ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. അച്ചടക്ക അതോറിറ്റിയായ സീനിയർ ഡിവിഷണൽ മെക്കാനിക്കൽ എഞ്ചിനീയറാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 ന് രാവിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ പഞ്ചാബിലെ ഊഞ്ചി ബസ്സി വരെ ലോക്കോ പൈലറ്റില്ലാതെ സഞ്ചരിക്കുകയായിരുന്നു. 53 ബോഗികള്‍ ഉള്ള ചരക്ക് ട്രെയിൻ എഴുപത് കിലോമീറ്ററോളം ദൂരമാണ് തനിയെ ഓടിയത്. ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റ് സ്റ്റേഷനിൽ നിർത്തിയിടുകയായിരുന്നു. പിന്നീട് ഡ്രൈവർ ട്രെയിനിൽ നിന്ന് ഇറങ്ങി ഹാൻഡ് ബ്രേക്ക് ഇടാതെ ചായ കുടിക്കാൻ പോവുകയും ട്രെയിൻ പെട്ടെന്ന് നീങ്ങുകയും, ഒടുവിൽ വേഗത കൂട്ടി ഓടാൻ തുടങ്ങുകയുമായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരുടെ വ്യാപകമായ പരിശ്രമത്തിനൊടുവിൽ പഞ്ചാബിലെ മുകേറിയനിലെ ഊഞ്ചി ബസ്സിക്ക് സമീപം ട്രെയിൻ നിർത്താൻ സാധിച്ചു.
ജമ്മു കശ്മീരിൽ ഡ്രൈവറില്ലാതെ ട്രെയിൻ ഓടിയ സംഭവത്തിൽ ലോക്കോ പൈലറ്റിനെ പിരിച്ചുവിട്ടു
