ജനനായകന് കണ്ണീര്‍പൂക്കളര്‍പ്പിച്ച് ജനസഹസ്രങ്ങള്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തിയത് രാവിലെ പത്തരയോടെ. അശ്രുപൂജയേകാന്‍ കാത്തുനിന്ന ജനസഹസ്രങ്ങള്‍ക്കിടയില്‍ വിഐപികളും സിനിമാതാരങ്ങളും. രാഹുല്‍ഗാന്ധി പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂന്നരയോടെയാണു സംസ്‌കാരം. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള 152 കിലോമീറ്റര്‍ 27 മണിക്കൂറെടുത്ത് രാവിലെ പത്തരയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മുട്ടി, സുരേഷ് ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ അന്ത്യോപചാരവുമായി എത്തിയിരുന്നു.
മണിപ്പൂര്‍ കലാപവും സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവവും വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വംശീയകലാപം ആരംഭിച്ചു രണ്ടര മാസത്തിനുശേഷമാണു മോദി മണിപ്പൂര്‍ വിഷയത്തില്‍ വാ തുറന്നത്. കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല. വിഷയം രാഷ്ട്രീയവത്ക്കരിക്കരുത്. പരിഷ്‌കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് മണിപ്പൂരിലുണ്ടായത്. സ്ത്രീകള്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഞ്ചുകളിലേക്ക് ഇറങ്ങിച്ചെന്ന് സോണിയാഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കളോട് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീകളെ കലാപകാരികള്‍ നഗ്നരാക്കി നടത്തിക്കൊണ്ടുപോയതിന്റെ വീഡിയോ പ്രചരിക്കുന്നതിനിടെ പ്രതിപക്ഷം സര്‍ക്കാരിനെതിരേ ശക്തമായ പോരാട്ടത്തിനു സജ്ജമായിരിക്കേയാണ് മോദി അനുനയവുമായി നേതാക്കളെ കണ്ടത്.
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി അതിക്രമം നടത്തുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലോകവ്യാപകമായി പ്രതികരിച്ചതോടെ നാണംകെട്ട് മോദി സര്‍ക്കാരും മണിപ്പൂര്‍ സര്‍ക്കാരും. വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഫേസ് ബുക്ക് അടക്കമുള്ള സമൂഹ മാധ്യമ കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അന്വേഷണം നടക്കുന്ന വിഷയമായതിനാല്‍ കമ്പനികള്‍ ദൃശ്യങ്ങള്‍ നീക്കണമെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കുക്കി വംശജരായ യുവതികളെ നഗ്നരാക്കി പീഡിപ്പിച്ച സംഭവത്തില്‍ ഒരാളെ മണിപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്തു. രണ്ടര മാസത്തിനുശേഷം വീഡിയോ ലോകമെങ്ങും പ്രചരിച്ചതോടെയാണ് അറസ്റ്റ്. തീവ്രവാദികളുടെ വലിയൊരു ആള്‍ക്കൂട്ടമാണ് പീഡന ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ വംശജരെ പോലീസിന്റെ ഒത്താശയോടെയാണ് കൂട്ടക്കൊലയും കൊള്ളയടിക്കലും ബലാല്‍സംഗങ്ങളും നടത്തിയിരുന്നതെന്ന് ആരോപണം നിലനില്‍ക്കേയാണ് ഒരാളെ അറസ്റ്റു ചെയ്തത്.
മണിപ്പൂര്‍ വിഷയം നാളെ അടിയന്തരമായി പരിഗണിക്കുമെന്നു സുപ്രീം കോടതി. സര്‍ക്കാരിന് ഇടപെടാന്‍ കുറച്ച് സമയം കൂടി നല്‍കുന്നു. ഇല്ലെങ്കില്‍ സുപ്രീം കോടതി ഇടപെടും. സമുദായിക കലഹങ്ങള്‍ക്ക് സ്ത്രീകളെ ഇരയാക്കുന്നത് അംഗീകരിക്കാനാകില്ല. ദൃശ്യങ്ങള്‍ വേദനാജനകമാണ്. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായശേഷം രാഹുല്‍ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തും.
രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്. ദാരിദ്ര്യമില്ലാത്ത രാജ്യത്തെ ഏക ജില്ല എറണാകുളം. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം വെളിപെടുത്തിയത്. 2016 ല്‍ 0.7 ശതമാനമായിരുന്ന സംസ്ഥാനത്തെ ദാരിദ്ര്യത്തിന്റെ തോത് 2021 ല്‍ 0.55 ശതമാനമായി കുറഞ്ഞു. ബിഹാറില്‍ 33.76 ശതമാനമാണു ദാരിദ്ര്യം. ജാര്‍ഖണ്ഡ് 28.81 ശതമാനം, മേഘാലയ 27.79 ശതമാനം, ഉത്തര്‍പ്രദേശ് 22.93 ശതമാനം, മധ്യപ്രദേശ് 20.63 ശതമാനം തുടങ്ങിയ നിലയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നും നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി ബംഗളുരുവില്‍നിന്ന് നാട്ടിലേക്കു തിരിച്ചു. തിരുവനന്തപുരത്തുനിന്ന് വൈകുന്നേരത്തോടെ അന്‍വര്‍ശേരിയിലെ വീട്ടിലേക്കു കാര്‍മാര്‍ഗം അദ്ദേഹം എത്തു. സുപ്രീംകോടതി ഉത്തരവനുസരിച്ചാണു മടക്കം.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ വ്യാപക പ്രതിഷേധം. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. ‘ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, എന്തിനാണ് മൂന്നു ദിവസം അവധി’ എന്നിങ്ങനെ ഫേസ്ബുക്ക് ലൈവിലൂടെ വിനായകന്‍ അധിക്ഷേപിച്ചതാണു വിവാദമായത്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ് വൈദ്യ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി. ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചു തകര്‍ത്തു. കൈയ്യില്‍ ചില്ലുകഷണവുമായി അക്രമാസക്തനായിനിന്ന ഇയാളെ പൊലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ തലയടിച്ചു പൊട്ടിച്ചതിനു ചികിത്സിക്കാനാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായ കവര്‍ച്ച നടത്തിയ തൃശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് അറസ്റ്റു ചെയ്തത്.
ഉത്തരാഖണ്ഡില്‍ മഴ നദികള്‍ കവിഞ്ഞൊഴുകി. നദികളിലെ മുതലകള്‍ ഗ്രാമങ്ങളില്‍ അക്രമകാരികളായി മാറിയിരിക്കുകയാണ്. അനേകായിരം വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്.
അഹമ്മദാബാദില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒമ്പതു മരണം. 13 പേര്‍ക്ക് പരിക്കേറ്റു. ഗാന്ധിനഗര്‍ റോഡിലെ മേല്‍പ്പാലത്തില്‍ രാത്രി ഒരു കാര്‍ ടെമ്പോയുമായി കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. അപകട സ്ഥലത്ത് ഓടിക്കൂടിയ ആളുകള്‍ക്കിടയിലേക്ക് ആഢംബരക്കാര്‍ അതിവേഗം പറഞ്ഞു കയറിയതോടെ ഏഴു പേര്‍കൂടി മരിച്ചു. മരിച്ചവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടുന്നു
രാജസ്ഥാനിലെ കോണ്‍ഗ്രസ് ഭരണത്തില്‍ സുരക്ഷിതത്വമില്ലെന്ന് കോണ്‍ഗ്രസിന്റെ വനിതാ എംഎല്‍എ ദിവ്യ മദേര്‍ണ. പൊലീസ് സംരക്ഷണത്തില്‍ യാത്ര ചെയ്തിട്ടും തന്റെ കാര്‍ 20 സ്ഥലങ്ങളില്‍ ആക്രമിക്കപ്പെട്ടു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ലെന്ന് അവര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കുറ്റപ്പെടുത്തി. ക്രമസമധാനം തകര്‍ന്നതിന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കോണ്‍ഗ്രസ് ഭരണവുമാണ് ഉത്തരവാദികളെന്നു കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.
ജര്‍മനിയിലെ മാന്‍ചിംഗിലെ റോമന്‍ മ്യൂസിയത്തില്‍ നിന്ന് 15 കോടി രൂപ വിലവരുന്ന 483 പുരാതന സ്വര്‍ണ നാണയങ്ങള്‍ വെറും ഒന്‍പത് മിനിട്ടുകൊണ്ടു മോഷ്ടിച്ച കള്ളന്‍മാര്‍ പിടിയില്‍. നാല് പേരെയാണ് അറസ്റ്റു ചെയ്തത്. 100 ബിസിയിലേതെന്നു കരുതുന്ന നാണയങ്ങള്‍ 1999 ലെ ഖനനത്തിലാണ് കണ്ടെത്തിയത്.