പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍. വിശദമായ വാദം കേട്ട് മൂന്നു ദിവസം കഴിഞ്ഞാണ് വിധി വന്നിരിക്കുന്നത്. കൂടാതെ രാഹുൽ മാങ്കൂട്ടത്തിനെതിരെ പൊലീസ് കൂടുതൽ വകുപ്പുകള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവയ്ക്കുക, അതിക്രമിച്ചു കയറുക എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം. കേസില്‍ പൊലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ.
സർവ്വകലാശാലകളിലെ വിസി നിയമന തർക്കത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കറും നിയമമന്ത്രി പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായില്ല. വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി ഗവർണറും സർക്കാരും നിലപാട് സ്വീകരിച്ചതോടെയാണ് അനുനയ നീക്കം പാളിയത്. താന്‍ നിശ്ചയിച്ച വിസിമാര്‍ യോഗ്യരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കര്‍ നിലപാടെടുത്തു. ചർച്ചക്ക് മുഖ്യമന്ത്രി വരാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി മുൻഗണനാക്രമം നിശ്ചയിച്ചത് എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ഗവർണർ മന്ത്രിമാരോട് പറഞ്ഞു.
വീര സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പ്. പുരസ്ക്കാരം ഏറ്റുവാങ്ങുന്നത് പാർട്ടിയോട് ആലോചിക്കാതെയാണെന്നാണ് കോൺഗ്രസ് നിലപാട്. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുക. അതിനിടെ, കോൺഗ്രസ് വിമർശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചു.
വീർ സവർക്കർ അവാർഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്ന് ശശി തരൂർ എം പി. ഇന്നലെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താൻ അറിഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകർ തനിക്ക് അവാർഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേസെടുത്ത് പൊലീസ്. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു കയ്യേറ്റം
കൊട്ടിക്കലാശത്തിൽ മാരകായുധങ്ങളുമായി യുഡിഎഫ് പ്രവർത്തകർ. മലപ്പുറം തെന്നലയിലെ കൊട്ടിക്കലാശത്തിലാണ് മരം മുറിക്കുന്ന വാളുകളുമായി പ്രവർത്തകർ പ്രകടനം നടത്തിയത്. മരംമുറിക്കുന്ന വാളും യന്ത്രവും പ്രവർത്തിപ്പിച്ചായിരുന്നു ഇന്നലത്തെ കൊട്ടിക്കലാശം. തെന്നല പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ കൊട്ടിക്കലാശത്തിലാണ് ഭീതിപ്പെടുത്തുന്ന കാഴ്ചയുള്ളത്. നടപടിയിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് സിപിഎം.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ തിരുവനന്തപുരം വഞ്ചിയൂരിൽ കള്ളവോട്ട് ആരോപിച്ച് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ കേസെടുത്ത് പൊലീസ്. ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും നൽകിയ പരാതികളിലായി മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ വഞ്ചിയൂരിൽ പോളിങ് ബൂത്തിന് മുന്നിലാണ് ബിജെപി പ്രവർത്തകരും ട്രാൻസ്ജെൻഡേഴ്‌സും തമ്മിൽ കള്ളവോട്ട് ആരോപിച്ച് സംഘര്‍ഷമുണ്ടായത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്ഐടി സംഘത്തിന് മൊഴി നൽകും. അറിയാവുന്ന കാര്യങ്ങളെല്ലാം പറയുമെന്ന് ചെന്നിത്തല വ്യക്തമാക്കി. തനിക്ക് വിവരം നൽകിയ ആളെയും ചോദ്യം ചെയ്യട്ടെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ രഹസ്യ മൊഴി നൽകാനും ഈ വ്യവസായി തയ്യാറാണ്. മുമ്പ് മറ്റു ചില വിഷയങ്ങളിൽ വ്യവസായി നൽകിയ വിവരങ്ങൾ സത്യമായിരുന്നു. സ്വർണ്ണം അന്താരാഷ്ട്ര മാർക്കറ്റിൽ അമൂല്യ പുരാവസ്തുവായി വിറ്റു എന്നാണ് വ്യവസായി തന്നോട് പറഞ്ഞതെന്നും രമേശ് ചെന്നിത്തല വെളിപ്പെടുത്തി.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെടാൻ പ്രോസിക്യൂഷൻ. ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടും. സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണമെന്ന് വിചാരണക്കോടതിയെ അറിയിക്കും. വെളളിയാഴ്ച കോടതി പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
നടിയെ ആക്രമിച്ച കേസിൽ, ദിലീപിനെ പിന്തുണച്ച് രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ മന്ത്രി വി. ശിവൻകുട്ടി. കോൺഗ്രസിന്റെ ഒരു മുഖമായ അടൂർ പ്രകാശിൽ നിന്നുമുണ്ടായത് നിന്ദ്യവും നീചവും ഒരിക്കലും പാടില്ലാത്ത പ്രസ്താവനയാണെന്നും തെരെഞ്ഞെടുപ്പിൽ ഇത് ജനം ചർച്ചചെയ്യുമെന്നും ശിവൻകുട്ടി തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന പ്രത്യാശയും ശിവൻകുട്ടി പ്രകടിപ്പിച്ചു.
നടിയെ ആക്രമിച്ച കേസിൽ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിന്‍റേത് നിരുത്തരവാദപരമായ പ്രതികരണമെന്ന് കെ മുരളീധരൻ. ഇത്രയധികം രാഷ്ട്രീയ പാരമ്പര്യം ഉള്ളയാൾ ഇങ്ങനെ പറയാൻ പാടില്ലായിരുന്നു. എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് മനസ്സിലാകുന്നില്ല. എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി. അദ്ദേഹം അത് ചെയ്യരുതായിരുന്നു. യുഡിഫ് യോഗം വിളിച്ചു കൂട്ടലാണ് കൺവീനറുടെ ജോലിയെന്നും അദ്ദേഹം പറഞ്ഞു.
കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നത് സംബന്ധിച്ച നിലപാടിൽ മറുപടി നൽകാൻ ഹൈക്കോടതിയിൽ കൂടുതൽ സമയം തേടി. ഈ മാസം 17നകം മറുപടി നൽകാമെന്നാണ് സിംഗിൾ ബെഞ്ചിനെ അറിയിച്ചത്. കശുവണ്ടി ഇറക്കുമതി അഴിമതിയിൽ പ്രതികളായ കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരൻ, മുൻ എം ഡി, കെ. എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നാണ് സിബിഐയുടെ ആവശ്യം.
കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും വിഎസ് സുനിൽ കുമാർ പറഞ്ഞു.
ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യമാണെന്ന് ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. ട്വന്റി 20യെ ഇല്ലാതാക്കലായിരുന്നു ഇരു മുന്നണികളുടെയും ലക്ഷ്യം. ക്യാമറ നിരീക്ഷണം ഏർപ്പെടുത്താനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ല. ക്യാമറ കൈകാര്യം ചെയ്യേണ്ടവർക്കുള്ള പാസുകൾ മുക്കി. കണ്ണൂർ മോഡലിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു. എൽഡിഎഫും- യുഡിഎഫും സംയുക്തമായാണ് മത്സരിച്ചത്. ശ്രീനിജൻ എംഎൽഎയുടെ നേതൃത്വത്തിലാണ് ഈ സഖ്യം പ്രവർത്തിച്ചതെന്നും സാബു എം ജേക്കബ് പറഞ്ഞു.
സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസിൽ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ഐഎഫ്എഫ്കെയ്ക്ക് വേണ്ടിയുള്ള സിനിമ തിരഞ്ഞെടുപ്പിനിടെ ജൂറി ചെയർമാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലിൽ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.
വ്യാജരേഖയുണ്ടാക്കി വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ത്തെന്ന പരാതിയിൽ മലപ്പുറം പുളിക്കലിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി കെ ഒ നൗഫൽ മൂന്നാം പ്രതിയാണ്. സിപിഎം പ്രവർത്തകന്റെ മകളുടെ വോട്ടു ചേർക്കാൻ കൃത്രിമം കാട്ടിയെന്നാണ് പൊലീസിൽ ലഭിച്ച പരാതി.
മലയാറ്റൂരിൽ 19കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംശയത്തെ തുടർന്ന് കല്ലു കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിക്ക് അവിടെ ആൺസുഹൃത്ത് ഉള്ളതായി അലൻ സംശയിച്ചു. പെൺകുട്ടിയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തുമായുള്ള ചിത്രങ്ങളും അലൻ കണ്ടു. തുടർന്നാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് ചോദ്യം ചെയ്തു വിട്ടയച്ച അലനെ പോലീസ് വീണ്ടും വിളിപ്പിച്ചത്. കൊലപാതകം മദ്യ ലഹരിയിൽ ആയിരുന്നു എന്നും പോലീസ് വ്യക്തമാക്കി.
ഇൻഡിഗോ വിമാനക്കമ്പനി നേരിടുന്ന പ്രതിസന്ധിയിൽ പൈലറ്റ്സ് അസോസിയേഷന് നോട്ടീസ് നൽകി പാർലമെൻ്റ് സമിതി. ഉടൻ സമിതിക്ക് മുൻപിലെത്തുമെന്ന് അസോസിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ച ശേഷം ഇതുവരെ 4600 വിമാനങ്ങൾ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു. സർവീസ് റദ്ദാക്കുകയാണെങ്കിൽ 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർക്ക് വിവരം നൽകണമെന്നാണ് ഇൻഡിഗോക്ക് നൽകിയ നിർദ്ദേശം. വ്യോമയാനമന്ത്രാലയം ഉദ്യോഗസ്ഥർ വിമാനത്താവളങ്ങളിൽ പരിശോധന തുടങ്ങി.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച കേന്ദ്ര സർക്കാരിന്‍റെ പുതിയ മാർഗനിർദേശങ്ങൾ തള്ളി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൊതുയോഗത്തിൽ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞാണ് മമത പ്രതിഷേധിച്ചത്. കൂച്ച് ബെഹാറിൽ നടന്ന തൃണമൂൽ കോൺഗ്രസിന്‍റെ റാലിയിലാണ് പുതിയ എംജിഎൻആർഇജിഎ മാനദണ്ഡങ്ങൾ വിവരിക്കുന്ന കേന്ദ്ര സർക്കുലർ മമത കീറിയെറിഞ്ഞത്.പുതിയ മാനദണ്ഡങ്ങൾ അപമാനകരമാണെന്നാണ് മമത ബാനർജിയുടെ നിലപാട്. ദില്ലിയുടെ ഔദാര്യം തേടാതെ ബംഗാൾ സ്വന്തം നിലയിൽ തൊഴിലുറപ്പ് പദ്ധതി തുടരുമെന്ന് മമത പറഞ്ഞു.
ഒഡിഷയിൽ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. മാൽക്കാൻഗിരി ജില്ലയിലാണ് രണ്ട് സമുദായങ്ങൾക്കിടയിൽ വലിയ സംഘർഷാവസ്ഥ ഉണ്ടായത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം നീട്ടി. വ്യാജ വാർത്തകളും പ്രകോപനം സൃഷ്ടിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നത് തടയാനാണ് ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയത്.
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറി ഓസ്‌ട്രേലിയ. നിരോധനം പ്രാബല്യത്തിൽ വന്നു. ഓസ്ട്രേലിയയിൽ നിന്നുള്ള 25 ലക്ഷത്തോളം കൗമാരക്കാർ ഇതോടെ സമൂഹ മാധ്യമങ്ങൾക്ക് പുറത്തായി. നിരോധനം മറികടന്ന് കുട്ടികൾക്ക് ആപ്പുകൾ ലഭ്യമാക്കിയാൽ കമ്പനികൾക്ക് കൂറ്റൻ പിഴ ചുമത്തും. ലോകത്തിന് ഓസ്‌ട്രേലിയ മാതൃക ആവുകയാണെന്നാണ് ഇതേക്കുറിച്ച് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രതികരിച്ചത്.
സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർധിപ്പിച്ച് ഒഡിഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർധിപ്പിച്ചത്. 2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെൻ്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.
ന്യൂയോർക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ മംദാനി, തൻ്റെ വാടകവീട്ടിൽ നിന്ന് താമസം മാറ്റുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ന്യൂയോർക്ക് നഗരത്തിലെ മിക്ക മേയർമാരും ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്കാണ് താമസം മാറുന്നത്. കുടുംബത്തിന്റെ സുരക്ഷയും മേയർ എന്ന നിലയിൽ തൻ്റെ മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മംദാനി പ്രതികരിച്ചു.
