തിരുവനന്തപുരം കാസർകോട് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും പൊലീസ് കേസുകൾ പിൻവലിക്കാനുള്ള ശുപാർശയും സമർപ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെ റെയിൽ പദ്ധതി റദ്ദാക്കിയെങ്കിലും കേരളത്തിന്‍റെ അതിവേഗ യാത്ര അടഞ്ഞ അധ്യായമല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരളത്തിൽ അതിവേഗ യാത്രക്കുള്ള പദ്ധതികൾ യു ഡി എഫ് സർക്കാർ ആലോചിക്കുമെന്നും വിശദമായ പഠനം നടത്തി അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ചുമതലയേറ്റു. നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും.
യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. സർക്കാർ അധികാരമേറ്റ് മൂന്ന് ദിവസമായിട്ടും മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറങ്ങിയിരുന്നില്ല.
മന്ത്രിമാരുടെ വകുപ്പുകളിൽ ചില തർക്കങ്ങളുണ്ടെന്ന കെ മുരളീധരന്‍റെ വാക്കുകൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. സത്യപ്രതിജ്ഞ ചടങ്ങ് നടന്ന ദിവസം രാത്രി തന്നെ വകുപ്പ് വിജഭന ചര്‍ച്ചകൾ പൂർത്തിയായതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമുദായ നേതാക്കളുടെ ‘തിണ്ണനിരങ്ങാൻ പോകരുതെന്ന്’ താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ അത്തരം ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായതിന് ശേഷം ബിഷപ്പ് ഹൗസ് സന്ദർശിച്ചതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങിൽ താൻ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമർശനങ്ങൾക്ക് പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. അച്ഛന്‍റെ പേര് പറയാനായാണ് അത് വായിച്ചത്. അമ്മയെ ഞാൻ മനസിൽ ഓർത്തു. അച്ഛന്‍റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്നുപ്രവർത്തിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ.
തനിക്ക് മന്ത്രി സ്ഥാനം കിട്ടാത്തതിന് പിന്നിൽ യുഡിഎഫിലെ ഒരു ഘടകക്ഷിയാണെന്ന് പാലാ എംഎൽഎ മാണി സി കാപ്പന്‍റെ വെളിപ്പെടുത്തൽ.
കേരളത്തിലെ പുതിയ സർക്കാർ ജൂൺ 15-ഓടെ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. യാത്രകൾ സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത് നിലവിലുള്ളതും നടപ്പാക്കിയതുമാണെന്ന് വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു.
തനിക്ക് വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്നും ഒരിക്കൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്നും പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്ന് മകൻ പറഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു.
കൊച്ചിയിൽ വിജയകരമായി സർവീസ് നടത്തുന്ന വാട്ടർ മെട്രോ മാതൃകയാക്കി രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരാണസി, അയോധ്യ അടക്കം 18 നഗരങ്ങളിൽ വിവിധ ഘട്ടങ്ങളിലായി വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി.
പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാംപ്രതി ഉൾപ്പെടെയുള്ള പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. ഒന്നാംപ്രതി പീതാംബരൻ, നാലാം പ്രതി അനിൽ, അഞ്ചാംപ്രതി ഗിജിൻ, ഏഴാം പ്രതി അശ്വിൻ, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവർക്കാണ് പരോൾ അനുവദിച്ചത്.
പുനലൂരിൽ ടാപ്പിംഗ് തൊഴിലാളിയും മറ്റുള്ളവരും കണ്ടത് പുലിയെ അല്ലെന്ന് പ്രഥമിക നിഗമനം. പുലിയോട് രൂപസാദൃശ്യമുള്ള വള്ളി പൂച്ച ആണെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്.
തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി വി കെ സർക്കാരിൽ അണ്ണാ ഡിഎംകെ (എ ഐ എ ഡി എം കെ) പ്രതിനിധികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള നീക്കം വലിയ പ്രതിസന്ധിയായി. ഇക്കാര്യത്തിൽ വിജയ്ക്ക് കടുത്ത മുന്നറിയിപ്പുമായി സി പി എം രംഗത്തെത്തിയിട്ടുണ്ട്.
ദില്ലിയിൽ ചൊവ്വാഴ്ച 46 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് ആണ് ചൂട് കൂടിയത്. ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ചൂട് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു.
വിസ നിയമങ്ങളിൽ വലിയ മാറ്റവുമായി തായ്ലാൻഡ്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി 90ലധികം രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള വിസ രഹിത താമസ കാലാവധി തായ്ലാൻഡ് വെട്ടിക്കുറച്ചു.
സുപ്രീംകോടതി ജഡ്ജിയുടെ പരാമർശത്തിൽ നിന്ന് ഉടലെടുത്ത ‘കോക്രോച്ച് ജനത പാർട്ടി’ എന്ന സമൂഹ മാധ്യമ പ്രസ്ഥാനം യുവജന പ്രതിഷേധത്തിന്‍റെ പുതിയ മുഖമാവുന്നു. അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ദേശീയ ശ്രദ്ധ നേടുകയാണ്.
ഇറാനെ ആക്രമിക്കുന്നതിൽ നിന്നും പിന്മാറിയത് ഒരു മണിക്കൂർ മുമ്പു മാത്രമെന്നും, വെടിനിർത്തൽ വിഷയത്തിൽ ധാരണയായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാനെതിരെ ആക്രമണമുണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൻ വിവാദത്തിൽ. നോർവേയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. മോദിയെ ഒരു ‘പാമ്പാട്ടി’യായി ചിത്രീകരിക്കുകയും, പാമ്പിന് പകരം ഒരു പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് കൈകളിൽ പിടിച്ചിരിക്കുന്നതുമായാണ് കാർട്ടൂണിലുള്ളത്.
