വയനാട് മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. ഭർത്താവ് ഷാജിക്കും പരുക്കേറ്റു. മരിച്ച ജെസ്സിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. കുടുംബത്തിലെ ആശ്രിതരിൽ ഒരാൾക്ക് താത്ക്കാലിക ജോലിയും നൽകും.
കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി. മേഖലയിലെ അടിക്കാട് വെട്ടാനുള്ള നടപടി സ്വീകരിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും ഡിഎഫ് ഒ വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇടപെടൽ.
സംസ്ഥാനത്തെ പരിപൂർണമായി അഴിമതിവിമുക്തമാക്കുന്നതിനായി പ്രോജക്ട് സീറോ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. എവിടെ അഴിമതി കണ്ടാലും പൊതുജനത്തിന് അറിയിക്കാൻ സംവിധാനം ഒരുക്കുമെന്നും രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ അറിയിച്ചു
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന എസ്എഫ്ഐ കെഎസ്‌യു സംഘർഷത്തിൽ 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകർ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും, 30000 രൂപ വില വരുന്ന പൊതുമുതൽ നശിപ്പിച്ചുവെന്നുമാണ് എഫ്‌ഐആർ.
നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ വ്യക്തി വിരോധമാണെന്നും കാണിച്ച് ഗൺമാൻമാർ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഗുരുവായൂരിലെ ക്ഷേത്ര ദര്‍ശന വിവാദത്തില്‍ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പരിശോധന തുടങ്ങി. ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സാങ്കേതിക നടപടികൾ പൂർത്തിയാക്കാനാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും കോടതിയുടെ അന്തിമ തീർപ്പനുസരിച്ചാകും ഉടമസ്ഥ അവകാശം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് നികുതിയിളവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് വൈകുന്നതിനാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ ഇതര സംസ്ഥാന യാത്രകൾ താത്കാലികമായി മാറ്റിവെച്ചു. നികുതിയിളവിന്റെ കാലാവധി അവസാനിച്ചതോടെയാണ് യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായത്.
ശബരിമല സ്വർണക്കവര്‍ച്ച കേസിൽ അന്വേഷണ സംഘത്തിന് വിമർശനം. തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാല്‍ പരാമര്‍ശം ഉണ്ടായിരിക്കുന്നത്.
സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, എന്നീ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം ഉയർന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷൻസും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിൽ ഇ.ഡിക്ക് അന്വേഷണം തുടരാമെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഇതോടെ മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള ഇഡി അന്വേഷണം തുടരും.
ഫോൺവിളി വിവാദത്തിൽ മലപ്പുറം മുൻ എസ്പി സുജിത് ദാസിനെതിരെ അന്വേഷണം വേണമെന്ന് പിവി അൻവർ. ഇക്കാര്യം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലക്ക് അൻവർ കത്ത് നൽകി.
വണ്ടൂർ കാപ്പിലിലെ പ്രതിഷേധ പ്രകടനത്തിൽ യുഡിഎഫ്, സിപിഎം പ്രവർത്തകർക്കെതിരെ വണ്ടൂർ പൊലീസ് കേസെടുത്തു. അനുമതി ഇല്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്. പ്രസ്ഥാനത്തിന് നേരെ വന്നാൽ കൈവെട്ടും, വെള്ള പുതപ്പിക്കും എന്നായിരുന്നു മുദ്രാവാക്യം.
വെർച്വൽ അറസ്റ്റ് ഭീഷണി മുഴക്കി റിട്ടയേർഡ് ഉദ്യോഗസ്ഥയിൽനിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാല് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. 2024 ഏപ്രിലിൽ മുംബൈയിലെ സൈബർ ക്രൈം ഇൻസ്പെക്ടർ എന്ന വ്യാജേന ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.
താരസംഘടന അമ്മയിലെ വ്യക്തിഹത്യയുമായി ബന്ധപ്പെട്ട് ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മുൻ എക്സിക്യൂട്ടീവ് അംഗം അൻസിബ. പൊലീസിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകുമെന്നും ഇനി അമ്മയിൽ പറഞ്ഞട്ട് കാര്യമില്ലെന്നും അൻസിബ പറഞ്ഞു.
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ . പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രശോഭ് വി. വത്സനെതിരായ കേസ്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കാലിൽ തുളഞ്ഞു കയറിയ മരക്കഷണങ്ങൾ നീക്കാതെ ശസ്ത്രക്രിയ നടത്തിയെന്ന പരാതിയിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഭരതന്നൂർ സ്വദേശി വി മധുവാണ് ഗുരുതരമായ അനാസ്ഥയുടെ ഇരയായത്.
ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. 19 വയസുകാരിയായ അവിവാഹിതയാണ് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വിഡി സതീശൻ. 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്.
തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള ചെറുകിട കർഷകരുടെ സഹകരണ ബാങ്കുകളിലെ മുഴുവൻ കാർഷിക കടങ്ങളും സർക്കാർ എഴുതിത്തള്ളി. അതേ സമയം തമിഴ്‌നാട്ടിലെ തീയേറ്ററുകളിൽ സിനിമകളുടെ പ്രദർശന സമയവും വർദ്ധിപ്പിച്ചു.
ഹജ്ജിന്‍റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി 18 ലക്ഷത്തിലധികം തീർഥാടകർ ഇന്ന് അറഫാ മൈതാനിയിൽ ഒത്തുചേരും. നമിറാ പള്ളിയിലെ പ്രഭാഷണത്തിനും പ്രാർത്ഥനകൾക്കും ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാർ മുസ്ദലിഫയിലേക്ക് നീങ്ങും.
ദില്ലിയിൽ സിഎൻജി വിലയിൽ വീണ്ടും വർദ്ധനവ്. കിലോഗ്രാമിന് 2 രൂപയാണ് ഇന്ന് വർദ്ധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ സിഎൻജി വിലയിൽ വരുത്തുന്ന നാലാമത്തെ വർധനവാണിത്. ഇതോടെ ദില്ലിയിൽ ഒരു കിലോ സിഎൻജിയുടെ വില 83.09 രൂപയായി ഉയർന്നു.
കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ അഭിജീത് ദിപ്‌കെ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെതുടർന്നാണ് ഐടി ആക്ട് സെക്ഷൻ 69(A) പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം സിജെപിയുടെ എക്സ് അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവിട്ടത്.
യുക്രൈൻ തലസ്ഥാനമായ കീവ് വിടാൻ വിദേശ പൗരൻമാർക്ക് റഷ്യയുടെ മുന്നറിയിപ്പ്. ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.
കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ നിർണായക നീക്കവുമായി സിദ്ദരാമയ്യ. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ, പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ സിദ്ദരാമയ്യ ഉയർത്തിക്കാട്ടുമെന്നാണ് വിവരം.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാനിലെ വിവിധ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് പ്രഖ്യാപിച്ചു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ആകെ 382 തടവുകാരെയാണ് സുൽത്താന്‍റെ പ്രത്യേക ഉത്തരവ് പ്രകാരം മോചിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ കേന്ദ്രസേന റിക്രൂട്ട്‌മെന്റ് പരീക്ഷക്കിടെ സംഘര്‍ഷം. പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിന്റെ ഇരട്ടി വിദ്യാര്‍ത്ഥികള്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണം. സംഭവത്തെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.
എബോള വൈറസ് വ്യാപനം അതിവേഗത്തിലാണെന്ന് ലോകാരോഗ്യ സംഘടന. ഡിആർ കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 220 പേർ മരിച്ചു. ഡിആർ കോംഗോയുമായി അതിർത്തി പങ്കിടുന്ന മറ്റ് രാജ്യങ്ങളിലും ഉയർന്ന അപകടസാധ്യതയെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
