◾സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ മുങ്ങുന്നതു തടയാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം നടപ്പാക്കും. പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജീവനക്കാര്‍ മുങ്ങുന്നതായി കണ്ടതോടെയാണ് അകത്തേക്കു പ്രവേശിക്കാനും പുറത്തു പോകാനും പഞ്ചു ചെയ്യേണ്ട ആക്സസ് കണ്‍ട്രോള്‍ കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. പൊതു ഭരണ സെക്രട്ടറി ജ്യോതി ലാല്‍ ഉത്തരവിറക്കി.
◾സംസ്ഥാന സെക്രട്ടേറിയേറ്റ് വളഞ്ഞ് യുഡിഎഫ് സമരം വരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ടാമത്തെ ആഴ്ചയില്‍ സമരം ചെയ്യാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. നിയമസഭ നേരത്തെ പിരിയാന്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടിയതാണെന്നും യുഡിഎഫ് വിലയിരുത്തി. അഞ്ച് എംഎല്‍എമാര്‍ സഭയില്‍ സത്യഗ്രഹം ആരംഭിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയം അവതരിപ്പിച്ച് സഭ നേരത്തെ പിരിയുകയായിരുന്നു.
◾
*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*
കെട്ടിടത്തിന്റെ മുന്‍ഭാഗം ഉള്‍പ്പെടെ മൊത്തത്തില്‍ നവീകരിച്ച പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമിന് പുതിയ മുഖം. നിലവിലുള്ള ഷോറൂമിനെക്കാള്‍ പകുതിയിലധികം വലുപ്പ കൂടുതലുള്ള പുതിയ കെട്ടിടം പുളിമൂട്ടില്‍ സില്‍ക്‌സിനെ ഏറെ ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കസ്റ്റമേഴ്‌സിന് ഒരു പുതുപുത്തന്‍ അനുഭവം തന്നെ ആയിരിക്കും. ജയന്റ് വീല്‍, വാലറ്റ്, അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗുകളിലൂടെ വിശാലമായ പാര്‍ക്കിംഗ് സൗകര്യം. കൂടാതെ, ഉദ്ഘാടനം പ്രമാണിച്ച് വിവാഹ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും സൗകര്യങ്ങളും. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഏറ്റവും ഉയര്‍ന്ന മൂല്യങ്ങളായ ഗുണമേന്മ, അതിവിപുലമായ സെലക്ഷനുകള്‍, ഉപഭോക്തൃ സംതൃപ്തി, ന്യായമായ വില എന്നിവ ഇനി കൂടുതല്‍ മേന്മയോടെ തൃശ്ശൂരിലെ ജനങ്ങള്‍ക്ക് ആസ്വദിക്കാം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
◾ദേവികുളം നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിന്റെ എം. രാജ വിജയിച്ച തെരഞ്ഞെടുപ്പു ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന്‍ 10 ദിവസത്തെ സാവകാശം അനുവദിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ചു തന്നെ സ്റ്റേ നല്‍കിയത്.
◾ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സുപ്രീം കോടതിയില്‍ തടസഹര്‍ജി ഫയല്‍ ചെയ്തു.
◾പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഉദ്യോഗസ്ഥനില്‍നിന്ന് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍നിന്നാണ് കേസ് ഒതുക്കാന്‍ മകന്റെ അക്കൗണ്ടിലേക്കു പണം വാങ്ങിയത്.
◾ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശമുണ്ടാക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ ശനിയാഴ്ച മയക്കുവെടി വയ്ക്കും. ശനിയാഴ്ച പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും. റോഡുകള്‍ അടച്ചിടും. സന്ദര്‍ശനം ഒഴിവാക്കണമെന്ന് ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾തിരുവനന്തപുരം ലോ കോളേജിലെ സമവായ ചര്‍ച്ച ഇന്നലെയും പരാജയപ്പെട്ടു. എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപിക കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് എസ്എഫ്ഐ. എസ് എഫ് ഐ കേസ് പിന്‍വലിച്ചില്ലെങ്കില്‍ തങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് കെഎസ് യു നിലപാടെടുത്തു. ഇതോടെ ക്ലാസുകള്‍ തത്കാലം പുനരാരംഭിക്കാനാവില്ല.
◾സ്റ്റൈപ്പന്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്മാരും പിജി ഡോക്ടര്‍മാരും അനിശ്ചിത കാല സമരത്തിലേക്ക്. പിജി ഡോക്ടര്‍മാര്‍ക്ക് അഞ്ചു മാസമായി സ്റ്റൈപ്പന്റ് ലഭിക്കുന്നില്ലെന്നാണു പരാതി.
◾കണ്ണൂര്‍ സെന്റ് അഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതിയിലെ അഴിമതിയില്‍ കരാറുകാരെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ് കേസെടുത്തു. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗ്ഗീസ്, കരാര്‍ കമ്പനി ആയ സിംപയോളിന്‍ ടെക്നോളജി, കിറ്റ്കോ ഉദ്യോഗസ്ഥര്‍, കൃപാ ടെല്‍കോം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. 3.88 കോടി രൂപയുടെ പദ്ധതി 2016 ലാണ് ഉദ്ഘാടനം ചെയ്തത്.
◾തിരുവനന്തപുരം പെരുമാതുറയില്‍ പതിനേഴുകാരന്റെ ദുരൂഹ മരണം. തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (17) ആണ് മരിച്ചത്. ഇര്‍ഫാനെ ഒരു സുഹൃത്ത് വീട്ടില്‍നിന്ന് വിളിച്ചു കൊണ്ടുപോയി. ഏഴുമണിയോടെ ഒരാള്‍ ഇര്‍ഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അമിതമായി മയക്കുമരുന്നു നല്‍കിയ നിലയിലായിരുന്നെന്ന് അമ്മ പരാതിപ്പെട്ടു.
◾പാലക്കാട് കല്‍മണ്ഡപത്ത് പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് 57 പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതി വീട്ടുടമയുടെ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരന്‍. ഇയാളടക്കം മൂന്നു പേരാണ് പിടിയിലായത്. ജീവനക്കാരനായ പുതുനഗരം സ്വദേശി തൗഫീഖ്, വിമല്‍, ബഷീറുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
◾
◾ഇടുക്കി കാഞ്ചിയാറില്‍ വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം. പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (അനുമോള്‍ – 27 ) യാണു മരിച്ചത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. അനുമോളെ കാണാനില്ലെന്നു പരാതി നല്‍കി മുങ്ങിയ ഭര്‍ത്താവ് ബിജേഷിനെ പോലീസ് തെരയുന്നു.
◾ദാമ്പത്യ പ്രശ്നം പരിഹരിക്കാന്‍ പൂജ നടത്തുകയാണെന്ന മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റില്‍. കോമ്പാറ സ്വദേശി കോക്കാട്ട് പ്രദീപി (43)നെയാണ് അറസ്റ്റ് ചെയ്തത്.
◾ഹൃദയാഘാതംമൂലം വിമാനം അടിയന്തരമായി റിയാദിലിറക്കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മലയാളിയായ ഉംറ തീര്‍ഥാടകയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഉംറ നിര്‍വഹിച്ച ശേഷം സ്പൈസ് ജറ്റ് വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലപ്പുറം എടയൂര്‍ നോര്‍ത്ത് ആദികരിപ്പാടി മവണ്ടിയൂര്‍ മൂന്നാം കുഴിയില്‍ കുഞ്ഞിപ്പോക്കരുടെ ഭാര്യ ഉമ്മീരിക്കുട്ടി (55) ആണ് മരിച്ചത്.
◾തിമിംഗലത്തിന്റെ അഴുകിയ ജഡം തൃശൂര്‍ ചാവക്കാട് കടപ്പുറത്ത് കരയ്ക്കടിഞ്ഞു. വൈകിട്ട് അഞ്ചോടെയാണ് പ്രദേശവാസികള്‍ ജഡം കണ്ടത്.
◾ഡല്‍ഹി ബജറ്റ് അവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി. അടിസ്ഥാന സൗകര്യവികസനത്തിനും പരസ്യത്തിനും ചിലവാക്കിയ തുകയില്‍ വിശദീകരണം തേടിയാണ് കേന്ദ്രം ബജറ്റ് അവതരണം തടഞ്ഞത്. 22,000 കോടി രൂപ അടിസ്ഥാന വികസനത്തിനും 550 കോടി രൂപ പരസ്യത്തിനും ചെലവാക്കിയെന്ന് അറിയിച്ചതോടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്തിന്റെ ബജറ്റ് അവതരണം കേന്ദ്ര സര്‍ക്കാര്‍ തടയുന്നത്.
◾ഉത്തരേന്ത്യയില്‍ ഭൂകമ്പം. ഡല്‍ഹി, ജമ്മു കാഷ്മീര്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്നലെ രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്.
◾നുണകളില്‍ കെട്ടിപ്പടുത്ത പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വ എന്ന് ട്വീറ്റ് ചെയ്ത കന്നഡ നടന്‍ ചേതന്‍ കുമാര്‍ അഹിംസയെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുത്വ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബജ്രംഗദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾പാര്‍ലമെന്റിനകത്തും പുറത്തും ബിജെപി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി. നിലപാടില്‍ വ്യക്തത വരുത്താന്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണം. തനിക്ക് സാമാന്യ നീതി നിഷേധിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്പീക്കര്‍ക്ക് രാഹുല്‍ എഴുതിയ കത്ത് കോണ്‍ഗ്രസ് പുറത്തുവിട്ടു.
◾ഒളിവില്‍ കഴിയുന്ന ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന്റെ വിവിധ രൂപങ്ങളിലുള്ള ഫോട്ടോകള്‍ പഞ്ചാബ് പൊലീസ് പുറത്തുവിട്ടു. അമൃത്പാല്‍ മുഖവും വേഷവും മാറ്റിയെന്നു സംശയിച്ചാണ് ഷേവ് ചെയ്ത ഫോട്ടോ സഹിതം പുറത്തിറക്കിയത്. ഇയാളെ കണ്ടെത്താന്‍ ഫോട്ടോകള്‍ സഹായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
◾ഖലിസ്ഥാന്‍ വാദി അമൃത്പാല്‍ സിംഗ് പൊലീസില്‍നിന്നു തെന്നിമാറി കാറില്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച ജലന്ധറിലെ ടോള്‍ പ്ലാസയില്‍നിന്നും അമൃത്പാല്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാലു പ്രതികള്‍ ചേര്‍ന്നാണ് അമൃത് പാലിനെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെടാന്‍ ഉപയോഗിച്ച ബ്രസ്സ കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
◾അമൃത്പാല്‍ സിംഗിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റം ചുമത്തി. പഞ്ചാബ് സര്‍ക്കാര്‍ ഇക്കാര്യം ഹൈക്കോടതിയില്‍ വ്യക്തമാക്കി. അമൃത്പാലിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സര്‍ക്കാരിനെ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.
◾പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം യുഎപിഎ ട്രൈബ്യൂണല്‍ ശരിവച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ അധ്യക്ഷനായ ട്രൈബ്യൂണലാണ് പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ചത്.
◾പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഡിഐജി, എസ്പി എന്നിവര്‍ക്കെതിരെയാണ് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് മന്‍ നിര്‍ദേശിച്ചത്.
◾സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയെന്ന് സിബിഐ. മെഹുല്‍ ചോക്സിയെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുമെന്നും സിബിഐ. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്ന സര്‍ക്കാര്‍ സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
◾ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ചക്കിടെ ബുദ്ധജയന്തി പാര്‍ക്കില്‍ ചായയും പാനിപൂരിയും കഴിക്കുന്നതിന്റെ വീഡിയോ പുറത്ത്. മോദിതന്നെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
◾പത്തു കോടി രൂപ തന്നില്ലെങ്കില്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെ അപായപ്പെടുത്തുമെന്ന് ഫോണ്‍ സന്ദേശം. ഗഡ്ഗരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ജയേഷ് പൂജാരി എന്നു പേരു പറഞ്ഞ് ഒരാള്‍ ഭീഷണിപ്പെടുത്തിയത്. ഫോണ്‍ നമ്പര്‍ മംഗലൂരുവിലെ സ്ത്രീയുടേതാണെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾ഏകീകൃത കളര്‍ കോഡില്‍നിന്നും അമിത നികുതിയില്‍നിന്നും രക്ഷപ്പെടാന്‍ കര്‍ണാടകയിലേക്കു റജിസ്ട്രേഷന്‍ മാറ്റിയ കൊമ്പന്‍ ട്രാവല്‍സിന്റെ ടൂറിസ്റ്റ് ബസുകള്‍ കര്‍ണാടകത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ബെംഗളൂരുവിലെ കോളേജിലെ മലയാളി വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്കു പോയ ബസാണ് നാട്ടുകാര്‍ തടഞ്ഞത്. കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ലൈറ്റുകളും ഗ്രാഫിക്സുകളുമുള്ള ബസ് മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുമെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്.
◾ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ എലിശല്യം ഒഴിവാക്കാന്‍ സ്ഥാപിച്ച യന്ത്രം നീക്കം ചെയ്യും. യന്ത്രം പ്രവര്‍ത്തിക്കുമ്പോഴുള്ള ശബ്ദംമൂലം ക്ഷേത്രത്തിലെ ദൈവങ്ങള്‍ക്ക് ഉറങ്ങാനാകുന്നില്ലെന്നും യന്ത്രം നീക്കം ചെയ്യണമെന്നും പൂജാരിമാരാണു നിര്‍ദേശിച്ചത്. എലിശല്യംമൂലം ക്ഷേത്രം ഭാരവാഹികള്‍ സ്ഥാപിച്ചതായിരുനനു എലി യന്ത്രം.
◾പതിനഞ്ചുകാരനെ ബലാത്സംഗം ചെയ്ത കേസില്‍ പത്തൊമ്പതുകാരിക്കു പത്തു വര്‍ഷം തടവുശിക്ഷ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പതിനഞ്ചുകാരനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റു ചെയ്തത്.
◾ഇ കൊമേഴ്സ് കമ്പനിയായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാമ്പത്തിക അനിശ്ചിതത്വം കാരണം വരും ദിവസങ്ങളില്‍ ഒമ്പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടും. മൂന്നു മാസത്തിനിടെ 27,000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.
◾ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം നാളെ ആരംഭിക്കും. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലാണ് നാളെ റമദാന്‍ നോമ്പിന് തുടക്കമാവുന്നത്.
◾വനിതാ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾വനിതാ പ്രീമിയര്‍ ലീഗിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. യുപി വാരിയേഴ്‌സ് മുന്നോട്ടുവെച്ച 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജയത്തിലെത്തി. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഡല്‍ഹി ഫൈനലില്‍ എത്തുന്ന ആദ്യ ടീമായി. മുംബൈ ഇന്ത്യന്‍സ്-യുപി വാരിയേഴ്‌സ് എലിമിനേറ്ററിലെ വിജയികളായിരിക്കും കലാശപ്പോരില്‍ ഡല്‍ഹിയുടെ എതിരാളികള്‍.
◾ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് ചെന്നൈയിലെ ചെപ്പോക്കില്‍. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും ജയിച്ചതിനാല്‍ ഇന്ന് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
◾ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ഇടം പിടിച്ച് റിലയന്‍സ് റീട്ടെയിലും, റിലയന്‍സ് ജിയോയും. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനമായ ടിപാല്‍റ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം 63 ബില്യണ്‍ ഡോളറും 58 ബില്യണ്‍ ഡോളറും മൂല്യമുള്ള ഇവര്‍ ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ട് കമ്പനികളും. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ ആന്റ് ഗ്രൂപ്പ്, ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികള്‍. ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ മൂല്യം 180 ബില്യണ്‍ ഡോളറാണ്. ജാക്ക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പ് ഈ വര്‍ഷം സ്‌പേസ് എക്‌സിനെ പിന്നിലാക്കി രണ്ടാമതെത്തി. അലിപേയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മൂല്യം 150 ബില്യണ്‍ ഡോളറാണ്. മൂന്നാം സ്ഥാനത്തുള്ള സ്പേസ് എക്‌സ് 125 ബില്യണ്‍ ഡോളറില്‍ തുടരുന്നു. ഏറ്റവും മികച്ച ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് ആദ്യ പത്തില്‍ ഇടമില്ല. 18-ാം സ്ഥാനം മാത്രം. മൂല്യം 22 ബില്യണ്‍ ഡോളര്‍. സ്വിഗ്ഗി (6 ബില്യണ്‍ ഡോളര്‍), ഒയോ (10 ബില്യണ്‍ ഡോളര്‍), റേസര്‍പേ (7 ബില്യണ്‍ ഡോളര്‍), ഒല (7 ബില്യണ്‍ ഡോളര്‍), ക്രെഡ് (6 ബില്ല്യണ്‍ ഡോളര്‍), ഫാര്‍മസി (6 ബില്യണ്‍ ഡോളര്‍) എന്നിവയും പട്ടികയിലുണ്ട്. യുഎസിനും ചൈനയ്ക്കും ശേഷം ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സ്ഥാനം ഇന്ത്യ നിലനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ യൂണികോണുകളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ തുടരുന്നു.
◾ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘നീലവെളിച്ച’ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രില്‍ 21ന് ചിത്രം തിയറ്ററുകളില്‍ എത്തും. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നീലവെളിച്ചം’. ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കഥകളുടെ സുല്‍ത്താനായ ബഷീറിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘നീലവെളിച്ചം’ 1964-ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയില്‍ എ വിന്‍സന്റിന്റെ സംവിധാനത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മല, അടൂര്‍ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവര്‍ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാര്‍ഗ്ഗവീനിലയത്തിന്റെ പുനരാവിഷ്‌കാരമാണ്. പ്രേതബാധയ്ക്കു കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം.
◾സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാര്‍ത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് ‘തുരുത്ത് ‘. ചിത്രം മാര്‍ച്ച് 31 ന് തീയേറ്ററുകളിലെത്തും. തന്റെ ഉറ്റചങ്ങാതിയുടെ ആത്മഹത്യയെ തുടര്‍ന്ന് റസാഖ്, സുഹൃത്തിന്റെ ഭാര്യ ഉഷയുടെയും മകന്‍ അപ്പുവിന്റെയും ഉത്തരവാദിത്ത്വം ഏറ്റെടുക്കാന്‍ നിര്‍ബ്ബന്ധിതനാകുന്നു. ഭിന്നമതസ്ഥര്‍ ഒരുമിച്ചതിലൂടെ സ്വസമുദായങ്ങളുടെ എതിര്‍പ്പ് ഇരുവര്‍ക്കും നേരിടേണ്ടി വരുന്നു. സുരക്ഷിതമായൊരു ഇടം കണ്ടെത്താന്‍ വേണ്ടി സ്വന്തം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്ന ആ കുടുംബത്തിന്റെ തുടര്‍യാത്രയിലെ സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളുമാണ് ചിത്രത്തിന്റെ പ്രമേയം. സുധീഷാണ് കേന്ദ്രകഥാപാത്രമായ റസാഖിനെ അവതരിപ്പിക്കുന്നത്. ഉഷയെ കീര്‍ത്തി ശ്രീജിത്തും അപ്പുവിനെ മാസ്റ്റര്‍ അഭിമന്യുവും അവതരിപ്പിക്കുന്നു. കൂടാതെ എം ജി സുനില്‍കുമാര്‍ , ഷാജഹാന്‍ തറവാട്ടില്‍, കെ പി എ സി പുഷ്പ, മധുസൂദനന്‍ , ഡോ. ആസിഫ് ഷാ, സക്കീര്‍ ഹുസൈന്‍, സജി സുകുമാരന്‍ , മനീഷ്‌കുമാര്‍ , സജി, അപ്പു മുട്ടറ, അശോകന്‍ ശക്തികുളങ്ങര, പ്രസന്ന എന്നിവരും അഭിനയിക്കുന്നു.
◾പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ, വെര്‍ണയുടെ പരിഷ്‌കരിച്ച പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 10.89 ലക്ഷം രൂപ മുതല്‍ 17.37 ലക്ഷം രൂപ വരെയാണ് പുത്തന്‍ വെര്‍ണയുടെ എക്‌സ്‌ഷോറൂം വില. ഇഎക്‌സ്, എസ്, എസ് എക്‌സ്, എസ്എക്‌സ് (ഒ) എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് കാര്‍ ലഭ്യമാവുക. ഒരു മാസം മുന്‍പ് തന്നെ ഇതിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുത്തന്‍ വെര്‍ണ ഇപ്പോള്‍ ഏഴ് സിംഗിള്‍ ടോണ്‍ എക്സ്റ്റീരിയര്‍ നിറങ്ങളിലും രണ്ട് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഹൊറൈസണ്‍ എല്‍ഇഡി പൊസിഷനിംഗ് ലാമ്പുകള്‍, ഡിആര്‍എല്ലുകള്‍ എന്നിവയ്ക്കൊപ്പം മുന്‍വശത്ത് ബ്ലാക്ക് ക്രോം പാരാമെട്രിക് ഗ്രില്ലും സവിശേഷതയാണ്. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലാണ് പുതിയ സെഡാനില്‍ ഒരുക്കിയിരിക്കുന്നത്. 64 കളര്‍ ആംബിയന്റ് ലൈറ്റിംഗ്, ലെതര്‍ പൊതിഞ്ഞ പ്രീമിയം 2 സ്പോക്ക് സ്റ്റിയറിംഗ് വീലും ഗിയര്‍ നോബും, 10.25 ഇഞ്ച് എച്ച്ഡി ഓഡിയോ വീഡിയോ നാവിഗേഷന്‍ സിസ്റ്റം, കളര്‍ ടിഎഫ്ടി എംഐഡിയുള്ള 10.25 ഇഞ്ച് ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഡ്രൈവ് മോഡ് സെലക്ട് എന്നിവയാണ് പുതിയ സെഡാനിലെ ശ്രദ്ധേയമായ മറ്റു ചില സവിശേഷതകള്‍. വോയ്സ് എനേബിള്‍ഡ് സ്മാര്‍ട്ട് ഇലക്ട്രിക് സണ്‍റൂഫ്, സ്മാര്‍ട്ട്ഫോണ്‍ വയര്‍ലെസ് ചാര്‍ജര്‍, പുഷ് ബട്ടണോടുകൂടിയ സ്മാര്‍ട്ട് കീ, സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
◾ജീവിതം കവിത നാടകം- ഈ മൂന്നു വ്യവഹാരങ്ങളിലും ഒരുപോലെ ഇടപെട്ടും ഇടം തേടിയും കഴിഞ്ഞകാലത്തെ ഓര്‍മ്മിച്ചെടുക്കുന്ന ലളിതവും സരസവുമായ നിരീക്ഷണക്കുറിപ്പുകളുടെ സമാഹാരം. പി.പി. രാമചന്ദ്രന്റെ ലേഖനങ്ങള്‍. ‘നല്ല മാഷല്ല ഞാന്‍’. മാതൃഭൂമി ബുക്സ്. വില 240 രൂപ.
◾തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാള്‍ എളുപ്പത്തില്‍ ദഹിക്കുന്നത് തൈരാണ്. മനുഷ്യ ശരീരത്തിന് വേണ്ട ബാക്ടീരിയകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ഇവ കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റുന്നു. തൈരില്‍ പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മം വൃത്തിയുള്ളതും മൃദുവാക്കാനും തൈര് സഹായിക്കുന്നു. മാത്രമല്ല, ഇതില്‍ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങള്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി5, സിങ്ക്, അയോഡിന്‍, റിബോഫ്ലാവിന്‍ തുടങ്ങിയവയാണ്. അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഗലയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിന്‍ ബി12 ഉം തൈരില്‍ അടങ്ങിയിട്ടുണ്ട്. തൈരില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നു. സ്വകാര്യ ഭാഗങ്ങളിലെ യീസ്റ്റ് അണുബാധ ഒരു പരിധിവരെ കുറയ്ക്കാന്‍ തൈര് കഴിക്കുന്നത് കൊണ്ട് സാധിക്കും. ഇവയിലടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ വയറിലുണ്ടാകാവുന്ന ലാക്ടോസ് വിരുദ്ധത, മലബന്ധം, വയറിളക്കം കോളോണ്‍ കാന്‍സര്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു. തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയില്‍ കാത്സ്യം ശരീരത്തില്‍ കടക്കുകയും തുടര്‍ന്ന്, ഇതിന്റെ ഭാഗമായി ശരീരത്തിലെ കൊഴുപ്പ് കുറയുകയും ചെയ്യുന്നു. ഒപ്പം ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാനും സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ നിന്ന ഒരു വൃദ്ധന്‍ അയാളോട് പറഞ്ഞു: എത്ര തവണ ശ്രമിച്ചിട്ടാണെങ്കിലും ആ പൂച്ചയെ നിങ്ങള്‍ രക്ഷിക്കണം. അതിന് നിങ്ങളേയും ഭയമാണ്. അയാള്‍ പിന്നെയും ശ്രമിച്ചു. പലപ്രാവശ്യമായപ്പോള്‍ അയാള്‍ അപകടകാരിയല്ലെന്ന് പൂച്ചയ്ക്ക് മനസ്സിലായി. അടുത്തശ്രമത്തില്‍ അയാള്‍ പൂച്ചയെ രക്ഷിച്ചു അനുസരണക്കേട് കാട്ടുന്നവരെല്ലാം നീചരാകണമെന്നു നിര്‍ബന്ധമില്ല. അജ്ഞതയും നിസ്സാഹായതയും അതിന് കാരണമാകാം. ആഗ്രഹമുണ്ടായിട്ടും തിരുത്താനാകാത്ത എത്രപേരുണ്ടാകും. രക്ഷാമാര്‍ഗ്ഗം കാണുമ്പോള്‍ തിരിച്ചുകയറാനുള്ള വിവേകവും ധൈര്യവും ഉണ്ടായിരുന്നെങ്കില്‍ അവര്‍ അവിടെ അകപ്പെടുകയോ, അകപ്പെട്ടിടത്ത് തുടരുകയോ ഇല്ലായിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാനദണ്ഢങ്ങളുണ്ടാകരുത്. രക്ഷകനായാല്‍ മടുക്കുന്നത് വരെയല്ല, രക്ഷപ്പെടുത്തുന്നതുവരെ അവരോടൊപ്പം തന്നെയുണ്ടാകണം. അര്‍ഹിക്കുന്ന അനുകമ്പയോടെ കൂടെനില്‍ക്കാന്‍ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ തീരം കണ്ടെത്തുമായിരുന്ന ഒട്ടേറെ ജീവിതനൗകകള്‍ ഇപ്പോഴും നടുക്കിടയില്‍ അലയുന്നുണ്ടാകും. ആ ഒരാളാകാന്‍ നമുക്ക് ശ്രമിക്കാം – ശുഭദിനം.