20251017 141017 0000

ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ നിർണായക വാർത്താസമ്മേളനം വിളിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിൽ കോണ്‍ഗ്രസിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവിടെ പറയുന്നത് എല്ലാം 100% സത്യമാണെന്നും ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം തുടങ്ങിയത്. ഇക്കാര്യം യുവജനങ്ങളോടാണ് സംസാരിക്കുന്നതെന്നും നിങ്ങളുടെ ഭാവി കവരുന്നതാണ് ഇതെന്നും രാജ്യത്തെ ജെൻ സി ഇത് തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

എസ് ഐ ആറിനെതിരായ തുടർ നടപടികൾ തീരുമാനിക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം ഇന്ന് വൈകിട്ട് നാലരയ്ക്ക് ചേരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം യോഗത്തിൽ പങ്കെടുക്കും. എസ് ഐ ആറിനെതിരെ എൽ ഡി എഫും യു ഡി എഫും യോജിച്ചുള്ള നിയമ രാഷ്ട്രീയ പോരിന് തീരുമാനമെടുത്തേക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തിന്‍റെ ബ്ലാങ്ക് ചെക്ക് നൽകിയെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്.

 

കേന്ദ്ര സർക്കാരിൻ്റെ എസ്എസ്കെ പണം കിട്ടിയെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. കുഞ്ഞുങ്ങൾക്ക് അർഹതപ്പെട്ട ഫണ്ടാണിത്,  17 കോടി കിട്ടാനുണ്ട് അത് ഈ ആഴ്ച ലഭിച്ചേക്കുമെന്നും, പിഎം ശ്രീയിൽ ഒപ്പിട്ടത് കൊണ്ടുള്ള നേട്ടമാണോ കോട്ടമാണോ എന്ന് പറയുന്നില്ല നമുക്ക് കാര്യം നടന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. അതേസമയം പി എം ശ്രീയുമായി ബന്ധപ്പട്ട് കേന്ദ്രത്തിന് കത്ത് അയക്കുന്നതിൽ കാലതാമസം ഇല്ല, സ്വാഭാവിക നടപടിക്രമം മാത്രമാണിതെന്നും  നിയമോപദേശം കിട്ടിയാൽ ഉടൻ അയക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കത്ത് വൈകുന്നു എന്ന വിഷമം സിപിഐക്കില്ല, ചില പത്രങ്ങൾക്ക് വലിയ വിഷമമാണ് പ്രശ്നം തീർന്നല്ലോ എന്ന് കരുതി ചിലർ ഏങ്ങിയേങ്ങി കരയുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

പിഎം ശ്രീ പദ്ധതിയിലെ തുടർനടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്രത്തിന് അയക്കാത്തതിൽ സിപിഐക്ക് അതൃപ്‌തി. രാഷ്ട്രീയ തീരുമാനം എടുത്തിട്ടും കത്ത് അയക്കാൻ വൈകുന്നതിലാണ് അമർഷം. സാങ്കേതിക വാദങ്ങൾ നിരത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കത്ത് അയക്കാൻ വൈകുന്നത്. വിഷയം മന്ത്രിസഭാ യോഗത്തിൽ സിപിഐ ഉന്നയിക്കാൻ സാധ്യതയുണ്ട്.

 

മന്ത്രിമാർക്കെതിരെയുള്ള കൈക്കൂലി ആരോപണം വസ്തുതകളിൽ സമഗ്ര പരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ഹൈക്കോടതി. ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതുകൊണ്ടുമാത്രം കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിമാരോടോ ഉന്നത ഉദ്യോഗസ്ഥനോടോ വിദ്വേഷമുള്ള ആർക്കും കൈക്കൂലി ആരോപണം ഉന്നയിക്കാനാകും. റേഷന്‍ ഡിപ്പോ കൈക്കൂലി കേസില്‍ മുൻ മന്ത്രി അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.

 

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഔദാര്യമല്ലെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. അതിദാരിദ്രം മാറിയതിന്റെ കണക്ക് പെരുപ്പിച്ച് കാട്ടരുതെന്നും അഞ്ചു വർഷം കൂടി ഭരണം തട്ടാനാണിത്, ഞങ്ങളെ ഭരണം ഏൽപ്പിക്കൂ, വീട് പണിതു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം എംപിയ്ക്ക് പദ്ധതികൾ നേരിട്ട് നടത്താൻ നിയമം വേണം, ചാവക്കാട് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അനുമതി തരുന്നില്ലെന്നും  ജനങ്ങൾക്കാണ് നഷ്ടം, നിസ്സഹകരണമാണ് എല്ലായിടത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു.

 

ഇരിട്ടി പഴശ്ശി-പടിയൂർ ഇക്കോ പ്ലാനറ്റിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി 2,38,69,335 രൂപയുടെ ഭരണാനുമതി നൽകി സംസ്ഥാന സർക്കാർ. കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലാസവേളകൾ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാകാൻ പോകുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

 

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഇന്നും ഗവൺമെന്റ് ഡോക്ടർമാരുടെ സമരം. ഒപി ബഹിഷ്കരിച്ചാണ് കെജിഎംസിടിഎയുടെ സമരം. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന് ഓപിയിൽ ഉണ്ടാവൂ. 4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്.

 

ശബരിമല സ്വർണ്ണപ്പാളി കേസിൽ ശാസ്ത്രീയ അന്വേഷണത്തിന് എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. ഇതിനായി വിവിധ ഇടങ്ങളിൽ നിന്ന് സ്വർണ്ണ സാമ്പിൾ ശേഖരിക്കാം, എന്തുമാത്രം സ്വർണം നഷ്ടപ്പെട്ടു എന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ടെന്നും  ശ്രീകോവിലിൽ പുതിയ വാതിൽ വച്ചതിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് കോടതി നിർദേശം നൽകി. ആരെല്ലാം സ്വർണ്ണക്കൊള്ളയുടെ ഭാഗമായോ അവരിലേക്ക് എല്ലാം അന്വേഷണം എത്തണമെന്നും  ദേവന്റെ സ്വത്ത് സംരക്ഷിക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

 

വാജി വാഹനവുമായ ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടിലേക്ക് നിശ്ചയിച്ചിരുന്ന സമരം ഉപേക്ഷിച്ച് അയ്യപ്പ ധർമ്മ പ്രചാര സഭ. വാജി വാഹനം മടക്കി കൊടുക്കാൻ തന്ത്രി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് പിന്മാറ്റം. നവംബർ 15 നു തന്ത്രിയുടെ വീട്ടിലേക്കു സമരം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. വാജി വാഹനം തിരിച്ചെടുക്കണമെന്ന തന്ത്രിയുടെ അപേക്ഷ ബോർഡിൻ്റെ പരിഗണനയിലാണ്.

 

ബിരിയാണി അരിയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, അരി ബ്രാൻ്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുൽഖർ സൽമാനുമെതിരെ നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബർ മൂന്നിന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.പത്തനംതിട്ട സ്വദേശിയായ പിഎൻ ജയരാജനാണ് പരാതി സമർപ്പിച്ചിരിക്കുന്നത്.

 

 

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം റാപ്പർ വേടൻ എന്ന് അറിയപ്പെ‌ടുന്ന ഹിരൺദാസ് മുരളിക്ക് നൽകിയതിൽ അതൃപ്തി അറിയിച്ച് തിരക്കഥാകൃത്തും എഴുത്തുകാരിയുമായ ദീദി ദാമോദരൻ. വേടന് നൽകിയ പുരസ്കാരം അന്യായമാണെന്നും സ്ത്രീപീഡകരെ സംരക്ഷിക്കില്ലെന്ന സർക്കാർ പ്രഖ്യാപനത്തിന്റെ വഞ്ചനയാണെന്നും ദീദി പറയുന്നു. കോടതി കയറിയാൽ പോലും റദ്ദാക്കാനാവാത്ത തീരുമാനം ചലച്ചിത്ര ചരിത്രത്തിൽ എഴുതിച്ചേർത്തതിന് ഫിലിം ജൂറി പെൺകേരളത്തോട് മാപ്പ് പറയണമെന്നും ദീദി അവർ ആവശ്യപ്പെട്ടു.

 

മുസ്ലിം പുരുഷന്‍റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാൻ ആദ്യ ഭാര്യയുടെ ഭാഗം കേൾക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിർത്താൽ വിവാഹ രജിസ്ട്രേഷൻ അനുവദിക്കരുത് എന്നും കോടതി നിർദ്ദേശിച്ചു. രണ്ടാം വിവാഹ രജിസ്ട്രേഷൻ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ കണ്ണൂർ സ്വദേശികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

 

മൂന്നാറിൽ മുംബൈ സ്വദേശിയായ യുവതിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനുള്ള ശുപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറി. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റും റദ്ദാക്കും. സംഭവത്തിൽ അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു.

 

കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത് സ്കൂട്ടറിലാണെന്ന് സൂചന. പ്രതി രക്ഷപ്പെട്ട വിയ്യൂർ മണലാർ കാവിൽ നിന്ന് കടുംനീല നിറത്തിലുള്ള ആക്ടിവ സ്കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചു. ഈ സ്കൂട്ടറിലാണോ ബാലമുരുകൻ രക്ഷപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി.

 

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ മരണം സ്ഥിരീകരിച്ചു. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്.  അതേസമയം, രോഗപ്പകർച്ചയുടെ ഉറവിടം വ്യക്തമല്ല.

 

കണ്ണൂർ കുറുമാത്തൂരിൽ രണ്ട് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെയാണ് രണ്ടു മാസം പ്രായമായ ആമിഷ് അലനെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണെന്നായിരുന്നു അമ്മ പൊലീസിന് മൊഴി നല്‍കിയത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ മുങ്ങി മരണമാണെന്ന് തെളിഞ്ഞു.

 

 

തൃശ്ശൂരില്‍ ഫിറ്റ്നസ് പരിശീലകനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒന്നാംകല്ലിൽ സ്വദേശിയായ മാധവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് മാധവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 28 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം.

 

പശ്ചിമ ബംഗാളിൽ യുവാവ് ജീവനൊടുക്കി. ഹൗറ സ്വദേശി 30 കാരനായ ജാഹിർ മാലാണ് മരിച്ചത്. ഉലുബെരിയയിലെ ഖലിസനി സ്വദേശിയായിരുന്നു. ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങമരിച്ച നിലയിലാണ് ഇദ്ദേഹ്ത്തെ കണ്ടെത്തിയത്. ഐഡി കാർഡിലെ പേരിൽ അക്ഷരത്തെറ്റ് കണ്ടെത്തിയതിനെ തുടർന്ന് യുവാവ് കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് കുടുംബം പറയുന്നത്.

 

 

ദാദ്ര നഗർ ഹവേലിയിലും ദാമൻ ദിയുവിലും തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിന് പിന്നാലെ ഗുരുതര ക്രമക്കേട് നടന്നെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സഹായത്തോടെ ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആകെയുള്ള 122 സീറ്റിൽ 91 ലും ബിജെപി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിലാണ് വിവാദം. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥികളിൽ 80 ശതമാനം പേരുടെയും പത്രികകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്നാണ് ആരോപണം.

 

ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ നേട്ടം.പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ.

 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ ഉദ്ധരിച്ച് ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനിയുടെ ആദ്യ പ്രസംഗം. ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ ഒരു നിമിഷം വരൂ, പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ. ഇന്ന് രാത്രി, നമ്മൾ പഴമയിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗം.

 

മേയർ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ സൊഹ്റാൻ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിന്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നുവെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു. മേയറായി സിപിഎമ്മിന്റെ ആര്യാ രാജേന്ദ്രൻ ചുമതലയേറ്റപ്പോൾ സൊഹ്റാൻ മംദാനി അഭിനന്ദിച്ച് പോസ്റ്റിട്ടിരുന്നു.

 

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. പതിനഞ്ചാമത്തെ സെനറ്റോറിയൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമാണ് ഹാഷ്മി. ഹാഷ്മിയുടെ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റിൽ ഒഴിവുവന്നു.

 

മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു. യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച് വെറും നാല് വർഷത്തിന് ശേഷമാണ് ഈ പുരോഗതി ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

 

ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ സൈനിക അഭ്യാസംഈമാസം 11 മുതൽ 15 വരെ അരുണാചലിൽ ആണ് പരിപാടി. പുതിയതായി രൂപീകരിച്ച ഭൈരവ് ബറ്റാലിയനും ഇതിന്‍റെ ഭാഗമാകും. പാക് അതിർത്തി മേഖലയിലാണ് ഇന്ത്യയുടെ ത്രിശൂല്‍ സൈനികാഭ്യാസം. സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലയിലാണ് സൈനികാഭ്യാസം നടക്കുന്നത്. മൂന്ന് സേനകളും പങ്കെടുക്കുന്ന സൈനികാഭ്യാസം പത്ത് ദിവസം നീണ്ടുനില്‍ക്കും. വ്യോമപാത ഒഴിവാക്കാൻ വൈമാനികർക്ക് നിർദേശം നൽകിയിട്ടുണ്ട്.

 

ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാർ. ഇന്ത്യയുടെയും ഭൂട്ടാന്‍റെയും ആഭ്യന്തര സെക്രട്ടറിമാർ കേസ് ചര്‍ച്ച ചെയ്തു. അതിര്‍ത്തി വഴിയുള്ള കള്ളക്കടത്തിന്‍റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ശക്തമാക്കുമെന്ന് ഇരുരാജ്യങ്ങളും ചേർന്ന് തീരുമാനിച്ചു. അതിര്‍ത്തിയിലെ പഴുതുകൾ അടച്ച് പരിശോധന സംവിധാനം ശക്തിപ്പെടുത്തും. ഭൂട്ടാന് റോയൽ കസ്റ്റംസുമായി അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

 

അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. കെൻ്റിക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാർസൽ സർവീസ് കമ്പനിയുടെ ചരക്ക് വിമാനം തകർന്നത്. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാൾ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു.വിമാനത്താവളം ഉൾപ്പെടുന്ന വ്യവസായ മേഖലയിലാണ് വിമാനം തകർന്നു വീണത്.

 

മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച് കൽമേഗി ചുഴലിക്കാറ്റ്. കനത്ത കാറ്റിലും മഴയിലും ഇതുവരെ 58 പേർ മരിച്ചു. ബുധനാഴ്ചയും ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങവേ പലാവാൻ ദ്വീപിന്റെ ചില ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. മിൻഡാനാവോ ദ്വീപിലെ അഗുസാൻ ഡെൽ സുറിൽ രക്ഷാ ദൗത്യത്തിനിടെ ഹെലികോപ്റ്റർ തകർന്ന് ആറ് സൈനികർ മരിച്ചവരിൽ ഉൾപ്പെടുന്നു.

 

ലിയോണല്‍ മെസിയെ കുറിച്ച് സംസാരിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അര്‍ജന്റൈന്‍ താരം മെസി തന്നെക്കാള്‍ മികച്ച താരമല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ക്രിസ്റ്റ്യാനോ. മെസി തന്നേക്കാള്‍ കേമനാണെന്ന അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിൻ റൊണാള്‍ഡോ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *