ട്രെയിനിലെ സുരക്ഷയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ ശ്രദ്ധ കാണിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. വർക്കലയിൽ ട്രെയിനിൽ യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലുള്ള യുഡിഎഫിന്റെ എംപിമാരും ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും മന്ത്രി പറഞ്ഞു.
വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽക്കൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊലീസും സ്ഥിരീകരിച്ചു. ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്.
വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് 19കാരി ശ്രീക്കുട്ടിയെ തള്ളിയിട്ട പ്രതി സുരേഷ് കുമാറിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. സഹയാത്രികരായിരുന്ന 2 പേരാണ് തിരിച്ചറിഞ്ഞത്. പെൺകുട്ടിയുടെ സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ടെന്നാണ് ഇവരുടെ മൊഴി. ജനറൽ കംപാർട്ട്മെന്റിലുണ്ടായിരുന്ന രണ്ട് പുരുഷൻമാരാണ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് മൊഴി നൽകിയിരിക്കുന്നത്. ഇവർ തമ്പാനൂരുള്ള കേരള റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തുകയും ഈ പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
വർക്കല ട്രെയിൻ അതിക്രമവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടി യാത്ര ചെയ്തിരുന്ന കേരള എക്സ്പ്രസിൽ സുരക്ഷയ്ക്കായി ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. ട്രെയിനിൽ ആർപിഎഫിന്റെയോ കേരള റെയിൽവേ പൊലീസിന്റെയോ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല. അതേസമയം, ക്രൈം പാറ്റേൺ അനുസരിച്ചാണ് പൊലീസിനെ വിന്യസിക്കുന്നതെന്നാണ് ആർപിഎഫിന്റെ വിശദീകരണം.
വർക്കലയിൽ മദ്യ ലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടി അപകടനില തരണം ചെയ്തു. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതി പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ കുറ്റം സമ്മതിച്ചു.
വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു. സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിനായി 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ വർഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആർടിസിയ്ക്ക് നൽകി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെൻഷൻ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചതെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി .
നെല്ല് സംഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. കർഷകരുടെ വികാരം ന്യായമാണ്. സർക്കാർ കർഷകരുടെ വികാരത്തിനൊപ്പമാണ്. വിഷയത്തിൽ മില്ലുടമകളെ വിമർശിച്ച മന്ത്രി നെല്ല് വില കുറച്ചുകിട്ടാനുള്ള തന്ത്രമാണെന്നും വിമർശിച്ചു.
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാറിനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല മാറ്റമെന്നും പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ആശാ സമരത്തെ പ്രകീർത്തിച്ചത് കൊണ്ടാണ് പ്രേംകുമാറിനോട് അനിഷ്ടം ഉള്ളത് എന്ന വാദം ശരിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ആദ്യത്തെ വർക്ക് നിയർ ഹോം കേന്ദ്രം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. മന്ത്രി കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ‘സ്കില്ലിംഗ് കളമശ്ശേരി യൂത്ത്’ (സ്കൈ) പദ്ധതിയുടെ ഭാഗമായാണ് വർക്ക് നിയർ ഹോം യാഥാർഥ്യമായത്. വീടിനടുത്ത് തന്നെ പ്രൊഫഷണൽ ആംബിയൻസ്, ലാപ്‌ടോപ്പ്, വൈഫൈ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരു കെട്ടിടത്തിനുള്ളിൽ ഒരുക്കി സമാധാനപരമായ തൊഴിൽ സാഹചര്യം ഒരുക്കുന്ന സംവിധാനമാണ് വർക്ക് നിയർ ഹോം.
മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നുവെന്നും വരുന്ന മാർച്ചിൽ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നൽകിയെന്നും വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറിൽ കളി നടക്കേണ്ടത് ആയിരുന്നുവെന്നും സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.
താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ ലീഗ് പ്രതിഷേധ സംഗമത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. ശുദ്ധവായു നശിപ്പിക്കുന്നതിലും വലുത് അല്ല ഒരു ബിസിനസുമെന്നും ബലം പ്രയോഗിച്ചു ഒന്നും നടത്താൻ ആകില്ലെന്നും ജനങ്ങളെ ദുരിതത്തിൽ ആക്കിയിട്ടല്ല മാലിന്യ സംസ്കരണം നടത്തേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോഴിക്കോട് മാലിന്യ സംസ്കരണം കുത്തക ആക്കിയതാണ് പ്രശ്നമെന്നും ജനങ്ങളെ അടിച്ചമർത്തി ഫ്രഷ് കട്ട് തുറക്കാം എന്ന് കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസ് ബിജെപി ധാരണയെന്നും ആ ധൈര്യത്തിലാണ് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതെന്നും മന്ത്രി വി ശിവൻകുട്ടി. ശബരിനാഥനെ ഇറക്കിയാലും കോർപ്പറേഷൻ പിടിക്കാൻ ആവില്ലെന്നും , വി.ഡി സതീശൻ തന്നെ മത്സരിച്ചാലും എൽഡിഎഫ് മികച്ച വിജയം നേടുമെന്നും കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എക്സൈറ്റഡ് ആണെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. ജില്ലയുടെ മുന്നേറ്റമാണ് ആഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. താൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതോടെ കോൺഗ്രസിനെ പിന്തുണക്കുന്ന സ്ലീപ്പർ സെല്ലുകൾ ആക്ടീവായി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ മേയര്‍ എം കെ വര്‍ഗീസിനെ സ്വാഗതം ചെയ്ത് ബിജെപി. വര്‍ഗീസിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയത്തെ സ്വാഗതം ചെയ്യുന്നയാളാണ് മേയര്‍. ഇടതു മുന്നണി അഞ്ച് കൊല്ലം മേയറെ കൂച്ചുവിലങ്ങിടുകയായിരുന്നു. ബിജെപിയിലേക്ക് എത്തിയാല്‍ മേയര്‍ക്ക് പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച് അര്‍ഹമായ പരിഗണന നല്‍കുമെന്നും ബിജെപി സിറ്റി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡൻറ് എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. മുൻ ദേവസ്വം കമ്മീഷണറും പ്രസിഡൻ്റുമായിരുന്ന എൻ വാസുവിൻ്റെ പിഎ സുധീഷ് കുമാറിന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് വാസുവിനെ എസ് ഐടി ചോദ്യം ചെയ്തിരിക്കുന്നത്. അതേ സമയം, ശബരിമല സ്വർണ്ണക്കർവച്ചാ കേസിൽ അറസ്റ്റിലായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ്കുമാറിനെ കോടതി റിമാൻഡ് ചെയ്തു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയിൽ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു നൽകും.
ഇടുക്കി മൂന്നാറിൽ മുംബൈ സ്വദേശിനിയെ ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് അവര്‍ മുബൈയിൽ നിന്ന് കേരളത്തിലെത്തിയത്. ഇന്ത്യയിൽ ഏറ്റവും സുരക്ഷിതമായ ടൂറിസം കേന്ദ്രമാണ് കേരളം. മൂന്നാറിൽ നടന്നത് നെഗറ്റീവ് സംഭവമാണെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂർ കുന്നോത്ത്പറമ്പ് ഡിവൈഎഫ്ഐ സമ്മേളനത്തിലെ അനുശോചന പ്രമേയത്തിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിനെ രക്തസാക്ഷിയാക്കി. കഴിഞ്ഞ വർഷമാണ് കണ്ണൂർ പാനൂർ മുളിയാംന്തോടിലെ ഷെറിൽ കൊല്ലപ്പെട്ടത്. ഷെറിലിന് സംഘടനയുമായി ബന്ധമില്ലെന്നായിരുന്നു ഡിവൈഎഫ്ഐയുടെ അന്നത്തെ നിലപാട്. ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട ആളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്കിയിരുന്നു.
സൈബർ തട്ടിപ്പ് സംഘത്തെ കണ്ടെത്താനുള്ള പൊലീസിന്‍റെ ഓപ്പറേഷന്‍ സൈ ഹണ്ടിൽ തട്ടിപ്പ് സംഘത്തിന്‍റെ ഇടനിലക്കാരൻ അറസ്റ്റിൽ. ഊരമ്പ്, ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പൊലീസിന്‍റെ പിടിയിലായത്. നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ഇയാള്‍ അന്തര്‍ദേശീയ തലത്തില്‍ ഉള്‍പ്പെടെ തട്ടിപ്പ് നടത്തി പ്രതിമാസം സമ്പാദിച്ചിരുന്നത് 20 ലക്ഷത്തിലധികം രൂപയായിരുന്നു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു. കൊച്ചിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് സ്ഥിരീകരിച്ചതെന്നും ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.
കണ്ണൂരിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ കോണിപ്പടിയിൽ വീണ് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിലാണ് സംഭവം. കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശി ജിനേഷാണ് മരിച്ചത്. 45 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് ഇയാൾ ആശുപത്രിയിലെ കോണിപ്പടിയിൽ നിന്ന് വീണ് മരിച്ചത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് വെള്ളിയാഴ്ചയെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമർപ്പിക്കാൻ അമിക്കസ് ക്യൂറിക്ക് നിർദേശം നൽകി. അതേസമയം പൊതുസ്ഥാലങ്ങളിൽ നായകൾക്ക് ഭക്ഷണം നൽകുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സംവിധാനമായ വന്ദേ ഭാരതിന്‍റെ സ്ലീപ്പർ ട്രെയിനുകൾക്കായുള്ള കാത്തിരിപ്പ് നീളാൻ സാധ്യത. ഫർണിഷിംഗിലെയും നിർമ്മാണ നിലവാരത്തിലെയും പ്രശ്‌നങ്ങളാണ് ഈ കാലതാമസത്തിന് കാരണമായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടുന്നത്.
ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം ,വർഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാർ സഭ കുറ്റപ്പെടുത്തി. ഒരു വിഭാഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണിത്., വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിർത്തിയാണിതെന്നും സഭ വ്യക്തമാക്കി.
ലോൺ തട്ടിപ്പ് കേസിൽ റിലയൻസ് അംബാനി ഗ്രൂപ്പിന്റെ വസ്തുവകകൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അനിൽ അംബാനിയുടെ 3000 കോടിയുടെ വസ്തുവകകളാണ് കണ്ടുകെട്ടിയത്. ദില്ലി, നോയിഡ, ഗാസിയാബാദ്, മുംബൈ, പൂന, താനെ, ഹൈദരാബാദ്, ചെന്നൈ, കാഞ്ചീപുരം, ഈസ്റ്റ് ഗോദാവരി തുടങ്ങി 40 ഇടങ്ങളിലെ വസ്തുവകകൾ ഇഡി കണ്ടുകെട്ടി. സംഭവത്തിൽ റിലയൻസ് ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ടൂർണമെൻ്റിലുടനീളം ഇന്ത്യൻ ടീം കാഴ്ചവെച്ച പോരാട്ടവീര്യം എടുത്തു പറയേണ്ടതുണ്ടെന്നും ആൺകുട്ടികളുടെ വിജയങ്ങൾ മാത്രം ആഘോഷിക്കപ്പെടുന്ന പുരുഷാധിപത്യ സമൂഹത്തിൽ രാജ്യത്തെ ഓരോ പെൺകുട്ടിക്കും ഈ ലോകകപ്പ് വിജയം നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആദ്യ ലോകകപ്പ് വിജയത്തിനൊപ്പം ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി കിട്ടിയത് 39.78 കോടി രൂപ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി കിട്ടിയത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതം കിട്ടും. അതേസമയം ബിസിസിഐയുടെ വക ഇന്ത്യന്‍ ടീമിന് 51 കോടി രൂപ സമ്മാനമായി നല്‍കും.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പേര് പരാമർശിച്ച് ഇന്ത്യൻ സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. സൈബർ ആക്രമണങ്ങൾ മുതൽ ബഹിരാകാശ യുദ്ധം വരെയുള്ള ഭീഷണികളുടെ സങ്കീർണ്ണവും അതിവേഗം വികസിക്കുന്നതുമായ പുതിയ കാലത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. ഭാവിയിലെ വെല്ലുവിളികളെ സ്ഥിരതയില്ലായ്മ, അനിശ്ചിതത്വം, സങ്കീർണ്ണത, അവ്യക്തത എന്നിവയാൽ അടയാളപ്പെടുത്തുമെന്നും , ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കും എനിക്കും വ്യക്തമായ ധാരണയില്ലെന്നും നാളെ എന്താണ് താൻ ചെയ്യുക എന്ന് ട്രംപിന് തന്നെ അറിയില്ല ട്രംപ് ഇന്ന് എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയാമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ രണ്ടാം മാസത്തിലേക്ക് കടന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ നിർബന്ധിത അവധിയിലാണ്. അവശ്യ സർവീസുകളിൽ പ്രവർത്തിക്കുന്നവർക്ക് പോലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. ആരോഗ്യ പരിരരക്ഷ, സബ്സിഡി ഉൾപ്പെടാതെയുള്ള ധന അനുമതി ബില്ല് പാസ്സാക്കാതെ ഡെമോക്രാറ്റുകളുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്നാണ് ട്രംപിന്‍റെ നിലപാട്.
ഗാസയിൽ മരണപ്പെട്ട മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ അടങ്ങിയ ശവപ്പെട്ടികൾ ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. ഗാസ മുനമ്പിലെ റെഡ് ക്രോസ് മുഖേനയാണ് ഇസ്രയേലിന് ഹമാസ് ശവപ്പെട്ടികൾ കൈമാറിയത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കൊണ്ടുപോയിരിക്കുകയാണ്. വെടിനിർത്തൽ ധാരണയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആരംഭിച്ച ബന്ദികളുടെ കൈമാറ്റത്തിന്റെ ഭാഗമായാണ് നടപടി.
വനിതാ ഏകദിന ലോകകപ്പില്‍ മറ്റൊരു റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി മന്ദാന സ്വന്തമാക്കിയത്. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് സ്മൃതി മറികടന്നത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 58 പന്തില്‍ നിന്ന് 45 റണ്‍സാണ് സ്മൃതി നേടിയത്.
