മദ്ധ്യാഹ്ന വാർത്തകൾ 20260911 194924 0000

 

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. റഷ്യൻ പ്രസിഡൻ്റിന് തിരുവള്ളുവർ രചിച്ച തിരുക്കുറലിൻ്റെ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി സമ്മാനിച്ചു. റഷ്യ – യുക്രെയ്ൻ സംഘർഷം പരിഹരിക്കുന്നതിനുള്ള സാധ്യത കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും വിലയിരുത്തി.

 

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ച് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

 

വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം. സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി സണ്ണി ജോസഫ്മടങ്ങി.

 

എറണാകുളം വൈറ്റില സിൽവർ സാൻഡ് ഐലന്‍റിലെ ചന്ദർ കുഞ്ജ് പാർപ്പിട സമുച്ഛയം പൊളിച്ച് മാറ്റാൻ ഹൈക്കോടതി അനുമതി. ടെണ്ടർ നടപടി ചോദ്യം ചെയ്ത് ചെന്നൈ അസ്ഥാനമായ പി.കെ യുനീക് കമ്പനി നൽകിയ ഹർ‍ജി ഹൈക്കോടതി തള്ളി. ജില്ലാ ഭരണകൂടം തെരഞ്ഞെടുത്ത എഡിഫെയ്സ് കമ്പനിയ്ക്ക് നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിക്കലുമായി മുന്നോട്ട് പോകാമെന്ന് കോടതി വ്യക്തമാക്കി.

 

കേരളത്തിൽ സൈബർ ആക്രമണങ്ങളും വ്യക്തിഹത്യകളും പെരുകിവരുന്ന സാഹചര്യത്തിൽ സമൂഹവും ഭരണകൂടവും അതീവ ജാഗ്രത പുലർത്തണമെന്ന് കെ.സി.ബി.സി. വസ്തുതകൾ വളച്ചൊടിച്ചും വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സംഘടിത വേട്ടകൾ നിരവധി ആത്മഹത്യകൾക്കും കുടുംബബന്ധങ്ങളുടെ തകർച്ചയ്ക്കും കാരണമാകുന്നതായി കമ്മീഷൻ ചൂണ്ടികാട്ടി.

 

സംസ്ഥാനത്ത് യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള എസ്എഫ്ഐ വേട്ടയാണ് നടക്കുന്നതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് .കോളേജുകളിലും സ്കൂളുകളിലും പോളിടെക്നിക്കുകളിലും തിരഞ്ഞെടുപ്പ് നടക്കുന്ന നിർണായക ഘട്ടത്തിൽ എസ്എഫ്ഐ നേതാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

 

മൈ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് മെമ്മോ. എഡിജിപി പി വിജയന്റെ മിന്നൽ സന്ദർശനത്തിന് പിന്നാലെയാണ് നടപടി. മൈ പൊലീസ് സ്‌റ്റേഷനെ കുറിച്ച് എഡിജിപി ചോദിച്ച ചോദ്യങ്ങൾക്ക് പൊലീസുകാർക്ക് ഉത്തരം അറില്ലായിരുന്നു.

 

സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി. ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്നും പുറത്താക്കണം എന്നാണ് ലീഗ് അനുകൂലികൾ ആവശ്യപ്പെടുന്നത്.

 

കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത എസ്എഫ്ഐ പ്രവർത്തകർക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകി. വിസിയ്ക്കെതിരായ സമരത്തിന്റെ പേരിലായിരുന്നു 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്.

 

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവർ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസിൽ പ്രോസിക്യൂഷന്‍ അനുമതി വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണോ എന്ന് ചോദിച്ച കോടതി, വെള്ളിയാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്ത് അറിയിക്കണമെന്ന് സർക്കാറിന് നിർദ്ദേശം നൽകി.

 

ചെക്ക് കേസിൽ തടവ് ശിക്ഷിക്കപ്പെട്ട പാലാ എംഎൽഎ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിലെ പരാതിക്കാരനായ പ്രവാസി വ്യവസായി ആണ് ഹർജി നൽകിയത്. സെപ്റ്റംബർ ഒന്ന് മുതൽ മാണി സി കാപ്പൻ അയോഗ്യനാണ് എന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.

 

വന്ദേമാതര ആലാപനത്തിൽ കോണ്‍ഗ്രസ് കൗൺസിലർമാർ പ്രമേയം അവതരിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് ബഹളം തുടങ്ങിയത്. യുഡിഎഫ് കൗൺസിലർമാർക്കൊപ്പം സിപിഎം കൗൺസിലർമാരും നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ പരസ്പരം കയ്യാങ്കളിയിലേക്ക് നീങ്ങി.

 

ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം. എടത്വ സ്റ്റേഷനിലെ ബോട്ട് ലാസ്കർ മുഹമ്മദ് ഷായാണ് ഏകദിനപ്രതിഷേധം നടത്തിയത്.

 

ആലപ്പുഴ നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി.ഇന്ന് പുലർച്ചയാണ് മോഷണം നടന്നതെന്ന് കരുതുന്നു. നഷ്ടപ്പെട്ട ടാപ്പുകളെല്ലാം പിച്ചള നിർമിതമാണ്.ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകിയെന്ന് പിടിഎ പ്രസിഡന്‍റ് അഫ്സൽ പറഞ്ഞു.

 

ക്ഷേത്രത്തിൽ നിന്നും ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പോലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശി വി എം വിപിൻ കുമാറാണ് അറസ്റ്റിലായത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വെച്ചാണ് കഴിഞ്ഞ ദിവസം മോഷണം നടത്തിയത്.

 

ഓസ്ട്രേലിയയിലും ലണ്ടനിലും ജോലി വാഗ്ദാനം ചെയ്ത് വിഴിഞ്ഞം സ്വദേശികളിൽ നിന്നും നിന്നും 21 ലക്ഷം തട്ടിയെടുത്തതായി പരാതി.കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയിൽ കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന,ജീവനക്കാരൻ ഷഫീക്ക് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

 

ഉത്തർപ്രദേശിലെ ഫത്തേപ്പൂരിൽ മോശം മൊബൈൽ നെറ്റ്‌വർക്ക് സേവനത്തിൽ പ്രതിഷേധിച്ച് ടെക്നീഷ്യനെ നാട്ടുകാർ മൊബൈൽ ടവറിൽ കെട്ടിയിട്ടു. ഫത്തേപ്പൂരിലെ ബിന്ദ്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹർദൗലി ഗ്രാമത്തിലാണ് വ്യാഴാഴ്ച സംഭവം നടന്നത്. ടെക്നീഷ്യനെ കെട്ടിയിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

രാജസ്ഥാനിലെ ജയ്പൂരിൽ ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊന്നു. ജയ്പൂരിലെ ഗോവിന്ദ്പുരയിലാണ് സംഭവം തറയോടും കോൺക്രീറ്റ് കട്ടകളും ഉപയോഗിച്ച് ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെയും, 3 മക്കളെയും തലക്കടിച്ച് കൊല്ലുകയായിരുന്നു കൊലപാതകത്തിന് ശേഷം ഒളിവിൽപോയ പ്രതി രാഹുൽധാ ക്ക് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.

 

മുംബൈയിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി യുവാവ് കടന്നുകയറിയത് പ്രതിശ്രുത വധുവിന് മുന്നിൽ മതിപ്പുണ്ടാക്കാനെന്ന് പൊലീസ്.പ്രതിശ്രുത വധുവിന് മുന്നിൽ തന്റെ അന്തസ്സും പ്രാധാന്യവും വർദ്ധിപ്പിച്ച് മതിപ്പുണ്ടാക്കുക മാത്രമായിരുന്നു ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യമെന്നും ഇയാൾ പോലീസിന് മൊഴി നൽകി.

 

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ 15 മുതൽ 20 ശതമാനം വരെ ഓഹരികള്‍ സ്വന്തമാക്കാൻ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി സിഎസ്‌കെ ടീം മാനേജ്‌മെന്‍റ്. എന്നാൽ, ഫ്രാഞ്ചൈസിയിൽ ചെറിയൊരു ശതമാനം ഓഹരി നിലവിൽ ധോണിയുടെ പക്കലുണ്ടെന്ന് സിഎസ്കെ വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *