mid day hd 3

 

കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്ര രത്‌നഗിരിയില്‍ പിടിയിലായി. ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് മഹാരാഷ്ട്ര എടിഎസ് എന്ന ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കേരള പോലീസ് പ്രതിയെ തേടി കണ്ണൂര്‍, കോഴിക്കോട്, എന്നിവിടങ്ങള്‍ക്കു പുറമേ, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം തുടരുകയായിരുന്നു. പൊള്ളലും മുറിവുമേറ്റ് ചികില്‍സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അജ്മീറിലേക്കു രക്ഷപ്പെടാനിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഇന്റലിജന്‍സ് അടക്കം കേന്ദ്ര ഏജന്‍സികളാണ് ആശുപത്രിയിലുള്ള ഇയാളെ ഉടനേ പിടികൂടാന്‍ മഹാരാഷ്ട്ര എടിഎസിനു നിര്‍ദേശം നല്‍കിയത്. കോഴിക്കോട് എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട ആക്രമണത്തില്‍ മൂന്നു പേര്‍ മരിക്കുകയും എട്ടു പേര്‍ക്കു പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 16 പ്രതികളില്‍ 13 പ്രതികള്‍ക്കും ഏഴു വര്‍ഷം കഠിന തടവ്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണു ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി ഹുസൈന്‍ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണം. പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. പതിനാറാം പ്രതി മുനീറിന് മൂന്നു മാസം തടവും അഞ്ഞൂറു രൂപ പിഴയുമാണു ശിക്ഷ. മുനീര്‍ മൂന്നു മാസത്തിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ തടവുശിക്ഷ കഴിഞ്ഞതായി കണക്കാക്കും. കേസില്‍ നാലും പതിനൊന്നും പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. കൂറുമാറിയ 24 സാക്ഷികള്‍ക്കെതിരെ നടപടിക്കു കോടതി നിര്‍ദേശം നല്‍കി.

സിപിഎമ്മുകാര്‍ പ്രതികളായ പി.എസ്.സി. പരീക്ഷാ തട്ടിപ്പു കേസില്‍ നാലര വര്‍ഷത്തിനുശേഷം തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും പൊലിസ് ഉദ്യോഗസ്ഥനും പ്രതികളാണ്. ആറു പ്രതികളാണുള്ളത്. പി.എസ്.സി പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തട്ടിപ്പാണത്. 2018 ജൂലൈയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായ ശിവരജ്ഞിത്, നസീം, പ്രണവ് എന്നിവര്‍ സ്മര്‍ട്ട് വാച്ചിന്റെ സഹായത്തോടെ കോപ്പിയടിച്ച് ഒന്നാം റാങ്ക അടക്കമുള്ള ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കിയെന്നായിരുന്നു കേസ്.

കോഴിക്കോട് ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവീതം ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊള്ളലേറ്റവര്‍ക്കു സൗജന്യ ചികില്‍സ നല്‍കും. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

ബംഗളൂരുവില്‍നിന്ന് ആഡംബര ബസില്‍ തായ്ലന്‍ഡ് കഞ്ചാവുമായെത്തിയ യുവതി അടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ വരുണ്‍ ബാബു (24) ചുള്ളിമാനൂര്‍ സ്വദേശിനി വിനിഷ (29) എന്നിവരാണ് പിടിയിലായത്. 15 ഗ്രാം തായ്‌ലന്‍ഡ് കഞ്ചാവാണ് പാറശ്ശാല പൊലീസ് പിടികൂടിയത്. ഒരു വര്‍ഷം മുന്‍പ് കരമനയില്‍ പെണ്‍വാണിഭം എതിര്‍ത്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ യുവതിയെന്നു പൊലീസ് പറഞ്ഞു. ഈ കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് കാപ്പ കേസില്‍ ജയിലിലാണ്.

മീഡിയ വണ്‍ ചാനലിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിലക്ക് നീക്കിയത്. ചാനലിന്റെ വിമര്‍ശനങ്ങളെ സര്‍ക്കാര്‍ വിരുദ്ധമെന്ന് കാണാനാവില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന് നിഷ്‌കര്‍ഷിക്കാനാവില്ല. സത്യം പറയുകയാണു മാധ്യമ ധര്‍മം. അപ്രിയ സത്യങ്ങള്‍ ജനങ്ങളെ അറിയേക്കുന്നതു തടയാനാവില്ലെന്നും കോടതി പറഞ്ഞു.

ഇടുക്കിയില്‍ ജനജീവിതത്തിനു ഭീഷണിയായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാന്‍ ശുപാര്‍ശ. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം. ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ തീരുമാനിക്കട്ടെയെന്ന് കോടതി നിര്‍ദേശിച്ചു. മദപ്പാടുളള ആനയെ പറമ്പിക്കുളത്തേക്ക് എങ്ങനെ എത്തിക്കുമെന്നും കോടതി ചോദിച്ചു.

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിലപാട് ചിന്നക്കനാലിലെ കര്‍ഷകര്‍ക്ക് ആശ്വാസമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. സ്റ്റേ നീക്കിയതില്‍ ആശ്വാസമുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കും. സുരക്ഷ ഉറപ്പാക്കി ആവശ്യമായ നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു മാറ്റാനുള്ള ഹൈക്കോടതി നിര്‍ദേശത്തെ സ്വാഗതം ചെയ്ത് എംഎം മണി. സമരം അവസാനിപ്പിക്കും. ഇവിടെ നിന്ന് ശല്യം ഒഴിവാക്കി അങ്ങോട്ട് മാറ്റുന്നു. ഇനി പറമ്പിക്കുളത്തുള്ളവര്‍ അനുഭവിക്കട്ടെയെന്നും മണി പറഞ്ഞു.

പ്രതീക്ഷിച്ച നീതി കിട്ടിയില്ലെന്ന് അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. പ്രതികള്‍ക്കെതിരെ പരമാവധി ശിക്ഷ വിധിക്കാത്ത കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നു മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികള്‍ അട്ടിമറിച്ചു. നാലു വര്‍ഷം ആരും ഒപ്പമുണ്ടായില്ല. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്നും അവര്‍ പറഞ്ഞു.

കൊച്ചി രാജ്യാന്തരവിമാനത്താവളത്തില്‍ രണ്ടുപേരില്‍ നിന്നായി രണ്ടരക്കോടിയുടെ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നു വന്ന മലപ്പുറം സ്വദേശി മുഹമ്മദ് അഷറഫില്‍നിന്നും മലപ്പുറം സ്വദേശി മുഹമ്മദ് നസീഫില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.

കൊച്ചിയില്‍ കലൂര്‍ ഓള്‍ഡ് കത്രിക്കടവ് റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം. പനമ്പിള്ളി നഗര്‍ സ്വദേശി വിനുവാണു മരിച്ചത്. അസ്വാഭാവിക മരണത്തിന് എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ഏഴിമലയാന്‍ കോവിലില്‍ കാട്ടാന അക്രമണം. ദേശീയ പാത നിര്‍മ്മാണത്തിന് കരാറിനെടുത്ത ലോറി കാട്ടാന അക്രമിച്ചു. കെ എസ് ആര്‍ ടി സി ബസിനുനേരേയും ആക്രമണമുണ്ടായി. തലനാരിഴക്കാണ് ബസ് രക്ഷപെട്ടത്. മൂന്നു വാഹനങ്ങള്‍ കേടുവരുത്തി.

ഡല്‍ഹിയില്‍നിന്നു കാണാതായ യുവാവും മഹാരാഷ്ട്രയില്‍ പൊലീസിന്റെ പിടിയിലായ പ്രതിയും ഒരാള്‍ തന്നെയാണെന്ന് ഡല്‍ഹി പൊലീസ്. കാണാതായ യുവാവിന്റെ ലുക്ക്ഔട്ട് നോട്ടീസ് കഴിഞ്ഞ ദിവസം പൊലീസ് പുറത്തിറക്കിയിരുന്നു.

ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിയെ കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കത്തിലൂടെയാണ് മഹാരാഷ്ട്രയില്‍ പിടികൂടിയതെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. ഇന്നലെ അര്‍ദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. പിടികൂടിയ സേനാംഗങ്ങളെ മന്ത്രി അനുമോദിച്ചു.

പുതുക്കോട്ടയില്‍ സ്വകാര്യ എയര്‍ലൈന്‍ ജീവനക്കാരനായ കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍. ഭാഗ്യലക്ഷ്മി എന്ന 38 കാരിയാണ് അറസ്റ്റിലായത്. ചെന്നൈ വിമാനത്താവളത്തില്‍ തായ് എയര്‍വേസിന്റെ ഗ്രൗണ്ട് ജീവനക്കാരനാണ് കൊല്ലപ്പെട്ട ജയന്തന്‍ എന്ന 29 കാരന്‍. മൃതദേഹം കഷണങ്ങളാക്കി 400 കിലോമീറ്റര്‍ അകലെ ചെന്നൈയ്ക്കു സമീപത്തെ കോവളം കടല്‍തീരത്ത് ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഫ്‌ളാറ്റിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതിനെതിരെ താമസക്കാര്‍ നടത്തുന്ന പ്രതിഷേധസമരത്തിന് പിന്തുണയുമായി നടി ഷക്കീലയും. ചൂളൈമേട്ടിലെ ഫ്ളാറ്റ് സമുച്ചയത്തില്‍ നടക്കുന്ന സമരത്തിനാണ് ഷക്കീല എത്തിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *