രട്ടറി കെ ശശിയും പ്രതികരിച്ചു.

‎പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കോൺഗ്രസ് ബിജെപി ഡീലെന്ന് സിപിഐഎം നേതാവ് എംബി രാജേഷ്. പിണറായി വിജയനെ ടാർഗറ്റ് ചെയ്യുകയാണെന്നും, എതിരായി അഭിപ്രായം പറയുന്നവരെ ഉന്നം വെയ്ക്കുകയാണെന്നും കെഎൻ ബാലഗോപാൽ എംഎൽഎയും പ്രതികരിച്ചു.

‎പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വേട്ടയാടലെന്ന് ജോൺ ബ്രിട്ടാസ് എംപി. കുടുംബാംഗങ്ങളെ ലക്ഷ്യമിട്ട് നേതാക്കളെ തകർക്കാനുള്ള നീക്കമാണ് റെയ്ഡെന്ന് ബിനീഷ് കോടിയേരിയും. റെയ്ഡ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ജോസ് കെ മാണിയും, ഇഡി റെയ്ഡ് അങ്ങേയറ്റം നീചമെന്ന് എന്‍ എന്‍ കൃഷ്ണദാസും പറഞ്ഞു.

‎പിണറായി വിജയന്റെ വീട്ടിലും മറ്റിടങ്ങളിലും നടക്കുന്ന ഇഡി റെയ്‌ഡുമായി ബന്ധപ്പെട്ട് യാതൊരു വിവരവും ലഭിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിൻറെ ആവശ്യകതയല്ലേ. അത് ഇതുമായി കൂട്ടി കുഴക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‎സിപിഐഎമ്മിന്റെ തായ്‍വേര് ഇളകിയ കേസാണ് മാസപ്പടിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേരളം അറിഞ്ഞാൽ ഞെട്ടുന്ന ഒരുപാട് വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. സിഎംആർഎൽ രേഖകളിൽ PV എന്ന് രേഖപ്പെടുത്തിയിരുന്നത് പിണറായി വിജയൻ തന്നെയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

‎പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക് എന്ന പരിഹാസ പോസ്റ്റുമായി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

‎ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ കേസ് ഡയറി തിരുത്തലിൽ എഡിജിപി എം ആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. മർദ്ദന കേസ് അന്വേഷിച്ചിരുന്ന ആലപ്പുഴയിലെ ഉദ്യോഗസ്ഥരുടെയും എഡിജിപി ഓഫീസിലെ ഉദ്യോഗസ്ഥരുടെയും മൊഴിയാണ് എസ്ഐടി രേഖപ്പെടുത്തുക.

‎തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലയുള്ള അമൂല്യവസ്തുക്കൾ കാണാതായെന്ന് വിവരം. ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്. ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചകൾ ഉണ്ടായെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി.

‎തീവ്ര വോട്ടർ പട്ടികാ പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതിയുടെ നിർണായക വിധി. എസ്ഐആറി‌ന് പൗരത്വ നിർണ്ണയവുമായി യാതൊരു ബന്ധവുമില്ലെന്ന് സുപ്രിംകോടതി. വോട്ടർ പട്ടികയുടെ കൃത്യത പുനഃസ്ഥാപിക്കുക എന്ന ഭരണഘടനാപരമായ ഉദ്ദേശ്യത്തോടെയാണ് എസ്ഐആർ നടത്തിയതെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

‎ബൈജൂസ് ലേണിംഗ് ആപ്പിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ.

‎ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്ന് ആരംഭിച്ച വാക്‌സീനുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള എബോള വൈറസ് ഇന്ത്യയിലെത്തിയെന്ന് സംശയം. ഉഗാണ്ടയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ 28 വയസ്സുകാരിയെ എബോള രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

‎ടെലികോം വകുപ്പിന് (ഡിഒടി ) മുന്നിൽ തങ്ങളുടെ പുതിയ “പ്രയോരിറ്റി പ്രീപെയ്‌ഡിനെ ന്യായീകരിച്ച് ഭാരതി എയർടെൽ. പുതിയ സേവനം 5ജി നെറ്റ്‌വർക്ക് സ്ലൈസിംഗ് അധിഷ്‌ഠിതമാണെന്നും അത് നെറ്റ്‌‌ന്യൂട്രാലിറ്റി ചട്ടങ്ങളെ ലംഘിക്കുകയോ പ്രീപെയ്‌ഡ് ഉപയോക്താക്കൾക്കുള്ള സേവന നിലവാരം കുറയ്ക്കുകയോ ചെയ്യുന്നില്ലെന്നും കമ്പനി പറയുന്നു.

‎അമേരിക്കയിൽ പാക്കേജിങ് കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. എട്ടുപേരെ കാണാതായി. വാഷിംഗ്ടൺ സ്റ്റേറ്റിലെ ലോംഗ്‌വ്യൂവിലുള്ള ‘നിപ്പോൺ ഡൈനാവേവ് പാക്കേജിംഗ്’ കമ്പനിയിൽ ഇന്നലെയാണ് വൻ സ്ഫോടനമുണ്ടായത്.

‎ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പുതിയ തലവൻ മുഹമ്മദ് ഔദയെ ലക്ഷ്യമിട്ട് ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഗാസ സിറ്റിയിലെ റിമാൽ മേഖലയിലെ ഒരു ഫ്ലാറ്റ് കെട്ടിടത്തിലാണ് ഔദ ഉണ്ടായിരുന്നതെന്നും ഇവിടേക്കാണ് ആക്രമണം നടത്തിയതെന്നുമാണ് ഇസ്രയേൽ സൈന്യം അറിയിക്കുന്നത്.

‎പശ്ചിമേഷ്യൻ സമാധാന ചർച്ചകളുടെ ഭാഗമായി പാകിസ്ഥാൻ ഉൾപ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന കടുത്ത ആവശ്യവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *