yt cover 12

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് സുപ്രീംകോടതി. പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. ബില്ലുകള്‍ അനിശ്ചിതകാലത്തേക്ക് പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും ഗവര്‍ണര്‍മാര്‍ തീകൊണ്ട് കളിക്കരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെ എത്തുമെന്നും ബില്ലുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം എന്തെന്ന് അറിയാമോ എന്നും കോടതി ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും നിയോജക മണ്ഡലങ്ങളില്‍ നടത്തുന്ന പര്യടനത്തിന്റെ ചെലവ് സഹകരണ ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും വഹിക്കാന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. പര്യടനത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്കും തുക ചെലവഴിക്കാന്‍ അനുമതി നല്‍കി ഉത്തരവായി. സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 50,000 രൂപയും മുനിസിപ്പാലിറ്റിക്കും ബ്ലോക്ക് പഞ്ചായത്തിനും ഒരു ലക്ഷം, കോര്‍പറേഷനുകള്‍ക്ക് രണ്ടു ലക്ഷം, ജില്ലാ പഞ്ചായത്തിന് മൂന്നു ലക്ഷവും തനതു ഫണ്ടില്‍നിന്ന് ചെലവഴിക്കാം.

ഒരു

മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നല്‍കാനായി 900 കോടി രൂപ അനുവദിച്ച് ധനവകുപ്പ് . തിങ്കളാഴ്ച മുതല്‍ വിതരണം തുടങ്ങാനാകുമെന്നാണ് ധനവകുപ്പ് അറിയിക്കുന്നത്. നാല് മാസത്തെ കുടിശ്ശികയില്‍ ഒരു മാസത്തെ കുടിശ്ശിക നല്‍കുമെന്ന് ബുധനാഴ്ച ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു പക്ഷെ പണം കണ്ടെത്താന്‍ വൈകിയതാണ് വിതരണം വൈകാന്‍ കാരണമായത്.

ചിക്കുന്‍ ഗുനിയ എന്ന കൊതുക് ജന്യ രോഗത്തിന് ലോകത്ത് ആദ്യമായി വാക്സീന്‍ കണ്ടുപിടിച്ചു. ഇക്സ് ചിക് എന്ന വാക്സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സീന്‍ എടുക്കാമെന്നാണ് നിര്‍ദേശം.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മുസ്ലിം ലീഗ് യുഡിഎഫില്‍ നിന്ന് അകന്നുപോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോണ്‍ഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കണ്ടല ബാങ്കിന്റെ മുന്‍ പ്രസിഡന്റ് ഭാസുരാംഗനെ ചോദ്യം ചെയ്യുന്നതില്‍, ഡോക്ടര്‍മാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും ഇഡി തീരുമാനമെടുക്കുക. ഭാസുരാംഗന്റെ മകന്‍ അഖില്‍ ജിത്തിന്റെ നിക്ഷേപം, സാമ്പത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവ സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.

എറണാകുളം മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്ക് കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ താക്കീത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് തെറ്റായി പ്രസിദ്ധീകരിച്ചത് എന്‍ഐസി സോഫ്റ്റ്വെയറിലെ പിഴവെന്ന് ബോധ്യപ്പെട്ടിട്ടും തിരുത്താന്‍ നടപടിയുണ്ടായില്ലെന്നും ഈ കാലതാമസം അനാവശ്യ വിവാദങ്ങള്‍ കത്തിപ്പടരാന്‍ ഇടയാക്കിയെന്നും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ബാഹ്യസമ്മര്‍ദത്തെ തുടര്‍ന്നാണ് ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരുടെ സമരമെന്നും കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു എന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തെക്കുറിച്ച് ഇ പി ജയരാജന്‍. എന്നാല്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ സമരം നടത്തിയത് ഒരു പാര്‍ട്ടിയും പറഞ്ഞിട്ടല്ലെന്നും, സര്‍ക്കാരില്‍ നിന്നും പണം കിട്ടാതെ കടക്കെണിയില്‍ ആയതോടെ ഗതികെട്ടാണ് സമരം നടത്തിയതെന്നും മലപ്പുറത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയില്‍ മണ്ണെടുപ്പിനെ ചൊല്ലി നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം. ദേശീയപാത നിര്‍മാണത്തിനുള്ള മണ്ണെടുപ്പിനെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നൂറുകണക്കിനാളുകളെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് നീക്കി. സമാധനപരമായി സമരം നടത്തുന്നവര്‍ക്കു നേരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ ഭരണകക്ഷി എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ജനകീയ സമരം നടക്കുമ്പോഴും പൊലീസ് കാവലില്‍ പാലമേല്‍ പഞ്ചായത്തിലെ മറ്റപള്ളി മേഖലയില്‍ മണ്ണെടുപ്പ് തുടരുകയാണ്.

കോട്ടയം സീറ്റില്‍ കേരളാ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് പി.ജെ ജോസഫ്. സീറ്റ് സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഇല്ല. കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ചകള്‍ അടിസ്ഥാനരഹിതമാണെന്നും , തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായും പിജെ ജോസഫ് പറഞ്ഞു.

ആന്ധ്രയില്‍ നിന്നുള്ള ഒരു സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കേരളത്തില്‍ എത്തിയതായി സൂചന. ഇതിനു ശേഷം ശക്തി തെളിയിക്കാനാണ് കമ്പമലയില്‍ വനംവികസന കോര്‍പ്പറേഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് വിദ്യാവാഹിനി പദ്ധതിയിലെ കരാറുകാര്‍ നിലപാടെടുത്തതോടെ ഒരാഴ്ചയായി സ്‌കൂളില്‍ പോകാനാകാതെ അടിമാലി കുറത്തികുടിയിലെ 35 കുട്ടികള്‍. ഊരിനുള്ളിലുള്ള ആദിവാസി കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള പദ്ധതിയാണ് വിദ്യാവാഹിനി. എന്നാല്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കുമെന്നാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ വിശദീകരണം.

ചെഗുവേരയുടെ പേരില്‍ സംഘടിപ്പിക്കുന്ന ചെസ് ഫെസ്റ്റിന് ചെലവിടുന്നത് 87.69 ലക്ഷം രൂപ. ഇതിനായി കായികവകുപ്പ് തയാറാക്കിയ ബജറ്റിന് ഭരണാനുമതി നല്‍കി. കായിക വികസന നിധിയില്‍ പണമില്ലാത്തതിനാല്‍ കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാന്‍ നീക്കിവച്ച ഫണ്ടില്‍നിന്നാണ് ഇതിനുള്ള തുക വകമാറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വര്‍ക്കല പാലച്ചിറ പുഷ്പക വിലാസത്തില്‍ സന്തോഷിന്റെയും അരുവിയുടെയും മകന്‍ സരുണിന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് 4 മണിയോടെ നരിക്കല്ലു മുക്കില്‍ നിന്നും വറ്റപ്ലാമൂട് ജംഗ്ഷനിലേക്ക് ബൈക്കില്‍ വരികയായിരുന്ന സരുണിന്റെ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ചെന്നൈ തുറമുഖത്ത് എണ്ണക്കപ്പലില്‍ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.

മഹുവ മൊയ്ത്ര എംപിയിലൂടെ രാജ്യസുരക്ഷവിവരങ്ങള്‍ ചോര്‍ന്നിരിക്കാമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്. ജമ്മുകാശ്മീര്‍ പുനസംഘടന ബില്‍, മുത്തലാക്ക് ബില്ലടക്കം ഇരുപത് ബില്ലുകളുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ മുന്‍കൂറായി പരിശോധിക്കാന്‍ ഇക്കാലയളവില്‍ എംപിമാര്‍ക്ക് നല്‍കിയിരുന്നു. പാര്‍ലമെന്റ് അക്കൗണ്ട് ഉപയോഗിച്ച ഹിരാനന്ദാനി ഗ്രൂപ്പ് സ്വാഭാവികമായും ഉള്ളടക്കം കണ്ടിരിക്കാമെന്നാണ് എത്തിക്സ് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നത്.

പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. എത്തിക്സ് കമ്മിറ്റി ഇല്ലാത്ത അധികാരം പ്രയോഗിച്ച് തന്നെ പുറത്താക്കാന്‍ നോക്കുന്നുവെന്നും, എത്തിക്സ് കമ്മിറ്റി അധാര്‍മികമായി പുറത്താക്കുന്ന ആദ്യ എം പി എന്ന നിലയില്‍ അഭിമാനം തോന്നുന്നുവെന്നും എന്നാല്‍ 2024ല്‍ ഇതിലും വലിയ ഭൂരിപക്ഷത്തോടെ താന്‍ പാര്‍ലമെന്റില്‍ തിരിച്ചെത്തുമെന്നും മഹുവ പറഞ്ഞു.

പ്രായപൂര്‍ത്തിയായ ട്രാന്‍സ് വ്യക്തികള്‍ക്ക് തല തൊട്ടപ്പനോ തലതൊട്ടമ്മയോ ആകുന്നതിന് തടസമില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രാന്‍സ് വ്യക്തി, അവര്‍ ഹോര്‍മോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവര്‍ക്ക് മാമോദീസ സ്വീകരിക്കുന്നതില്‍ തടസമില്ലെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നില്ല.

ദില്ലിയിലെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രം. സര്‍ക്കാരിന്റേത് ക്രിമിനല്‍ പരാജയമെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിമര്‍ശിച്ചു. 93 ശതമാനവും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പഞ്ചാബിലാണ്. സുപ്രീം കോടതിയെ നിലപാടറിയിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷെ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് പൂര്‍ണ്ണമായി തടയാനാവുന്നില്ലെന്ന് പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മുഖ്യമന്ത്രി അശോക് ഗഹ്ലോതിന്റെ വിശ്വസ്തനും മുന്‍ ജോധ്പുര്‍ മേയറുമായ രാമേശ്വര്‍ ദാദിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. ദൗസ ജില്ലയിലെ മുന്‍ സില പ്രമുഖും കോണ്‍ഗ്രസ് നേതാവുമായിരുന്ന വിനോദ് ശര്‍മ്മയും ബി.ജെ.പിയില്‍ ചേര്‍ന്നു.

മഹാദേവ് ആപ്പ് അഴിമതികേസില്‍ മുഖ്യമന്ത്രി ബാഗേലിനെതിരെ കടുത്ത ആരോപണവുമായി അജിത് ജോഗിയുടെ മകനും ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡ് അധ്യക്ഷനുമായ അമിത് ജോഗി. മഹാദേവ് ആപ്പിന് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നും കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും അമിത് ജോഗി പറഞ്ഞു.

ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഹമറിയ മേല്‍പ്പാലം അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് നഗരസഭയുടെ അറിയിപ്പ്. ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദികളുടെ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. ഖലിസ്ഥാന്‍ നേതാവ് പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു.

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ദക്ഷിണാഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ പോരാട്ടം. ടോസ് നേടിയ അഫ്ഗാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഉപയോക്താക്കളുടെ എണ്ണത്തില്‍ വീണ്ടും ഇടിവ് നേരിട്ട് പ്രമുഖ ഒടിടിയായ ഡിസ്‌നി- ഹോട്ട്സ്റ്റാര്‍. നാലാം പാദത്തില്‍ 28 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കാണിത്. തുടര്‍ച്ചയായ നാലാമത്തെ പാദത്തിലും പ്ലാറ്റ്‌ഫോമിന് വരിക്കാരെ നഷ്ടമായത് തിരിച്ചടിയായി. മുന്‍ പാദത്തില്‍ 4.04 കോടിയായിരുന്നു ഡിസ്‌നി- ഹോട്ട്സ്റ്റാറിന്റെ അംഗങ്ങള്‍. ഇതില്‍ ഏഴുശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 3.76 കോടിയായാണ് വരിക്കാരുടെ എണ്ണം താഴ്ന്നത്. 2022 ഒക്ടോബര്‍ അവസാനം 6.13 കോടിയായിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സിനിമകള്‍ അടക്കം പുതിയ ഉള്ളടക്കം ഇല്ലാത്തതാണ് ഉപയോക്താക്കള്‍ വിട്ടുപോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഐപിഎല്‍ സ്ട്രീമിങ്, എച്ച്ബിഒ എന്നിവയുടെ അവകാശം വയാകോം18ന്റെ ജിയോ സിനിമ അടുത്തിടെ നേടിയിരുന്നു. അതേസമയം വരുമാനത്തില്‍ വര്‍ധനയുണ്ട്. ഓരോ അംഗത്തില്‍ നിന്ന് മൂന്ന് മാസം കൂടുമ്പോള്‍ ലഭിക്കുന്ന വരുമാനം 0.70 ഡോളറായാണ് വര്‍ധിച്ചത്. നിലവില്‍ ഇത് 0.59 ഡോളര്‍ ആയിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം കണ്ടവരുടെ എണ്ണം റെക്കോര്‍ഡിട്ടിരുന്നു. 4.4 കോടി ആളുകളാണ് ഡിസ്‌നി- ഹോട്ട്സ്റ്റാറില്‍ മത്സരം കണ്ടത്. ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. അന്ന് 4.3 കോടി ആളുകളാണ് മത്സരം കണ്ടത്.

വാട്‌സ്ആപ്പിന്റെ വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ തിരഞ്ഞ് കണ്ടെത്തുന്നതിന് ഉപയോക്താക്കളെ എുളപ്പത്തില്‍ അനുവദിക്കുന്ന ഫീച്ചറെത്തി. വാട്ട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ആദ്യം ലഭ്യമാകുക. ഉപയോക്താക്കള്‍ക്ക് നേരത്തെ അയച്ച ഒരു സന്ദേശം കണ്ടെത്താന്‍ കീവേഡുകള്‍ ഓര്‍ക്കണമെന്നില്ല. സന്ദേശം എന്നാണ് അയച്ചെന്നതെന്നും അല്ലെങ്കില്‍ ലഭിച്ചതെന്നും അറിയാമെങ്കില്‍ തീയതി അടിസ്ഥാനമാക്കി സന്ദേശങ്ങള്‍ കണ്ടെത്താം. ടെക്സ്റ്റുകള്‍ ഇല്ലാത്ത വീഡിയോകളും വോയ്സ് നോട്ടുകളും ഉള്‍പ്പെടെ തിരഞ്ഞ് കണ്ടെത്തുന്നതിന് ഈ ഫീച്ചര്‍ ഏറെ സഹായിക്കും. വാട്ട്സ്ആപ്പ് 2348.50-ല്‍ ഫീച്ചര്‍ വരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തത്. വാട്‌സാപ്പിന്റെ വെബ് പതിപ്പില്‍ സന്ദേശങ്ങള്‍ക്കായി തിരയുമ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ കലണ്ടര്‍ ഐക്കണ്‍ ചേര്‍ത്തു. വാട്ട്സ്ആപ്പ് വെബിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലുള്ള കുറച്ച് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ നിലവില്‍ ലഭ്യമാണ് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് വാട്ട്സ്ആപ്പ് വെബിനായുള്ള പുതിയ ‘സെര്‍ച്ച് ബൈ ഡേറ്റ്’ ഫീച്ചര്‍ ഒരു സന്ദേശം അയച്ചതോ സ്വീകരിച്ചതോ ആയ തീയതിയെ അടിസ്ഥാനമാക്കി വേഗത്തില്‍ കണ്ടെത്താന്‍ ഉപയോക്താക്കളെ അനുവദിക്കും. പുതുതായി ചേര്‍ത്ത ഐക്കണില്‍ ക്ലിക്കുചെയ്യുമ്പോള്‍ ഒരു നിശ്ചിത തീയതി തെരഞ്ഞെടുക്കാനുള്ള ഒപ്ഷനോടുകൂടിയ കലണ്ടര്‍ തുറക്കുമെന്നും ഇതിലൂടെ സന്ദേശങ്ങള്‍ കണ്ടെത്താമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം ‘ഫീനിക്സി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ദുരൂഹതകളുമാണ് ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഇതുവരെ ത്രില്ലര്‍ തിരക്കഥകള്‍ ഒരുക്കിയ മിഥുന്റെ ഹൊറര്‍ തിരക്കഥയാണിത്. ചിത്രത്തിന്റെ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഭരതന്‍ ആണ്. അജു വര്‍ഗീസ്, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ് ഫീനിക്സില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. അഡ്വേക്കേറ്റ് ജോണ്‍ എന്ന കഥാപാത്രമായി അജു എത്തുമ്പോള്‍ വൈദികനായാണ് അനൂപ് മേനോന്‍ എത്തുന്നതെന്നാണ് വിവരം. ഡോ.റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ .കെ .ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍ ,അബ്രാംരതീഷ്, ആവണി എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ്.കെ.എന്‍.നിര്‍മ്മിക്കുന്ന ചിത്രം സംഗീതം ഒരുക്കിയിരിക്കുന്നത് സാം സി.എസ് ആണ്.

വലിയ പ്രീ റിലീസ് ഹൈപ്പോ പ്രൊമോഷനുകളോ ഒന്നും തന്നെയില്ലാതെ തിയേറ്ററിലെത്തി ഗംഭീര വിജയം നേടിയ ചിത്രമാണ് ‘കണ്ണൂര്‍ സ്‌ക്വാഡ്’. 100 കോടി ക്ലബ്ബില്‍ കയറിയ ചിത്രം ഇപ്പോഴും ചില തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്. ഇതിനിടെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചിത്രം നവംബര്‍ 17 മുതല്‍ ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററില്‍ എത്തിയത്. ജോര്‍ജ് മാര്‍ട്ടിന്‍ എന്ന എഎസ്‌ഐ ആയാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി എത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്തത്. റോബി വര്‍ഗീസിന്റെ സഹോദരനും നടനുമായ റോണിയും മുഹമ്മദ് ഷാഫിയും ചേര്‍ന്നായിരുന്നു തിരക്കഥ. റിലീസ് ചെയ്ത് വെറും ഒമ്പ്ത് ദിവസം കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിനും ‘റോഷാക്കി’നും ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രമാണിത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ, വിജയരാഘവന്‍, മനോജ് കെ.യു. തുടങ്ങിയ മലയാള താരങ്ങളും ഉത്തരേന്ത്യന്‍ താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ മുതല്‍ക്കൂട്ടായിരുന്നു.

ബിഎംഡബ്ല്യു 7 സീരിസിന് പിന്നാലെ ഫെരാരി സൂപ്പര്‍കാര്‍ സ്വന്തമാക്കി ദുല്‍ക്കര്‍ സല്‍മാന്‍. ഫെരാരിയുടെ 296 ജിടിബി എന്ന മിഡ് എന്‍ജിന്‍, റിയര്‍വീല്‍ ഡ്രൈവ് സൂപ്പര്‍കാറാണ് ദുല്‍ക്കറിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 5.40 കോടി രൂപ മുതലാണ് കാറിന്റെ എക്സ്ഷോറൂം വില. ഉപഭോക്താവിന്റെ താല്‍പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ കൂടി ചേരുമ്പോള്‍ വില ഉയരും. പുതിയ വാഹനത്തില്‍ എന്തൊക്കെ കസ്റ്റമൈസേഷനാണ് ദുല്‍ക്കര്‍ വരുത്തിയത് എന്ന് വ്യക്തമല്ല. റുബിനോ മെറ്റാലിസാറ്റോ എന്ന നിറത്തിലുള്ള ഫെരാരിയാണ് ഇതെന്നാണ് സൂചന. ഏറെ നാളുകള്‍ക്ക് ശേഷം ഫെരാരി പുറത്തിറക്കുന്ന വി 6 പ്രൊഡക്ഷന്‍ കാറാണ് 296 ജിടിബി. മുന്‍പ് ഫെരാരി ഡിനോ ബ്രാന്‍ഡുകളില്‍ മാത്രമാണ് വി6 എന്‍ജിന്‍ ഉപയോഗിച്ചിരുന്നത്. ദ റിയല്‍ ഫെരാരി വിത്ത് ജെസ്റ്റ് 6 സിലിണ്ടേഴ്സ് എന്നാണ് 296 എന്ന സൂപ്പര്‍കാര്‍ പുറത്തിറക്കിക്കൊണ്ട് ഫെരാരി പ്രഖ്യാപിച്ചത്. 2022 ലാണ് ഫെരാരി 296 ജിടിബി വിപണിയില്‍ എത്തിച്ചത്. പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്പോര്‍ട്സ് കാറായ 296 ജിടിബിയില്‍ 3 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 6.0 കിലോവാട്ട് ബാറ്ററിയും ഉപയോഗിക്കുന്നു. രണ്ട് പവര്‍ സോഴ്സുകളും കൂടി ചേര്‍ന്ന് വാഹനത്തിന് 819 ബിഎച്ച്പി കരുത്ത് നല്‍കുന്നുണ്ട്. 6250 ആര്‍പിഎമ്മില്‍ 740 എന്‍എം ആണ് ടോര്‍ക്ക്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ ഈ സൂപ്പര്‍കാറിന് വെറും 2.9 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം 330 കിലോമീറ്ററാണ്.

സുഖത്തില്‍, സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന മനുഷ്യര്‍ കുറച്ചു മനുഷ്യരുടെ ഒപ്പമാണ്. നരകത്തില്‍, വേദനയില്‍, ജയിലറയില്‍ കഴിയുമ്പോള്‍ നാം കോടാനുകോടി മനുഷ്യരുടെ ഒപ്പമാണ്. അവരുടെ വേദനകളുടെയും സഹനത്തിന്റെയും ഒപ്പമാണ്. ആ ഒപ്പമാകലിനുവേണ്ടിയാവണം എല്ലാ സിദ്ധാര്‍ത്ഥ•ാരും കൊട്ടാരവാസം വിട്ടിറങ്ങിപ്പോകുന്നത്. ഒരു നേട്ടത്തിനും വേണ്ടിയല്ലാതെ മനുഷ്യര്‍ പരസ്പരം ഒന്നുചേരുക എന്ന കാഴ്ചപ്പാടില്‍ രൂപംകൊണ്ട അയല്‍ക്കൂട്ടപ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മാധവന്‍, ജാനകി എന്നിവരുടെ അലൗകികപ്രണയത്തിന്റെ കഥ. അസൂയയും വെറുപ്പും വിദ്വേഷവും പകയും പ്രതികാരവുമെല്ലാം മനുഷ്യസ്നേഹമെന്ന മഹാപ്രവാഹത്തില്‍ അലിഞ്ഞില്ലാതായി, അപരനും ചേര്‍ന്നതാണ് ഞാന്‍ എന്ന ഒരുമയുടെ സുന്ദരസങ്കല്‍പ്പത്തിലേക്കുയരുന്ന രചന. വി.ടി. ജയദേവന്റെ ഏറ്റവും പുതിയ നോവല്‍. ‘അയല്‍പക്കത്തായം’. മാതൃഭൂമി. വില 212 രൂപ.

പനിയോ ജലദോഷമോ വരുമ്പോള്‍ കാപ്പി കുടിക്കാതിരിക്കുന്നതാണ് നല്ലത്. പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടന്‍ചായ തുടങ്ങിയവ കുടിക്കാനാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അസുഖബാധിതര്‍ കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതിന് പിന്നിലെ കാരണം എന്താണെന്ന് അറിയാമോ? കഫൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുമ്പോള്‍ ഉറക്കം വരില്ല. അസുഖബാധിതരായി ഇരിക്കുമ്പോള്‍ വിശ്രമമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്. കാപ്പി കുടിക്കുന്നത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്നതിനാല്‍ അസുഖബാധിതര്‍ കാപ്പി കഴിവതും ഒഴിവാക്കേണ്ടതാണ്. കൂടാതെ കഫൈന്‍ ശരീരത്തെ നിര്‍ജലീകരിക്കാന്‍ കാരണമാകും. കാപ്പി കുടിച്ച് കഴിഞ്ഞാല്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതിന്റെ കാരണമിതാണ്. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന് അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ് ഈ സമയത്ത് ആവശ്യം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *