രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരുമെന്നും ആരോപണങ്ങളിൽ പാര്‍ട്ടി അന്വേഷണം ഉണ്ടാകില്ലെന്നുമാണ് വിവരം. അതേസമയം രാഹുൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും അവധിയെടുക്കാൻ നിർദ്ദേശിച്ചേക്കുമെന്നും സൂചനയുണ്ട്.
പാർട്ടിക്കോ, പൊലീസിനോ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പരാതിയൊന്നുമില്ലാതെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പീഡന കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബിജെപിക്കും സിപിഎമ്മിനും ധാർമികത പറയാൻ എന്ത് അവകാശമാണുള്ളതെന്നും സതീശൻ ചോദിച്ചു. പാർലമെന്ററി പാർട്ടിയിൽ നിന്ന് രാഹുലിനെ മാറ്റിനിർത്തുന്ന കാര്യങ്ങളിൽ തുടർ നടപടികൾ ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ പാർട്ടി ഗൗരവകരമായാണ് കാണുന്നതെന്നും ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു, രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ രാജിവെക്കണം എന്ന അഭിപ്രായം തനിക്കില്ലെന്നും ഇപ്പോൾ പാർട്ടിയെടുത്ത തീരുമാനം സ്വാഗതാർഹമാണെന്നും വ്യക്തമാക്കി കെ സുധാകരൻ. ഇത് പാർട്ടിയെടുത്ത തീരുമാനമാണെന്നും രാജിവെക്കുമ്പോൾ മറ്റ് സാഹചര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ വനിതാ നേതാക്കളുടെ ആവശ്യം അവർക്കുള്ള അവകാശമാണെന്നും കെ സുധാകരൻ പറഞ്ഞു.
പാർട്ടിയുടെയോ മുന്നണിയുടെയോ ഒരു സംരക്ഷണവും രാഹുലിനുണ്ടാകില്ലെന്ന് കെ.മുരളീധരൻ. രാഹുലിനെതിരായി നിലവിൽ സസ്പെൻഷൻ നടപടിയാണ് സ്വീകരിച്ചത് ഇത് അന്തിമ നടപടിയല്ല ഇപ്പോഴും ഒരു റിട്ടൺ പരാതി ആരും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെപ്പിച്ചു ഇത് രണ്ടാം ഘട്ട നടപടിയാണ് ഇനിയും തെളിവുകൾ പുറത്തുവന്നാൽ മൂന്നാംഘട്ട നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസിനെ നയിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്നും രാഹുൽ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്നും മന്ത്രി വി ശിവൻകുട്ടി. ഉമാ തോമസിനെതിരെയും സൈബർ ആക്രമണം നടക്കുന്നുവെന്നും തള്ള വീണപ്പോൾ ചത്താൽ മതിയായിരുന്നുവെന്നാണ് സൈബർ കൂട്ടങ്ങൾ പറയുന്നതെന്നും അഹങ്കാരത്തിന് കൈയ്യും കാലും വച്ച വ്യക്തിയാണ് രാഹുലെന്നും മുഖ്യമന്ത്രിയെ എടാ വിജയ എന്നാണ് രാഹുല്‍ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനകത്തെ ജീർണ്ണതയെ പറ്റി രാഹുൽ മാങ്കൂട്ടത്തിലിനറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ് നേതാക്കൾ ആകെ ആവശ്യപ്പെട്ടത് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാണ് എന്നാൽ രാജി ആവശ്യപ്പെടാൻ നേതൃത്വം തയ്യാറായില്ല. ലോകചരിത്രത്തിൽ തന്നെ ഇതുപോലൊരു സംഭവം അപൂർവ്വമാണ് ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാമെന്നും രാഹുലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടു പോകുമെന്നും എംവി ഗോവിന്ദൻ വിശദമാക്കി.
രാഹുൽ മാങ്കൂട്ടത്തിൽ ധാർമികത ഉയർത്തിപ്പിടിച്ച് എംഎൽഎ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ജനങ്ങളോട് അടക്കം ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ പ്രകടിപ്പിക്കുന്നതെന്നും സിപിഎം തെറ്റുകാരെ ആരെയും ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കാനുള്ള കോൺഗ്രസ് തീരുമാനം ഒത്തുതീർപ്പെന്ന് മന്ത്രി എം ബി രാജേഷ്. കോൺഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തിന് യോഗ്യനല്ലാത്ത ആളെ എന്തിന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നുവെന്ന് മന്ത്രി ചോദിച്ചു. ആരോപണം ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെന്ന് ഇര പറഞ്ഞതാണല്ലോയെന്നും മന്ത്രി പ്രതികരിച്ചു.
തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ്. ജനാധിപത്യ നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്നും പ്രസ്ഥാനം തന്റെ കൂടെ നിൽക്കുമെന്നും പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉമ തോമസിനെതിരെ സൈബർ ആക്രമണം രൂക്ഷമായത്. അതേ സമയം, ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തിയിലാണുള്ളത്.
രാജിവെച്ചാലും ഇല്ലെങ്കിലും പാലക്കാട് എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കൂടാതെ ഉമാ തോമസ് എംഎൽഎക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായും ഡിവൈഎഫ്ഐ അറിയിച്ചു.
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് അവകാശ വാദമുന്നയിച്ച് ഉമ്മൻ ചാണ്ടി ബ്രിഗേഡും രംഗത്തെത്തി. കെ എം അഭിജിത്ത്, വിഷ്ണു സുനിൽ പന്തളം എന്നിവർക്കായാണ് ഉമ്മൻ ചാണ്ടി ബ്രിഗേഡ് രംഗത്തെത്തിയത്. സംസ്ഥാന അധ്യക്ഷന്റെ നിയമനം സംസ്ഥാന കമ്മിറ്റിയിൽ നിന്നല്ലെങ്കിൽ കെ എം അഭിജിത്തിനാണ് ഉമ്മൻചാണ്ടി ബ്രിഗേഡിന്‍റെ പിന്തുണ.
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ. ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.
സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്നു. കെ.ടി.ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. ജലീലും സരിതയുമാണ് പ്രധാന സാക്ഷികള്‍. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതിയിൽ നൽകിയിരിക്കുകയാണ്.
കാളിയാർ പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒയെ പരസ്യമായി വിമർശിച്ച വിമർശിച്ച സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. വണ്ണപ്പുറം ലോക്കൽ സെക്രട്ടറിയായിരുന്ന ഷിജോ സെബാസ്റ്റ്യനെയാണ് മാറ്റിയത്. പൊതുപ്രവർത്തകരോടുളള പൊലീസ് ഉദ്യോഗസ്ഥൻ്റെ പെരുമാറ്റത്തിനെതിരെ ഷിജോ പരസ്യമായി പ്രതികരിക്കുകയും വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു ഇതിൽ വിശദീകരണം നൽകിയിരുന്നെങ്കിലും മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചുമതലയിൽ നിന്ന് മാറ്റിയതെന്നാണ് വിവരം.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഫോൺ എറിഞ്ഞ് കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പുകയില ഉത്പന്നങ്ങളും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. വാർഡൻന്മാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. ജയിൽ കോമ്പൗണ്ടിലേക്ക് കടന്നാണ് അക്ഷയ് മൊബൈൽ എറിഞ്ഞ് നൽകാൻ ശ്രമിച്ചത്. ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, നെൽവയൽ തരംമാറ്റിയതിനെതിരെയാണ് പരാതി നൽകിയതെന്നും പാർട്ടിക്ക് അതിൽ പങ്കില്ലെന്നും ലുലുവിനെതിരെ കേസ് നൽകിയ സിപിഐ പ്രാദേശിക നേതാവ് വ്യക്തമാക്കി. ഹൈക്കോടതിയിൽ വാദം പൂർത്തിയായി വിധി പറയാനായി വച്ചിരിക്കുകയാണ് കേസ്.
ആലപ്പുഴ – ധൻബാദ് എക്സ്പ്രസിൽ ബ്രേക്കിങ് സിസ്റ്റത്തിൽ നിന്ന് പുക ഉയർന്നു. ബ്രേക്കിന്‍റെ റബ്ബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്. ട്രെയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷം യാത്ര തുടർന്നു. വലിയ ശബ്ദം കേട്ടെന്ന് യാത്രക്കാർ പറഞ്ഞു. ട്രെയിൻ ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് മാരാരിക്കുളം എത്തുന്നതിന് മുൻപായിരുന്നു സംഭവം.
വിഴിഞ്ഞത്ത് വളർത്ത് മൃഗങ്ങൾക്ക് നേരെയും തെരുവ് നായ ആക്രമണം രൂക്ഷം. മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗങ്ങളിലായി ഇന്നലെ ഉച്ചയോടെ ആക്രമകാരിയായ തെരുവു നായ വീട്ടിലെ നിരവധി കോഴികളെ കടിച്ചു കൊന്നു. ആടുകൾ, വളർത്തു നായ്ക്കൾ എന്നിവയ്ക്കും കടിയേറ്റു. പ്രദേശവാസിയായ രതീഷിന്‍റെ വീട്ടിലെ 12 കോഴികൾ നായയുടെ കടിയേറ്റു ചത്തതായാണ് വിവരം.
മെട്രോ നിരക്ക് വർദ്ധിപ്പിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് ആദ്യമായാണ് ഡിഎംആർസി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത്. ഇതിനുമുമ്പ് 2017ലാണ് നിരക്ക് വർദ്ധനവുണ്ടായത്. ഒരു രൂപ മുതൽ അഞ്ച് രൂപ വരെ വർദ്ധിക്കും. ഇന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നെന്ന് ഡിഎംആർസി അറിയിച്ചു.
ധർമസ്ഥല കേസിൽ മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സംബന്ധിച്ച ദുരൂഹതകൾ ഏറുന്നു. തലയോട്ടി ആരുടേതാണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. തലയോട്ടിയിൽ ഉണ്ടായിരുന്ന മണ്ണ് ധർമസ്ഥലയിലേതല്ല എന്നാണ് നിലവിലെ കണ്ടെത്തൽ. ഫോറൻസിക് പരിശോധനയിലാണ് ഇത് തെളിഞ്ഞത്.
മൂന്നു മാസം തടവിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ളവർക്ക് പദവി നഷ്ടമാകുന്ന ബിൽ പാർലമെന്റിൽ പാസ്സാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളിലെ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നവർ ഈ ബില്ലിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലാലുപ്രസാദ് യാദവിനെ രക്ഷിക്കാൻ കൊണ്ടുവന്ന ഓർഡിനൻസ് കീറിക്കളഞ്ഞ സമയത്ത് രാഹുൽ ഗാന്ധി കാണിച്ച ധാർമ്മിക നിലപാട് ഇപ്പോൾ എവിടെപ്പോയെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു.
പദവി നഷ്ടമാകുന്ന ബിൽ പരിഗണിക്കുന്ന ജെപിസിയിൽ കോൺഗ്രസും ചേർന്നേക്കില്ല. വിട്ടു നിൽക്കാനാണ് സാധ്യതയെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. നേരത്തെ തന്നെ ഈ വിഷയത്തിൽ ജെപിസിയോട് സഹകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃണമൂൽ കോൺഗ്രസും സമാജ് വാദി പാർട്ടിയും. ഇന്ത്യ സഖ്യം പൂർണ്ണമായി വിട്ടുനിന്നാൽ ജെപിസിയിൽ എതിർപ്പ് ഉയരില്ലെന്ന് വരുമെന്നും അതിനാൽ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തണമെന്നാണ് ഇടത് പാർട്ടികളുടെ നിലപാട്.
ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാൻ ആണെന്ന പരാമര്‍ശത്തില്‍ ബിജെപി എംപി അനുരാഗ് താക്കൂറിനെതിരെ ഡിഎംകെ. കുട്ടികളോടുള്ള പ്രതികരണം അസ്വസ്ഥപ്പെടുത്തുന്നതെന്ന് കനിമൊഴി എംപി പ്രതികരിച്ചു. ബഹിരാകാശ ദിനത്തിൽ അനുരാഗ് താക്കൂർ പങ്കുവച്ച വീഡിയോ വൈറൽ ആയിരുന്നു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളർത്തണമെന്ന ഭരണഘടനാ തത്വത്തെ ബിജെപി എംപി അവഹേളിക്കുന്നുവെന്നും ഐതിഹ്യത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിൽ അല്ല പുരോഗതി എന്നും കനിമൊഴി വ്യക്തമാക്കി.
ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വർധന മറ്റന്നാൾ പ്രാബല്യത്തിൽ വരാനിരിക്കെ അമേരിക്കൻ നടപടിയെ ന്യായീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച ഒരു മികച്ച തന്ത്രം എന്നാണ് ഇന്ത്യക്കെതിരായ അധിക തീരുവ പ്രഖ്യാപനത്തെ വാൻസ് പ്രശംസിച്ചത്. യുക്രൈൻ റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപിന്‍റെ ആക്രമണാത്മക സാമ്പത്തിക സമ്മർദ്ദ തന്ത്രമെന്നാണ് നടപടിയെക്കുറിച്ച് വൈസ് പ്രസിഡന്‍റ് വിവരിക്കുന്നത്.