വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. അഞ്ചുവര്‍ഷം ഇസ്ലാം അനുഷ്ഠിച്ചാലെ വഖഫ് അനുഷ്ഠിക്കാനാകുവെന്ന നിയമത്തിലെ വ്യവസ്ഥ ഉള്‍പ്പെടെയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു. വഖഫ് സമിതികളിൽ മുസ്ലിങ്ങള്‍ അല്ലാത്തവരുടെ എണ്ണവും നിജപ്പെടുത്തി. ബോര്‍ഡുകളിൽ മൂന്നിൽ കൂടുതൽ അമുസ്ലിങ്ങള്‍ പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണം എന്ന വ്യവസ്ഥയ്ക്ക് സ്റ്റേയില്ല.
നിയമസഭ സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച ജനനേതാക്കൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. ഒക്‌ടോബർ 10വരെ 12 ദിവസം സഭ ചേരും. 15 മുതൽ 19 വരെയും 29, 30നും ഒക്‌ടോബർ 6 മുതൽ 10 വരെയും മൂന്നുഘട്ടങ്ങളിലായാണ് സമ്മേളനം. ഒൻപത് ദിവസം ബില്ലുകൾക്കായി നീക്കിവയ്‌ക്കും. ഒക്‌ടോബര്‍ ആറിന് 2025–-26 സാമ്പത്തികവര്‍ഷത്തെ ബജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥന സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. ഒക്‌ടോബര്‍ 10ന് സഭ പിരിയും.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.സഭ തുടങ്ങി ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ എത്തിയ രാഹുൽ പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിക്കുക. പ്രതിപക്ഷ നിരയിലെ പിൻബെഞ്ചിൽ, അവസാന നിരയിലെ അവസാന സീറ്റിലാണ് ഇരിപ്പിടം. അദ്ദേഹത്തിന്‍റെ സ്റ്റാഫ് ഒന്‍പത് മണിയോടെ സഭയിലെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തിലാണ് രാഹുലെത്തിയത്. ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തുമെന്നാണ് വിവരം.
രാഹുൽ മാങ്കൂട്ടത്തിലിന് നിയമപരമായി സഭയിൽ വരാൻ അധികാരമുണ്ടെന്നും എന്നാൽ ധാർമികയുടെ ഭാഗമായി ഇല്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. രാഹുൽ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിതെന്നും അലങ്കോലമുണ്ടാക്കാനുള്ള ശ്രമം ഇതിന് പിന്നിലുണ്ട്, കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും ജയരാജൻ പറഞ്ഞു. രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനല്ലെന്നും ഇപി ജയരാജൻ വിമർശിച്ചു.
കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ. പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്നും ഇപ്പോഴും പാർട്ടിക്ക് വിധേയനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആരോപണങ്ങളെ കുറിച്ച് കൂടുതല്‍ പറയാനില്ല. അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. മരിക്കും വരെ കോൺഗ്രസായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റോഡിൽ കുത്തിയിരുന്ന് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വാഹനം തടഞ്ഞു. ഏറെ നേരം പ്രതിഷേധം തുടര്‍ന്നു. പ്രതിഷേധിക്കുമ്പോഴും രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. തുടര്‍ന്ന് പൊലീസെത്തി എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഞങ്ങള്‍ ഇവിടെയൊക്കെ തന്നെയുണ്ടെന്നും അക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാനാണ് എത്തിയതെന്നും എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും നിയമസഭയിലെത്താൻ രാഹുലിന് അവകാശമുണ്ടെന്നുമായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പ്രതികരണം. ആരോപണ വിധേയനായവർ വേറെയും സഭയിൽ ഉണ്ടല്ലോ കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ നീന്തൽ കുളങ്ങള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവ് ലംഘിച്ചാൽ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. പൊതു, സ്വകാര്യ മേഖലകളിലുള്ള എല്ലാ നീന്തൽ കുളങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
ക്രൈസ്തവർക്ക് എതിരെ കേസരിയിൽ വന്ന ലേഖനത്തിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. ലേഖനം സംഘപരിവാറിന്റെ തനിനിറം വെളിപ്പെടുത്തുന്നതാണെന്നും ക്രൈസ്‌തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം ആണ് നടക്കുന്നതെന്നാണ് ദീപികയുടെ വിമർശനം. ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്, ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ ലേഖനം തനിനിറം വെളിപ്പെടുത്തുന്നതാണെന്നും ദീപിക മുഖപ്രസംഗം പറയുന്നു.
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും കൈവിലങ്ങും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു.കെ. ഷാജഹാനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. ക്രമസമാധാന ചുമതലയിൽ നിന്ന് ഷാജഹാനെ നീക്കണമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ സസ്പെൻഷൻ നടപടി മാത്രം പോരെന്ന് ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് ഷാഫി പറമ്പിൽ എംഎൽഎ പ്രതികരിച്ചു.
വയോധികന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താൻ നൽകാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നൽകുന്നത് തന്‍റെ ശൈലി അല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഭവന നിര്‍മാണം സംസ്ഥാന വിഷയമാണെന്നും അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കിളിമാനൂരിൽ വയോധികനെ പാറശാല എസ്. എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. അതേസമയം പാറശ്ശാല എസ്എച്ച്ഒ അനിൽ കുമാറിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിൻ്റേതാണ് നടപടി. വാഹനം നിർത്താതെ പോയ അനിൽ കുമാർ നിലവിൽ ഒളിവിലാണ്. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് അനിൽ കുമാർ ഒളിവിൽ പോയത്.
ബാലുശ്ശേരി കിനാലൂരില്‍ പരിക്കേറ്റ നിലയിൽ, കയ്യിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രങ്ങളുമായി ബിഹാര്‍ സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായിട്ടോ ഉള്ള വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഇയാള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിവ് ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.
കോഴിക്കോട് വിജില്‍ നരഹത്യാ കേസില്‍ പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിജിലിന് പരിക്കേറ്റിരുന്നില്ലെന്നാണ് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായത്. അമിതമായ അളവില്‍ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാന്‍ വിജിലിന്‍റെ അസ്ഥികള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
ആദായനികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. സെപ്റ്റംബർ 15 ന് അപ്പുറത്തേക്ക് അവസരം നൽകില്ലെന്ന് ആദായനികുതി വകുപ്പ് ഞായറാഴ്ച വ്യക്തമാക്കി. കൂടുതൽ കാലാവധി നീട്ടുമെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത് തെറ്റാമെന്നും അദാ. നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ പ്രധാനമന്ത്രി സുശീല കാർക്കി. സെപ്റ്റംബർ എട്ടിനും ഒൻപതിനും നടന്ന പ്രക്ഷോഭങ്ങളിൽ കൊല്ലപ്പെട്ടവർ രക്തസാക്ഷികളാണെന്നും ഇവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചുവെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകുമെന്നും നേപ്പാൾ പ്രധാനമന്ത്രി അറിയിച്ചു. അതേസമയം പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72 ആയി.
ഇസ്രയേൽ സമാധാനത്തിനും സഹവർത്തിത്വത്തിനും ഭീഷണിയാണെന്ന് അറബ് ഉച്ചകോടിയുടെ കരട് പ്രമേയം. ഗൾഫ് രാജ്യങ്ങളെ വീണ്ടും ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭീഷണി അപകടകരമായ പ്രകോപനമാണെന്നും കരട് പ്രമേയത്തിൽ പറയുന്നു. വിഷയത്തിൽ സംയുക്ത നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് ഒഴിവാക്കണം എന്നും ഉച്ചകോടിയിൽ ഖത്തർ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അഭ്യർത്ഥിച്ചു.
അമേരിക്കയിൽ ഇന്ത്യൻ പൌരൻ ചന്ദ്രമൗലി നാഗമല്ലയ്യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാരനായ ക്യൂബൻ സ്വദേശിയാണ് ഇന്ത്യൻ പൌരനെ തലയറത്ത് കൊന്നത്. കൊലപാതക കുറ്റം ചുമത്തി പ്രതിയെ വിചാരണ ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയെ വീണ്ടും സുരക്ഷിതമാക്കുമെന്നും അനധികൃത കുടിയേറ്റക്കാരോട് തൻ്റെ ഭരണകൂടം ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റെ ഡോണൾഡ് ട്രംപ്. ഖത്തർ അമേരിക്കയുടെ പ്രധാന സഖ്യകക്ഷികളിലൊന്നാണെന്നും ഖത്തറിനെതിരെ നീക്കം നടത്തുമ്പോൾ വളരെ ശ്രദ്ധവേണമെന്നും ട്രംപ് തുറന്നടിച്ചു.
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ നേടിയ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ രാജ്യത്തിനായി പോരാടിയ ധീര സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് ഇന്ത്യൻ നായകന്‍ സൂര്യകുമാര്‍ യാദവ്. മത്സരത്തില്‍ പാക് താരങ്ങള്‍ക്ക് കൈ കൊടുക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന ചോദ്യത്തിന് ജീവിതത്തില്‍ ചില കാര്യങ്ങള്‍ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും അപ്പുറത്ത് കാണണമെന്നായിരുന്നു സൂര്യകുമാറിന്‍റെ മറുപടി. അതേസമയം മത്സരത്തില്‍ പാക് താരങ്ങളുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ടെന്ന കര്‍ശന നിലപാടെടുത്തത് കോച്ച് ഗൗതം ഗംഭീറായിരുന്നുവെന്നാണ് സൂചന.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ ഹസ്തദാനത്തിന് തയാറാവാത്തില്‍ പ്രതിഷധമറിയിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യൻ താരങ്ങള്‍ പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ഇന്ത്യൻ ടീം മാനേജ്മെന്‍റ് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അറിയിച്ചിരുന്നു. ഇക്കാര്യം മാച്ച് റഫറി പാക് ക്യാപ്റ്റനെയും അറിയിച്ചിരുന്നു.ഇന്ത്യൻ താരങ്ങളുടെ നടപടി സ്പോര്‍ട്സ്മാന്‍ഷിപ്പിന് നിരക്കാത്തതാണെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി
