പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ ആരംഭിക്കാനിരിക്കേ, പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യമായി ദേശീയപതാക ഉയര്‍ത്തി. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കറാണ് പതാക ഉയര്‍ത്തിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്തു നിപ വ്യാപനം ഇല്ല. പരിശോധനക്കയച്ച 41 സാംമ്പിളുകള്‍ കൂടി നെഗറ്റീവ് ആയി. ഇനി 39 പേരുടെ […]
മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ഗതാഗത മന്ത്രി
മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ ചില ശക്തികളാണ്. എല്‍ഡിഎഫിനെ സ്നേഹിക്കുന്നവരല്ലെന്നും ഗതാഗത മന്ത്രി ആൻറണി രാജു.എത്രകാലം മന്ത്രിയായിരിക്കുന്നു എന്നതിലല്ല, എന്തു ചെയ്യുന്നു എന്നതിലാണ് കാര്യമെന്നും ഗണേഷിനെതിരായ വിവാദം വിലയിരുത്തേണ്ടത് ഇടതുമുന്നണിയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ്
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 ൽ 19 സീറ്റും നേടി യുഡിഎഫ് ജയിക്കാൻ കാരണമായത് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണെന്നും, രാഹുൽ ഗാന്ധി വീണ്ടും കേരളത്തിൽ മത്സരിക്കണമെന്നും പ്രവർത്തക സമിതി യോഗത്തിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്. ദളിത് വിഭാഗങ്ങൾക്ക് സംഘടനാ തലത്തിൽ കൂടുതൽ പ്രാതിനിധ്യം നൽകുന്നത് വിജയസാധ്യത കൂട്ടുമെന്നും, കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ വന്നത് കർണാടകത്തിൽ ദളിത് വോട്ട് കോൺഗ്രസിന് അനുകൂലമായി മാറാൻ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിക്ക് ആശംസകളുമായി പ്രമുഖർ
എഴുപത്തിമൂന്നാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പിഎം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്ന ഒറ്റവരിയാണ് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പങ്കുവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗർഗെ മോദിക്ക് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ. ആരോഗ്യായുസുകൾ നേരുന്നുവെന്നും കുറിച്ചു. അതോടൊപ്പം പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയനും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്വീറ്റ് ചെയ്തു.
മേജർ ലീഗ് സോക്കറിൽ ഇന്‍റർ മയാമിക്ക് തോൽവി
മെസി എത്തിയശേഷം ഇന്‍റർ മയാമിയുടെ ആദ്യ തോൽവിയാണിത്.അറ്റ്ലാന്‍റ യുണൈറ്റഡ് ആണ് സൂപ്പര്‍ താരം ലിയോണൽ മെസി ഇല്ലാതെ ഇറങ്ങിയ ഇന്‍റർ മയാമിയെ രണ്ടിനെതിരെ അഞ്ച് ഗോളിന് തോൽപിച്ചത്. തുടർച്ചയായി മത്സരങ്ങളിൽ കളിച്ച് ക്ഷീണിതനായതിനാലാണ് മെസിക്ക് വിശ്രമം നൽകിയതെന്ന് ഇന്‍റർ മയാമി കോച്ച് ജെറാർഡോ മാർട്ടിനോ പറഞ്ഞു.
ലിബിയൻ പ്രളയക്കെടുതിയിൽ മരണസംഖ്യ ഇരുപതിനായിരം ആയേക്കും
1970 കളിൽ യൂഗോസ്ലാവിയൻ കമ്പനി നിർമിച്ച രണ്ട് അണക്കെട്ടുകൾ ഒന്നിച്ചു തകർന്നതോടെയാണ് ലിബിയൻ തീര നഗരമായ ഡെർണ പൂർണ്ണമായി മുങ്ങിയത്. ലക്ഷക്കണക്കിന് ക്യുബിക് മീറ്റർ വെള്ളം ഒറ്റയടിക്ക് ഡെര്‍ണ നഗരത്തിലേക്ക് ഇരച്ചെത്തുകയായിരുന്നു. പ്രളയക്കെടുതിയിൽ മരണസംഖ്യ ഇരുപതിനായിരം ആയേക്കും.വലിയ കുഴികൾ ഉണ്ടാക്കി കൂട്ടമായി മൃതശരീരങ്ങൾ കുഴിച്ചുമൂടുകയാണ് രക്ഷാപ്രവർത്തകർ.അതോടൊപ്പം കൃത്യമായ പ്രളയ മുന്നറിയിപ്പ് ജനങ്ങൾക്ക് നല്കിയിരുന്നില്ലെന്ന വിവരങ്ങളും ഇപ്പോൾ വെളിപ്പെടുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന നിലപാടിൽ കോഴിക്കോട് എൻഐടി
കോഴിക്കോട് എൻഐടിയിൽ നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. കോളേജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന് നിലപാടിലാണ് കോളേജ് അധികൃതർ. നിപ ജാഗ്രതയെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെന്ന് സ്മൃതി ഇറാനി
ഇതൊരു സാധാരണ തെരഞ്ഞെടുപ്പ് പോരാട്ടമായിരിക്കില്ല.സനാതന ധർമത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഒരു കൂട്ടുകെട്ടുണ്ട് ഇവിടെ. എന്നാല്‍ ജീവിച്ചിരിക്കുന്നിടത്തോളം മതത്തെ സംരക്ഷിക്കും എന്നതാണ് തങ്ങളുടെ ദൃഢനിശ്ചയമെന്ന് സ്മൃതി ഇറാനി പറഞ്ഞു.ബിജെപിയുടെ ജൻ ആശിർവാദ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ സെഹോറിൽ നടന്ന പൊതുറാലിയിൽ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ വോട്ടിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും ധർമവും അധർമവും തമ്മിലുള്ള പോരാട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.
കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി
കണ്ണൂരിലെ കേളകം അടക്കാത്തോട് മലയോര മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം ഉള്ളതായി സൂചന. ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയതായി സ്ഥിരീകരിച്ചു. രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.
നിപ രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ
നിപ രോഗവ്യാപനം രണ്ടാം തരംഗത്തിലേക്ക് കടന്നിട്ടില്ലന്നും, നിയന്ത്രണ വിധേയമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രോഗലക്ഷണങ്ങളുള്ള 5 പേരെ കൂടി ഐസൊലേഷനിലാക്കിയിട്ടുണ്ട്. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. അതേസമയം കോഴിക്കോട് ജില്ലയില്‍ അടുത്ത ശനിയാഴ്ച വരെ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
