പുതിയ ലേബർ കോഡുകൾക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളി സംഘടനകൾ ഈമാസം 26 ന് രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. സംയുക്ത തൊഴിലാളി യൂണിയനിൽ ഐഎൻറ്റിയുസി, സിഐടിയു, എഐറ്റിയുസി അടക്കം പത്ത് സംഘടനകൾ ഉൾപ്പെട്ടിട്ടുണ്ട്. സംയുക്ത കിസാൻ മോർച്ചയും പ്രക്ഷോഭത്തിൽ അണിചേരും.
ശബരിമല സ്വർണ്ണകൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കൂടുതൽ പേരെ ചോദ്യം ചെയ്യും. ശബരിമലയിൽ സ്പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അടക്കം സമീപിച്ചിരുന്നു എന്നാണ് പത്മകുമാറിന്റെ മൊഴി. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാൻ തിങ്കളാഴ്ച പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പേടിക്കണ്ടെന്നും അയ്യപ്പൻ ആരെയും വിടില്ലെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. നിയമപരമായി കേന്ദ്ര ഏജൻസികൾക്ക് ഇടപെടാം. അറസ്റ്റിലായവരെല്ലാം നിരീശ്വരവാദികളാണ്. ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. സിപിഎമ്മിൽ ദാരിദ്ര്യം ഉണ്ടാകാതിരിക്കാൻ സ്വർണം കട്ടുകൊണ്ടിരിക്കുകയാണെന്നും എന്ന പേരിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പറഞ്ഞു.
വിവാഹ മോചന കേസുകളിലും കുടുംബ തർക്കങ്ങളിലും ഭാര്യയ്ക്കും കുട്ടികൾക്കും ജീവനാംശം നൽകുന്നതിൽ തട്ടിപ്പ് കാണിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെ കർശന നിലപാടുമായി കേരള ഹൈക്കോടതി. ജീവനാംശം കണക്കുകൂട്ടുമ്പോൾ വരുമാനം കുറച്ച് കാണിക്കാൻ വായ്പകളും ഇഎംഐകളും ഇൻഷുറൻസ് അടവുകളും കണക്കിൽ കാണിക്കുന്നതിനെതിരെയാണ് ഹൈക്കോടതി നിർദ്ദേശം. ജീവനാംശം നിശ്ചയിക്കാൻ ഭർത്താവിന്റെ വരുമാനം പരിഗണിക്കുമ്പോൾ വായ്പ തിരിച്ചടവും മറ്റും കണക്കിലെടുക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
ട്രംപ്- മംദാനി സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വച്ച് കോണ്‍ഗ്രസിനെതിരെ വീണ്ടും ശശി തരൂര്‍ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയ എതിരാളികള്‍ സഹകരിച്ച് മുന്‍പോട്ട് പോകണമെന്നും, രാജ്യ താല്‍പര്യത്തിനായി ഒന്നിച്ച് നില്‍ക്കണമെന്നും തരൂര്‍ പറഞ്ഞു. ഇന്ത്യയിലും അത്തരമൊരു സാഹചര്യമാണ് ഉണ്ടാകേണ്ടത്. തന്നാലാകും വിധം പ്രവര്‍ത്തിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.
സ്കൂൾ കായിക മേളയിലെ പ്രായത്തട്ടിപ്പ് വിവാദത്തിൽ രണ്ട് അത്‍ലറ്റുകളെ ദേശീയ സ്കൂൾ മീറ്റിനുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി കേരളം. സീനിയർ ആൺകുട്ടികളുടെ റിലേ ടീം അംഗം പ്രേം ഓജ (തിരുനാവായ നാവാമുകുന്ദ സ്കൂൾ), സബ് ജൂനിയർ ആൺ 100 മീറ്റർ താരം സഞ്ജയ് (പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂൾ) എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരുവരും മെഡൽ നേടിയിരുന്നു.
സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാകുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളതീരത്ത് 24-ാം തീയതി വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്
മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ് റദ്ദാക്കി. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ് കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ് കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് കോട്ടയത്തും യാത്ര അവസാനിപ്പിക്കും. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ് കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.
പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഗ്രേഡ് എസ്ഐക്കെതിരെ കേസെടുത്തു. എറണാകുളം പാലാ ‘രിവട്ടം സ്റ്റേഷനിലെ എസ് ഐ ബൈജുവിനെതിരെയാണ് നടപടി. എറണാകുളം കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരനാണ് പരാതിക്കാരൻ. പരാതിക്കാരനായ പൊലീസുകാരൻ പാലാരിവട്ടത്തെ ഒരു സ്പായിൽ പോയിരുന്നു. ഇവിടുത്തെ ഒരു ജീവനക്കാരിയുടെ സ്വർണ്ണമാല കാണാതായി എന്നു പറഞ്ഞാണ് എസ് ഐ 4 ലക്ഷം രൂപ പൊലീസുകാരിൽ നിന്ന് വാങ്ങിയത്. എസ്ഐയും സ്പായിലെ ജീവനക്കാരിയും ചേർന്നുള്ള തട്ടിപ്പ് എന്നാണ് ആരോപണം.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിനെ തുടര്‍ന്ന് മലപ്പുറത്ത് പഞ്ചായത്ത് ഓഫീസ് ഗേറ്റ് താഴിട്ട് പൂട്ടി യുവാവ്. മലപ്പുറം നന്നമ്പ്ര പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റാണ് യുവാവ് താഴിട്ട് പൂട്ടിയത്. സമയം വൈകിയതിനാല്‍ നാമ നിർദ്ദേശ പത്രിക സ്വീകരിക്കാത്തതിന് പിന്നാലെയാണ് കൊടിഞ്ഞി സ്വദേശി പ്രദീപ് ഗേറ്റ് പൂട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ. പോസ്റ്റർ അടിച്ച് പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പത്രിക നൽകാനായില്ല. പത്തനംതിട്ട കവിയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഇതോടെ യുഡിഎഫിന് സ്ഥാനാർത്ഥി ഇല്ല. ബിജെപിയെ സഹായിക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരി എന്നാണ് ഉയരുന്ന ആക്ഷേപം.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് പലയിടത്തും ബിജെപിക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികളില്ല. 11 പഞ്ചായത്തുകളിലായി 43 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളില്ലെന്നാണ് വിവരം. ചിറ്റൂർ തത്തമംഗലം നഗരസഭയിൽ അഞ്ച് വാർഡുകളിലും കാഞ്ഞിരപ്പുഴയിൽ എട്ട് വാർഡുകളിലും മത്സരിക്കാൻ സ്ഥാനാർത്ഥികളില്ലെന്നാണ് റിപ്പോർട്ട്.
പാലക്കാട് ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും നിഷേധിക്കുന്ന നിലപാട് സി പി എം സ്വീകരിച്ചെന്ന് തുറന്നടിച്ച് സി പി ഐ രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് പറഞ്ഞു.
കൊച്ചിയിൽ പങ്കാളിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എറണാകുളം ജില്ലാ പ്രസിഡൻ്റ് ഷൈജു അറിയിച്ചു. സജീവ ബിജെപി പ്രവർത്തനായിരുന്ന ഗോപുവിനെതിരെ ബിജെപിയുടെ കോൾ സെൻ്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു.
കൊച്ചി കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയെന്ന് കൊച്ചി എസിപി സിബി ടോം. ജോർജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. ലൈംഗികത്തൊഴിലാളിയുമായി സാമ്പത്തിക തർക്കമുണ്ടായതിനെ തുടർന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് തലക്ക് അടിച്ചെന്നാണ് ജോർജിന്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതായി എസിപി വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടി നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കുപ്പം പിഇഎസ് കോളേജ് ബിഎസ്‌സി നഴ്‌സിങ് വിദ്യാർത്ഥിനി 19കാരിയായ പല്ലവിയാണ് മരിച്ചത്. സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് മേൽനോട്ട കുറവുണ്ടായെന്ന് പല്ലവിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്‌സ്ആപ്പില്‍ കനത്ത സുരക്ഷാ പിഴവ് കണ്ടെത്തി ഗവേഷകർ. 3.5 ബില്യണിലധികം സജീവ വാട്‍സ്ആപ്പ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളും പ്രൊഫൈല്‍ വിവരങ്ങളും അനായാസം ചോർത്താൻ കഴിഞ്ഞതായി സുരക്ഷാ ഗവേഷകർ പറയുന്നു. ഇതിൽ ഇന്ത്യയിലെ 75 കോടി ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് വിവരങ്ങളും ഉൾപ്പെടുന്നു. അതേസമയം, വാട്‌സ്ആപ്പിലെ ഈ പിഴവ് ഇപ്പോൾ പരിഹരിച്ചിട്ടുണ്ടെന്നും ദുരുപയോഗത്തിന് തെളിവുകളില്ലെന്നും മെറ്റ പറയുന്നു.
റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയുന്നതിനും, വന്യമൃഗങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കുന്നതും അവയുടെ സ്വതന്ത്ര സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്നത് തടയാനുമായി ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ വനം വകുപ്പ് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. അത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കും.
ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു. 362 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എ ക്യു ഐ. ഔട്ട്ഡോർ കായിക വിനോദങ്ങൾ നിയന്ത്രിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. യമുനയിൽ വീണ്ടും വിഷപത അടിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളത്. ഛഠ് പൂജാ സമയത്ത് രാസവസ്തുക്കൾ തളിച്ച് പത നീക്കം ചെയ്തിരുന്നു. വീണ്ടും പത അടിഞ്ഞ സാഹചര്യത്തിൽ സ്പീഡ് ബോട്ടുകൾ ഇറക്കി പത നീക്കം ചെയ്യാൻ വേണ്ടിയാണ് സർക്കാർ ശ്രമം.
ദുബായിലെ എയ്റോ ഷോയ്ക്കിടെ തേജസ് വിമാനം തകർന്നുവീണതിൽ വ്യോമസേന അന്വേഷണം തുടങ്ങി.വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡർ നമൻഷ് സ്യാലാലിൻ്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലേക്ക് എത്തിക്കും. അതേസമയം അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി.
2026 ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഡി എം കെയുമായി ചർച്ച നടത്താൻ സമിതിയെ നിയോഗിച്ച് കോൺഗ്രസ്. എം കെ സ്റ്റാലിന്‍റെ പാർട്ടിയുമായി സഹകരണം തുടരുന്ന കാര്യത്തിലടക്കം ചർച്ചക്കായി 5 അംഗ സമിതിയെ ആണ് ഹൈക്കമാൻഡ് നിയോഗിച്ചിട്ടുള്ളത്. വിജയ് യുടെ പാർട്ടിയായ ടി വി കെയുമായി സഖ്യം വേണമെന്ന ആവശ്യം തമിഴ്നാട് പി സി സിയിൽ ശക്തമായതോടെയാണ് നടപടിയെന്നാണ് വ്യക്തമാകുന്നത്.
ബാബറി ദിനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ ഹുമയൂൺ കബീറിൻ്റെ പ്രസ്താവന വിവാദത്തിൽ. ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ ബാബറി മസ്ജിദ് നിർമ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂൺ കബീറിൻ്റെ പ്രസ്താവന. ഡിസംബർ 6 ന് ബാബറി മസ്ജിദിന് തറക്കല്ലിടുമെന്നും മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ പറയുന്നു. മുസ്ലിം വോട്ടിനായുള്ള നീക്കമാണ് ഹുമയൂൺ കബീറിൻ്റേതെന്ന് ബിജെപി ആരോപിച്ചു.
ചെങ്കോട്ട സ്ഫോടന കേസിൽ അറസ്റ്റിലായവരുടെ ചോദ്യം ചെയ്യലിന്‍റെ വിശദാംശങ്ങൾ പുറത്ത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് ലഭിക്കുന്ന സൂചന. രണ്ട് വർഷം നീണ്ട ഒരുക്കങ്ങൾ സ്ഫോടനത്തിനായി നടത്തിയെന്നും പ്രതികൾ പറഞ്ഞതായി വിവരമുണ്ട്.
ദില്ലിയിൽ ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ദില്ലി ക്രൈംബ്രാഞ്ച് പിടികൂടിയിരിക്കുന്നത്. സംഘത്തിന് പാക്കിസ്ഥാൻ ഐ എസ് ഐയുമായി ബന്ധമെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു. ഡ്രോണുകൾ ഉപയോഗിച്ചാണ് പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്.
ഹിന്ദുക്കളിലാതെ ലോകത്തിന് നിലനിൽക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സന്ദർശന വേളയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രീക്ക്, ഈജിപ്ത്, റോമ തുടങ്ങിയ എല്ലാ നാഗരികതകളും ഭൂമുഖത്തുനിന്ന് നശിച്ചു. നമ്മുടെ നാഗരികത ഇപ്പോഴും ഇവിടെയുണ്ടെന്നും ഭഗവത് പറഞ്ഞു.
അമേരിക്കയുടെ മധ്യസ്ഥതയിലുള്ള സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ യുക്രെയ്‌ന് ഒരാഴ്ചത്തെ സമയപരിധി നൽകി യു.എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. നവംബർ 27-നകം പദ്ധതി അംഗീകരിച്ചില്ലെങ്കിൽ കടുത്ത നടപടികളുമായി മുന്നോട്ട് പോകുമെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്‌കി പദ്ധതി അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌ൻ്റെ പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നത് ഉൾപ്പെടെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ്റെ ദീർഘകാലമായുള്ള പല ആവശ്യങ്ങളും യു.എസ്. പദ്ധതിയിൽ അടങ്ങിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടക്കുന്ന ജി ട്വന്‍റി ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും. ഉച്ചകോടിയിൽ രണ്ട് സെഷനുകളാകും ഇന്ന് നടക്കുക. വ്യാപാര രംഗത്ത് അധിക തീരുവ അടക്കമുള്ള നിയന്ത്രണങ്ങൾക്കെതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന നയവും മോദി ആവർത്തിക്കും. നാളെ ഇന്ത്യ – ബ്രസീൽ – ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്സ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
ബീജിങ് സിയോൺ ചർച്ചിലെ 18 നേതാക്കളെ ചൈനയിൽ അറസ്റ്റ് ചെയ്തു. ക്രിസ്ത്യൻ അവകാശ സംഘടനയായ ചൈനഎയ്‌ഡാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ചൈനീസ് സർക്കാരിൻ്റെ നിയന്ത്രണത്തിന് വഴങ്ങാതെ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന ഒരു പ്രധാന പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ സഭയാണ് ബീജിംഗ് സിയോൺ ചർച്ച്. വിവര വിനിമയ ശൃംഖലകൾ നിയമവിരുദ്ധമായി ഉപയോഗിച്ചതിൻ്റെ പേരിലാണ് നടപടി.
