എക്സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനു ലഭിച്ച പിന്തുണ ജനവികാരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫ് ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യന്‍ പിണറായി തന്നെയെന്നാണു എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലെന്ന് സര്‍വെയില്‍ തെളിഞ്ഞെന്നും എല്‍ഡിഎഫിന് സാധ്യത ഉറപ്പിക്കുന്ന സര്‍വെ ഫലമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
ഐ.സി.എസ്.ഇ പത്താം ക്ലാസ്, ഐ.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐ.സി.എസ്.ഇ പത്താം ക്ലാസില്‍ 99.18 ശതമാനവും ഐഎസ് സി പന്ത്രണ്ടാം ക്ലാസില്‍ 99.13 ശതമാനം വിജയവുമാണുള്ളത്.
തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കൊളജിലേക്കുളള ഡെപ്യൂട്ടേഷന്‍ പരീക്ഷ പേപ്പര്‍ ചേര്‍ന്നെന്ന് പൊലിസുകാര്‍ ഡിജിപിക്കു പരാതി നല്‍കി. ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് രണ്ടാം റാങ്കുകാരനെക്കാള്‍ 20 മാര്‍ക്ക് കൂടുതല്‍ നല്‍കിയതായി കാണാം. ഇന്റര്‍വ്യൂവില്‍ പോലും താഴെ പോകാത്ത വിധം മാര്‍ക്ക് ദാനം നല്‍കിയെന്നും ആക്ഷേപമുണ്ട്.
വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നു സുപ്രീം കോടതി. നിലവിലുള്ള നിയമങ്ങള്‍തന്നെ പര്യാപ്തമാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ നിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹര്‍ജികളില്‍ തീര്‍പ്പുകല്‍പിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.
യുഡിഎഫ് ഭരണം വന്നാല്‍ ലീഗ് ഭരിക്കുമെന്നാണ് മനസിലാക്കേണ്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍. ചെറിയ ഭൂരിപക്ഷത്തിലെങ്കിലും പിണറായി സര്‍ക്കാര്‍ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
ബേപ്പൂരില്‍ റിയാസ് വിജയിച്ചാല്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ട അടിച്ചു കമ്മലിട്ട് നടക്കുമെന്ന് പി.വി അന്‍വര്‍. മറിച്ചുസംഭവിച്ചാല്‍ റിയാസ് വെല്ലുവിളി ഏറ്റെടുക്കുമോയെന്നും അന്‍വര്‍ ചോദിച്ചു.
ഏപ്രില്‍ ഒമ്പതിനു വോട്ടെടുപ്പിലൂടെ ജനം പുറത്താക്കിയ സര്‍ക്കാരാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് സൈനിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്. സസ്പെന്‍ഷന്‍ ഓര്‍ഡറില്‍ നടപടിയുടെ കാരണം വ്യക്തമല്ല. അതിനാല്‍ കോടതിയില്‍ പോകുന്നില്ല. പുതിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കുമെന്നും അശോക് പറഞ്ഞു.
കെ. സുധാകരനെ മല്‍സരിപ്പിക്കരുതെന്ന കെപിസിസിയുടെ പേരില്‍ പ്രചരിക്കപ്പെട്ട വ്യാജക്കത്ത് വ്യാജമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഗ്രൂപ്പില്‍ ലഭിച്ചതു ഫോര്‍വേഡ് ചെയ്യുകയാണുണ്ടായതെന്നും സുധാകരന്റെ അനന്തരവന്‍ അജിത് കുമാര്‍. കെ സുധാകരനെ മോശമാക്കാനാണ് തനിക്കെതിരെ വാര്‍ത്ത വരുന്നതെന്നും കെഎസ് ബ്രിഗേഡ് എന്ന ഗ്രൂപ്പില്‍ അജിത് കുമാര്‍ പറഞ്ഞു.
അതിജീവിതയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെതിരായ ഹര്‍ജി തള്ളി കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തിരുവനന്തപുരം അഡീഷ്ണല്‍ സിജെഎം കോടതി തള്ളിയത്.
മഴ പെയ്ത് ചൂട് കുറഞ്ഞത് ആശ്വാസമായിയെന്നും വൈദ്യുതി ഉപഭോഗം കുറഞ്ഞതിനാല്‍ ഇന്നലെ നിയന്ത്രണം വേണ്ടി വന്നില്ലെന്നും കെഎസ്ഇബി.
യുഡിഎഫിന് 80-90 സീറ്റുകള്‍ ലഭിക്കുമെന്നും എക്സിറ്റ് പോളുകളും അതാണ് പറയുന്നതെന്നും കെ മുരളീധരന്‍. എക്സിറ്റ് പോള്‍ ഫലത്തില്‍ പിണറായി വിജയന്‍ നല്ല മുഖ്യമന്ത്രിയെന്ന വിലയിരുത്തല്‍ ഉണ്ടായെന്ന് കരുതുന്നില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് തീരുമാനിച്ച സത്യപ്രതിജ്ഞ പന്തലില്‍ യുഡിഎഫ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍. ഗോവിന്ദന്‍ മാഷ് പറഞ്ഞത് അധികാരത്തില്‍ വരുമെന്നാണ്. പിണറായിയും അതുതന്നെയാണ് വിശ്വസിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫിന് അനുകൂലമാണെന്നും ഹസന്‍ പറഞ്ഞു.
കെ എസ് ആര്‍ ടി സി ബസില്‍ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യവേ വൈദ്യുത പോസ്റ്റിലിടിച്ച് കൈയറ്റുപോയ യുവാവിന് 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നല്‍കാന്‍ വിധി. അമ്പലവയല്‍ മാളിക കുന്നത്തൊടി വീട്ടില്‍ അസൈനാറിന്റെ മകന്‍ മുഹമ്മദ് അസ്ലം (19) നാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വയനാട് എം എ സി ടി കോടതി ജഡ്ജി എ വി ഉണ്ണികൃഷ്ണനാണ് വിധി പ്രസ്താവിച്ചത്. 2023 ജനുവരി 17 നായിരുന്നു അപകടം.
ബെംഗളൂരുവില്‍ ശക്തമായ മഴയെ തുടര്‍ന്ന് ആശുപത്രിയുടെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് മരിച്ച എറണാകുളം രാമമംഗലം സ്വദേശികളായ ലതയുടെയും സ്മിതയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് എളേരിത്തട്ടിലെ നാലര വയസുകാരി മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഋതു ചന്ദ്രയാണ് മരിച്ചത്.
സംശയരോഗംമൂലം തൃശൂര്‍ ആനക്കല്ലില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ശിവപ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടല്‍ മുറിയില്‍ മാതാപിതാക്കളോടൊപ്പം അവശനിലയില്‍ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികള്‍ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം.
നാളെ മുതല്‍ സിഗരറ്റ് വില വീണ്ടും വര്‍ദ്ധിക്കും. പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ ഐടിസിയും, ഗോഡ്‌ഫ്രെ ഫിലിപ്‌സും 17 ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് സിഗരറ്റ് വില നേരത്തെ കൂട്ടിയിരുന്നു.
ഡല്‍ഹി- മുംബൈ എക്സ്പ്രസ് വേയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി അഞ്ചു മരണം. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങുവേ രാജസ്ഥാനിലെ അല്‍വാറിലാണ് അപകടമുണ്ടായത്.
പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തര്‍ക്കമുണ്ടായ ബൂത്തുകളില്‍ മെയ് 2നകം വോട്ടെടുപ്പ് നടക്കും. 77 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്.
ഖത്തറിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യന്‍ വിമാന കമ്പനികള്‍ പുനരാരംഭിക്കും. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ്സ്, ഇന്‍ഡിഗോ സര്‍വീസുകള്‍ നാളെ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിപ്പ് നല്‍കി.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ ഒന്നര മണിക്കൂര്‍ ടെലിഫോണിലൂടെ സംഭാഷണം നടത്തി. യുദ്ധം ഒഴിവാക്കണമെന്നും നയതന്ത്ര ചര്‍ച്ചകള്‍ക്കു മുന്‍ഗണന നല്‍കണമെന്ന് പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടെന്ന് ക്രെംലിന്‍ അറിയിച്ചു.
ഇറാനെതിരെ നാവിക ഉപരോധമാണ് നേരിട്ടുള്ള സൈനിക നടപടിയേക്കാള്‍ ഫലപ്രദമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാവിക ഉപരോധം ഇറാനെ ശ്വാസം മുട്ടിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്ക നാവിക ഉപരോധം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പു നല്‍കി.
ഇറാന്റെ എണ്ണ സമ്പത്തിനെ തകര്‍ക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ പരിഹസിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ്. യു.എസ് നടപ്പാക്കുന്ന സാമ്പത്തിക തന്ത്രങ്ങള്‍ പരാജയമാണ്. വരും ദിവസങ്ങളില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 140 ഡോളറായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 1,259 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 22 ശതമാനത്തിന്റെ വര്‍ധന. അറ്റ പലിശ വരുമാനം 33 ശതമാനം വര്‍ധിച്ച് 3,173 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 3.74 ശതമാനമായി വര്‍ധിച്ചു. ബാങ്കിന്റെ മൊത്തം ബിസിനസ് 5.78 ലക്ഷം കോടിയായി. മൊത്തം നിക്ഷേപം 5.41% വര്‍ധിച്ച് 3.13 ലക്ഷം കോടിയിലെത്തി. കാസ നിക്ഷേപം 8.26% വളര്‍ച്ചയോടെ 1,03,390.30 കോടി കടന്നു. എന്‍ആര്‍ (പ്രവാസി) നിക്ഷേപങ്ങള്‍ 1 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട് 1,02,619.69 കോടി രൂപയിലെത്തി. വായ്പകള്‍ 2.47 ലക്ഷം കോടി രൂപയില്‍ നിന്ന് 2.72 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 1.84 ശതമാനത്തില്‍ നിന്ന് 1.62 ശതമാനമായി കുറഞ്ഞു.
ഉപയോക്താക്കള്‍ക്ക് സ്വന്തമായി എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജിലേക്ക് ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഗൂഗിള്‍ ഡ്രൈവിലേക്കും ഐക്ലൗഡിലേക്കും ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷനുണ്ടെങ്കിലും പുതിയ ഫീച്ചര്‍ എത്തുന്നതോടെ ബാക്കപ്പ് പ്രോസസ് കൂടുതല്‍ കാര്യക്ഷമമാകും. ക്ലൗഡ് ബാക്കപ്പിനായി ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ ലഭിക്കും. ഗൂഗിള്‍ ഡ്രൈവും 2 ജിബി സൗജന്യ സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്ന വാട്സ്ആപ്പിന്റെ സ്വന്തം ക്ലൗഡ് സ്റ്റോറേജും. വാട്ട്സ്ആപ്പിന്റെ എന്‍ക്രിപ്റ്റ് ചെയ്ത ക്ലൗഡ് സ്റ്റോറേജില്‍ ചാറ്റുകള്‍ ബാക്കപ്പ് ചെയ്യാന്‍ പാസ്വേഡ് അല്ലെങ്കില്‍ 64 അക്ക എന്‍ക്രിപ്ഷന്‍ കീ ഉപയോഗിക്കാം. വാട്സ്ആപ്പ് സെര്‍വറുകളിലേക്ക് അപ്ലോഡ് ചെയ്യുന്ന ഡാറ്റയ്ക്ക് എന്‍ക്രിപ്ഷന്‍ നിര്‍ബന്ധമായിരിക്കും.
ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നു. ഒരു മിനിറ്റും അന്‍പത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസറില്‍, ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. പ്രധാന കഥാപാത്രങ്ങളെയെല്ലാം തന്നെ ടീസറില്‍ കാണിച്ചു പോകുന്നുണ്ട്. മോഹന്‍ലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ദൃശ്യം വേള്‍ഡ് വൈഡ് റിലീസായി തിയറ്ററുകളിലെത്തുക. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശ ശരത് എന്നിവര്‍ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.
നസ്ലിനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ് ‘ ജൂണ്‍ അഞ്ചിന് റിലീസിനെത്തും. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാമു സുനില്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം- ജേക്ക്സ് ബിജോയ്.
ടെസ്ലയുടെ ഇന്ത്യന്‍ ലൈനപ്പിലേക്ക് പുതിയൊരു മോഡല്‍ കൂടി. ആറ് സീറ്റര്‍ മോഡലായ മോഡല്‍ വൈ എല്‍ ആണ് ലക്ഷ്വറി ഫീച്ചറുമായി എത്തിയിരിക്കുന്നത്. മൂന്ന് നിരകളിലായി 6 പേര്‍ക്ക് ഇരിക്കാവുന്ന രീതിയിലുള്ള ഡിസൈനാണ് വൈ എല്‍ മോഡലിന്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിമീ വരെ വൈ എല്‍ മോഡല്‍ സഞ്ചരിക്കും. വെറും 5.0 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിമീ വേഗവും കൈവരിക്കും. മോഡല്‍ വൈ എല്‍ന്റെ പ്രാരംഭ വില 61,99,000 ആണ്. പ്രതിമാസ പേയ്മെന്റ് 49,000 മുതല്‍ ആരംഭിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഡെലിവറികള്‍ 2026 ജൂണ്‍ മുതല്‍ തുടങ്ങും. പ്രീമിയം റിയല്‍ വീല്‍ ഡ്രൈവ് 59.89 ലക്ഷം. പ്രീമിയം ലോങ് റേഞ്ച് റിയല്‍ വീല്‍ ഡ്രൈവ് 67.89 ലക്ഷം. എല്‍ പ്രീമിയം ഓള്‍ വീല്‍ ഡ്രൈവ് 61.99 ലക്ഷം.
ഇന്ത്യയുടെ ഗതാഗതചരിത്രത്തിലെ സവിശേഷമായ ഒരു അദ്ധ്യായമാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റേത്. കേരളത്തിന്റെ അടിസ്ഥാന സാമൂഹ്യവികസനത്തില്‍ കെ എസ് ആര്‍ ടി സി വഹിച്ച പങ്ക് രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി കെ എസ് ആര്‍ ടി സിയിലെ യാത്രാനുഭവങ്ങളെ ‘ആനവണ്ടി’ എന്ന പേരില്‍ സമാഹരിക്കുകയാണ്. ഓര്‍മ്മകളിലൂടെ കേരളീയ ജീവിതത്തില്‍ കെ എസ് ആര്‍ ടി സിയുടെ പങ്ക് അടയാളപ്പെടുത്താനുള്ള ശ്രമമാണിത്. സക്കറിയ, ടി ഡി രാമകൃഷ്ണന്‍, കുരീപ്പുഴ ശ്രീകുമാര്‍, ഇന്ദ്രന്‍സ്, കെ എ ബീന, ദിവ്യ എസ് അയ്യര്‍ തുടങ്ങി ഇരുപത്തഞ്ചോളം പ്രമുഖരുടെ വ്യക്ത്യധിഷ്ഠിതമായ അനുഭവങ്ങളാണ് ഈ പുസ്തകത്തില്‍. ‘ആനവണ്ടി’. എഡിറ്റര്‍ – കെ.ബി ഗണേഷ് കുമാര്‍. ഡിസി ബുക്സ്. വില 225 രൂപ.
ഫാറ്റി ലിവര്‍ ഉള്ളവര്‍ മിതമായ അളവില്‍ ഓറഞ്ച് കഴിക്കുന്നത് ഗുണം ചെയ്യുമെന്ന് പുതിയ പഠനത്തില്‍ പറയുന്നു. 30-65 വയസ്സ് പ്രായമുള്ള നോണ്‍ – ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ള 60 ആളുകളിലാണ് പഠനം നടത്തിയത്. പങ്കെടുക്കുന്നവരെ രണ്ട് വിഭാഗങ്ങളായി വിഭജിച്ചു, അതില്‍ ഒരു വിഭാഗം 4 ആഴ്ചത്തേക്ക് ദിവസവും 400 ഗ്രാം ഓറഞ്ച് കഴിച്ചു. മറ്റൊരു വിഭാഗം കഴിച്ചില്ല. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്യാസ്ട്രോഎന്‍ട്രോളജിയുടെ ന്യൂട്രീഷന്‍ ക്ലിനിക്കില്‍ പഠനം പ്രസിദ്ധീകരിച്ചു. ഓറഞ്ച് പതിവായി കഴിക്കുന്നത് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ആരോഗ്യകരമായ കരള്‍ കലകള്‍ക്ക് ചുറ്റുമുള്ള കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്ന ഫ്ലേവനോയ്ഡുകള്‍, പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ഓറഞ്ച്. കൊഴുപ്പ് രാസവിനിമയത്തെ പിന്തുണയ്ക്കുകയും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കാലക്രമേണ ഫാറ്റി ലിവറിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ്. പ്രമേഹമുള്ളവര്‍ ഓറഞ്ച് കഴിക്കുന്നത് ഫാറ്റി ലിവറിന് ഗുണം ചെയ്യും. എന്നാല്‍ സുരക്ഷിതമായ അളവില്‍ കഴിക്കുക. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, പ്രമേഹരോഗികള്‍ പഴങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കണം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.23, പൗണ്ട് – 128.42, യൂറോ – 111.18, സ്വിസ് ഫ്രാങ്ക് – 120.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.88, ബഹറിന്‍ ദിനാര്‍ – 252.16, കുവൈത്ത് ദിനാര്‍ -309.17, ഒമാനി റിയാല്‍ – 247.64, സൗദി റിയാല്‍ – 25.39, യു.എ.ഇ ദിര്‍ഹം – 25.83, ഖത്തര്‍ റിയാല്‍ – 26.13, കനേഡിയന്‍ ഡോളര്‍ – 69.64.
