കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ലെന്ന് സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജികൾ 26 ന് വിശദമായി പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് നടക്കുകയാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ കേരളത്തിലെ ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്ഐആർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ തുടരന്വേഷണമില്ല. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാര്‍ മുന്‍കൂര്‍ അനുമതി തേടിയ ശേഷം വീണ്ടും പരാതി നല്‍കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
മണ്ഡലകാല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരുടെ യോഗം നടക്കുന്നതിനാൽ ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിൽ എത്തും. യോഗം ചേരാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നൽകിയിരുന്നു. പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.
ശബരിമലയിൽ കർശനമായ നിയന്ത്രണങ്ങൾ വന്നതോടെ മണിക്കൂറുകളുടെ കാത്തുനിൽപ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതൽ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനിൽപ്പ് ഒഴിച്ചാൽ കാനന വഴിയിൽ എവിടെയും നീണ്ട ക്യൂ ഇല്ല. അതിനാൽ കുടിവെള്ളമടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു. സ്പോട് ബുക്കിങ് 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും.
ശബരിമല സ്വർണക്കൊള്ള കേസുമായുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തേക്കും. എന്നാൽ സ്വർണക്കൊള്ളയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദേവസ്വം ബോർഡിന്റേത് സ്വതന്ത്ര തീരുമാനമാണ് അത് സർക്കാർ അറിയണമെന്നില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും സിപിഎം മുതിർന്ന നേതാവ് പി ജയരാജൻ. ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും പി ജയരാജൻ പറയുന്നു.
തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളെന്ന് വിവരം. പത്മകുമാറിന് തിരിച്ചടിയായത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ്. ഉണ്ണി കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ പത്‌മകുമാർ എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഓഫീസുകളിലെ ക്രമക്കേട് കണ്ടെത്താൻ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ബ്ലാക്ക് ബോർഡിൽ ജില്ലയിലെ രണ്ട് ക്ലാർക്കുമാർ കുടുങ്ങി. ആലപ്പുഴ, കുട്ടനാട് ഡി ഇ ഒ ഓഫീസുകളിലെ ക്ലാർക്കുമാർ ഓൺലൈനായി 2.17 ലക്ഷം രൂപ കൈപ്പറ്റിയതായാണ് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിലെ കണ്ടെത്തൽ. പണം എന്തിനുവേണ്ടിയാണ് കൈമാറിയതെന്ന് തുടരന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെഎസ്ഇബി മസ്ദൂർ നിയമനവുമായി ബന്ധപ്പെട്ട് യോഗ്യത മാറ്റി സർക്കാർ ഉത്തരവ്. ഇനിമുതൽ അപേക്ഷകർ പത്താംക്ലാസും ഐടിഐയും പാസാകണമെന്നാണ് നിയമം. നിലവിൽ എട്ടാം ക്ലാസ് പാസാകാത്തവർക്ക് അപേക്ഷിക്കാമായിരുന്നു. എന്നാൽ കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം യോഗ്യത മാറ്റുകയായിരുന്നു. മസ്തൂർ നിയമനത്തിന് ഇനിമുതൽ വനിതകൾക്കും അപേക്ഷിക്കാമെന്നും കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റി നിർദേശിക്കുന്നു.
പിവി അൻവറിൻ്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്. കെഎസ്‍സി ലോണുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. പിവി അൻവർ ഒരു സ്ഥലത്തിൻ്റെ രേഖ വെച്ച് രണ്ട് വായ്പ്പയെടുത്തെന്നാണ് പരാതി. കൊല്ലത്തെ വ്യവസായി മുരുഗേഷ് നരേന്ദ്രൻ ആണ് പരാതിക്കാരൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും. ഇന്ന് മൂന്ന് മണിവരെ പത്രിക നൽകാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത് തൃശൂരിലാണ്. പലയിടത്തും മുന്നണികൾക്ക് ഭീഷണിയായി വിമതർ രംഗത്തുണ്ട്. ശനിയാഴ്ചയാണ് സൂക്ഷ്മപരിശോധന. പത്രിക പിൻവലിക്കാനുള്ള സമയ പരിധി തീരുന്നത് തിങ്കളാഴ്ചയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്ന് വി കെ ശ്രീകണ്ഠൻ. രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. സസ്പെൻ്റ് ചെയ്യുക മാത്രമാണ് ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴും യുഡിഎഫ് എംഎല്‍എയാണ്. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയുടെ ഔദോഗിക പാർട്ടി ചർച്ചകളിൽ പങ്കെടുക്കാറില്ലെന്നും സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തില്‍ പ്രചരണം നടത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വടക്കാഞ്ചേരി മുൻ എംഎൽഎയും എഐസിസി അംഗവുമായ അനിൽ അക്കരയ്ക്ക് പിന്തുണയുമായി എഐസിസി സെക്രട്ടറി ടിഎൻ പ്രതാപൻ. അനിൽ അക്കര വിശ്രമമില്ലാത്ത പോരാളിയാണെന്നും വലിയ പ്രതീക്ഷയാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. അടാട്ട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലാണ് എഐസിസി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ അനിൽ അക്കര മത്സരിക്കുന്നത്.
പാലക്കാട് നഗരസഭയിൽ സിപിഎം പിന്തുണയിൽ കോൺഗ്രസ് കൗൺസിലറുടെ ഭാര്യ പത്രിക നൽകി. കൗൺസിലർ മൺസൂർ മണലാഞ്ചേരിയുടെ ഭാര്യ സഫിയയാണ് സിപിഎം പിന്തുണയിൽ മത്സരിക്കുന്നത്. 38-ാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പൊതു സ്വതന്ത്രയായിട്ടാണ് മത്സരിക്കുന്നതെന്ന് മൺസൂർ പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഔദ്യോഗിക സ്ഥാനാർത്ഥി ചെമ്പകത്തെ നിർത്തിയതിൽ നേരത്തെ നേതൃത്വത്തിനരിരെ മൺസൂർ പ്രതികരിച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതയിൽ പ്രതിഷേധിച്ച് കാസർകോട് പടന്ന പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. ലീഗിന് അർഹതപ്പെട്ട സീറ്റ് കോൺഗ്രസിന് നൽകിയതിലും സ്ഥാനാർത്ഥി നിർണ്ണയത്തിൽ യൂത്ത് ലീഗിനെ പാടെ തഴഞ്ഞതിലും പ്രതിഷേധിച്ചാണ് രാജി. നേരത്തെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി യോഗത്തിലെത്തി യൂത്ത് ലീഗ് പ്രവർത്തകർ ലീഗ് നേതാക്കളെ ഉപരോധിക്കുകയും മുസ്ലീം ലീഗ് ഓഫീസ് പൂട്ടുകയും ചെയ്തിരുന്നു.
ആലപ്പുഴ ജില്ലാപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ മുസ്ലിം ലീഗിന്‍റെ തീരുമാനം. കോൺഗ്രസുമായുള്ള സീറ്റ് ചർച്ചയിൽ ധാരണയാകാത്തതിനെ തുടർന്നാണ് ലീഗിന്‍റെ കടുത്ത തീരുമാനം. അമ്പലപ്പുഴ ഡിവിഷനിൽ മുസ്ലീം ലീഗ് സ്ഥാനാഥിയെയും പ്രഖ്യാപിച്ചു. കോൺഗ്രസ് മത്സരിക്കാനിരുന്ന സീറ്റിലാണ് ലീഗ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അമ്പലപ്പുഴ ഡിവിഷനിൽ ലീഗ് സ്ഥാനാർഥി ഇന്ന് പത്രിക നൽകുമെന്നും നേതാക്കൾ വ്യക്തമാക്കി. എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ ആണ് സ്ഥാനാർഥി.
തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി തർക്കം നിലനിന്ന അമ്പലപ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംപി പ്രവീണിന് സീറ്റ് നൽകിയില്ല. എആർ കണ്ണനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മൽസ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് കണ്ണൻ.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായ പാലക്കാട് ബി ജെ പിയിലെ പൊട്ടിത്തെറിയിൽ നിലപാട് വ്യക്തമാക്കി സ്ഥിരം സമിതി അധ്യക്ഷനും ബി ജെ പി സ്ഥാനാർഥിയുമായ പി സ്മിതേഷ്. പാർട്ടിയിലെ ഒരു വിഭാഗത്തെ മാത്രം പട്ടികയിൽ പരിഗണിച്ചെന്ന നിലപാട് തനിക്കുമുണ്ടെന്ന് സ്‌മിതേഷ് വ്യക്തമാക്കി. പക്ഷേ തനിക്ക് കിട്ടിയത് ജയസാധ്യതയുള്ള സീറ്റെന്നും ബി ജെ പി സ്ഥാനാർഥി വിവരിച്ചു.
തൃശൂർ കോർപ്പറേഷനിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റാനുള്ള നീക്കവുമായി ബിജെപി. ഡോക്ടർ വി ആതിര മത്സരിക്കുവെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ആതിര അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് സ്ഥാനാർഥി മാറ്റം. ആതിരയ്ക്ക് പകരം കാനാട്ടുകര ഡിവിഷനിലെ നൃത്ത അധ്യാപികക്കാണ് സാധ്യത.
വയനാട്ടിലെ തോമാട്ട്ചാൽ ഡിവിഷനിൽ വിമതനായി മത്സരിക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ. തോമാട്ട്ചാൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ജഷീർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. തുടർന്ന് വിമതനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല.
ഫോർട്ടുകൊച്ചിയിൽ ചീനവലത്തട്ട് തകർന്ന് വിദേശികൾ അഴിമുഖത്തേക്ക് വീണു. കൊച്ചി കാണാനെത്തിയ വിദേശ സഞ്ചാരികൾ ചീനവല ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെയാണ് തട്ട് തകർന്ന് കായലിൽ വീണത്. ഏഴ് പേരാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാരാണ് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തിയത്. വലയുടെ പലകകൾ ദ്രവിച്ച നിലയിലാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സഞ്ചാരികൾ കയറുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ സ്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്കൂളിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷൻ. സ്കൂളിനെതിരെ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ചെറുതോണി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിന് കാരണം സ്കൂൾ അധികൃതരുടെ അനാസ്ഥയാണെന്നാണ് കമ്മീഷന്റെ പ്രാഥമിക നിഗമനം.
ദില്ലിയിലെ ചെങ്കോട്ട സ്ഫോടനത്തില മാസ്റ്റര്‍ മൈൻഡ് എന്ന് കരുതപ്പെടുന്ന ഉകാസ കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഹിദ് ഫൈസലാണെന്ന് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 28 കാരനായ ഇയാൾ 2012 ൽ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന് പിന്നാലെ രാജ്യം വിട്ടെന്നാണ് വ്യക്തമാകുന്നത്. രാമേശ്വരം കഫേ, മംഗളൂരു, കൊയമ്പത്തൂര്‍ എന്നിവിടങ്ങളിൽ സ്ഫോടനം നടത്തിയ പ്രതികളെ വിദേശത്തിരുന്ന് നിയന്ത്രിച്ചത് ഫൈസലായിരുന്നു. ചെങ്കോട്ട സ്ഫോടനം നടത്തിയ മുസമ്മിലിനെ നിയന്ത്രിച്ചിരുന്ന ഉകാസയും ഇയാൾ തന്നെയാണെന്നാണ് ദേശീയ അന്വഷണ ഏജൻസി കണക്കുകൂട്ടുന്നത്.
ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം കിട്ടിയതായി സൂചന. അറസ്റ്റിലായ മുസമ്മിൽ തുർക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. വിദേശത്തുള്ള ഭീകരസംഘങ്ങളുമായടക്കം ബന്ധം പുലർത്തിയ അറസ്റ്റിലായവർക്ക് വിദേശത്ത് പരിശീലനവും ലഭിച്ചിരുന്നുവെന്ന വിവരമാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് അനുമതിയില്ല. ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പൊലീസുകാരെ നിയോഗിക്കണം എന്നാണ് വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്പി അറിയിച്ചു.
ജയ്പൂരിൽ 9 വയസ്സുകാരി സ്കൂളിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഎസ്‍സി അന്വേഷണ റിപ്പോർട്ട്. കുട്ടികളുടെ സുരക്ഷ സംരക്ഷണം, വിഷയത്തിൽ സ്കൂളിന്റെ ഇടപെടൽ എന്നിവയിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും മരിച്ച ഒൻപതു വയസ്സുകാരി തുടർച്ചയായി അധിക്ഷേപങ്ങൾ നേരിട്ടിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ 06:45 ന് ഷാർജയിലെ അൽ ദൈദിൽ 13.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. രാവിലെ താപനില കുറഞ്ഞതോടെ ഉൾപ്രദേശങ്ങളിൽ അതിശൈത്യം അനുഭവപ്പെട്ടു. അതേസമയം, പകൽ താപനില ക്രമേണ ഉയരുന്ന സാഹചര്യത്തിൽ അധികൃതരും കാലാവസ്ഥാ വിദഗ്ധരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
കർണാടകയെ നടുക്കിയ ബെംഗളൂരുവിലെ 7 കോടിയുടെ കവർച്ച കേസിൽ നിർണായക സൂചനകൾ പൊലീസിന് ലഭിച്ചു. എ ടി എമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടി കൊള്ളയടിച്ച സംഭവത്തിലെ മുഖ്യ സുത്രധാരർ രണ്ട് മുൻ സൈനികരെന്നാണ് പൊലീസിന് ലഭിച്ച സൂചന. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം നൽകിയ ആളെ അടക്കം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കേസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറിന്‍റെ രജിസ്‍ട്രേഷൻ നമ്പർ അന്വേഷിച്ച് പൊലീസ് എത്തിയത് 78കാരനായ ഗംഗാധറിന്‍റെ വീട്ടിൽ.
അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിവെച്ച് ദില്ലി മെട്രോയ്ക്ക് മുന്നിൽ ചാടി പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിൽ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമർശവും കണക്കിലെടുത്താണ് സ്കൂളിന്റെ നടപടി.
ദുബായ് എയർഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ പ്രചാരണം തെറ്റെന്ന് കേന്ദ്ര സർക്കാർ. ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ദുബായ് പോലെ അന്തരീക്ഷ ആർദ്രത കൂടിയ പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കുമ്പോൾ ഇത് ചെയ്യാറുള്ളതാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിശദീകരിച്ചു.
യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി ചീഫ് ജസ്റ്റിസ് ബിആർ ഗവായ്. അംബേദ്കറാണ് തന്റെ വഴികാട്ടിയെന്നും തന്റെ വിധിയിലൂടെ പൗരാവകാശമുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചതെന്നും ബിആർ ഗവായ് പറഞ്ഞു. അധികാര പദവി ജനസേവനത്തിനുള്ള മാർഗമായിട്ടാണ് കാണുന്നത്. തന്റെ പ്രയാണത്തിൽ സുപ്രീം കോടതിയിലെ സമൂഹം നൽകിയ പിന്തുണ വലുതാണെന്നും ബിആർ ഗാവായ് പറഞ്ഞു. പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് തിങ്കളാഴ്ച്ച സ്ഥാനമേൽക്കും.
ബംഗ്ലാദേശിൽ ഭൂചലനം. ഭൂചനത്തിന്റെ പ്രകമ്പനം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും കൂടി അനുഭവപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 10:08 നാണ് നഗരത്തിന്റെ പല ഭാഗങ്ങളിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക്- പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈൻ. യുദ്ധം അവസാനിപ്പിക്കാൻ സമാധാന പദ്ധതിയുടെ 28 പോയിന്‍റ് കരാറിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയതായി എൻബിസി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ട്രംപിന്റെ പ്രതിനിധികൾ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് യുക്രെയ്ൻ പറയുന്നത്. കരാറിൽ തീരുമാനമായാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടൽ.
