രക്തം കട്ടപിടിക്കാന്‍ മുതല്‍ മുറിവുകള്‍ ഉണങ്ങുന്നതിനു വരെ ശരീരത്തിന് ആവശ്യമായ ഒരു കൂട്ടം വൈറ്റമിനുകളാണ് കെ വൈറ്റമിനുകള്‍. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. വൈറ്റമിന്‍ കെയുടെ അഭാവവും ശ്വാസകോശത്തിന്റെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് കോപ്പന് ഹേഗന്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും കോപ്പന് ഹേഗന്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു. 24 നും 77 നും ഇടയില്‍ പ്രായമുള്ള നാലായിരം പേരിലാണ് പഠനം നടത്തിയത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം അളക്കുന്ന സ്പൈറോമെട്രി പരിശോധന നടത്തി. ശക്തമായി ഒരുതവണ ശ്വസിക്കുമ്പോള്‍ എത്രമാത്രം വായു ഉച്ഛ്വസിക്കാന്‍ സാധിക്കുന്നുവെന്ന് അളന്നു. പഠനത്തില്‍ പങ്കെടുത്തവരുെട ആരോഗ്യവിവരങ്ങളും ജീവിതശൈലിയും ചോദ്യാവലിയിലൂടെ മനസ്സിലാക്കി. ഇആര്‍ജെ ഓപ്പണ്‍ റിസര്‍ച്ച് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു. വൈറ്റമിന്‍ കെയുടെ അളവ് കുറയുന്നത് അനുസരിച്ച് ലങ് കപ്പാസിറ്റി കുറവാണെന്നു പഠനത്തില്‍ കണ്ടു. വൈറ്റമിന്‍ കെ കുറവുള്ളവര്‍ക്ക് ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസും ആസ്മയും ശ്വാസംമുട്ടലും ഉണ്ടാകുമെന്നും പഠനം പറയുന്നു. വൈറ്റമിന്‍ കെ യുടെ അഭാവം സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. ചെറുതായി മുറിയുകയോ മുറിവ് ഉണ്ടാകുകയോ ചെയ്യുമ്പോള്‍ കൂടുതല്‍ ബ്ലീഡിങ്ങ് ഉണ്ടാകുക, പെട്ടെന്ന് ചതവുണ്ടാകുക, നഖങ്ങള്‍ക്കിടയില്‍ ചെറുതായി രക്തം കട്ടപിടിക്കുന്നതായി കാണുക തുടങ്ങിയവ വിറ്റമിന്‍ കെ യുടെ അഭാവം മൂലമാകാം. ഇരുണ്ട കറുത്ത നിറത്തില്‍ രക്തം കലര്‍ന്ന മലവും വൈറ്റമിന്‍ കെ യുടെ അഭാവം കൊണ്ടുണ്ടാകാം.
വൈറ്റമിന്‍ കെയുടെ അളവ് കുറയുന്നത് ലങ് കപ്പാസിറ്റി കുറയ്ക്കും!
