p10 yt cover 1

ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവച്ചു. എത്രയും വേഗം സംസ്ഥാന പദവി നല്‍കി അടുത്ത വര്‍ഷം സെപ്റ്റംബര്‍ 30 നകം നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിട്ടു. നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടില്ല. ജമ്മു കാഷ്മീരിനെ രണ്ടാക്കിയ നടപടിയും ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടിയും കോടതി അംഗീകരിച്ചു.

കോണ്‍ഗ്രസ് നേതാവ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെയും സംഘത്തെയും മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരേ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് തന്നെ മര്‍ദിച്ചതെന്ന് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പറഞ്ഞു.

പെരുമ്പാവൂര്‍ ഓടക്കാലിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞതിനു നാലു കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്തു. സംഭവത്തില്‍ നാലു കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലുമായി തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സ്*

വിവാഹം ഇനി ഉത്സവമാകും. മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ സമരമുറ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണര്‍ കാവിവത്കരിക്കുന്നതിനെതിരേ പ്രതിഷേധിക്കാത്തവരാണു നാടിന്റെ വിസനത്തിനായുള്ള നവകേരള സദസിനെതിരേ പ്രതിഷേധിക്കുന്നത്. കരിങ്കൊടി കാണിച്ചു പ്രശ്നങ്ങളുണ്ടാക്കുന്നവരെ പോലീസ് എത്തുന്നതിനു മുമ്പു പതിനായിരത്തിലേറെ വരുന്ന ജനക്കൂട്ടത്തിലെ കുറേപേര്‍ പിടിച്ചുമാറ്റുന്നതു സ്വാഭാവികമാണെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.

ജനതാദള്‍ സെകുലര്‍ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് സി.കെ നാണു വിഭാഗം. ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചതിനെതിരേ കര്‍ണാടക സംസ്ഥാന അധ്യക്ഷനായിരുന്ന സി എം ഇബ്രാഹിമിനൊപ്പം ബെംഗളുരുവില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി. മന്ത്രി കെ കൃഷ്ണന്‍കുട്ടിയും മാത്യു ടി തോമസും യോഗത്തില്‍ പങ്കെടുത്തില്ല. നാണുവിനേയും ഇബ്രാഹിമിനേയും പാര്‍ട്ടയില്‍നിന്ന് പുറത്താക്കിയതായി ദേവഗൗഡ പക്ഷവും അറിയിച്ചിരുന്നു.

ശബരിമലയില്‍ ഭക്തരുടെ തിരക്കും തീര്‍ത്ഥാടകരുടെ സൗകര്യങ്ങളും പഠിക്കാന്‍ അഭിഭാഷക സംഘത്തെ നിയോഗിക്കാമെന്നു ഹൈക്കോടതി. തിരക്ക് നിയന്ത്രിച്ചതിനാല്‍ അഭിഭാഷക സംഘത്തിന്റെ ആവശ്യമില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എഡിജിപി നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കും. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളുടെ വീഡിയോ അവതരിപ്പിക്കും. സന്നിധാനത്തേക്കുള്ള അനധികൃത പാതകള്‍ അടച്ചെന്നും കോടതിയെ അറിയിച്ചു.

നവ കേരള സദസിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിനു പാലാ പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാര്‍ച്ച് മാസത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയുടെ പാലാ കൊട്ടാരമറ്റം ബസ് ടെര്‍മിനലിലെ സ്വീകരണ വേദി തകര്‍ക്കുമെന്ന് ബോംബ് ഭീഷണി മുഴക്കി കത്തെഴുതിയതിനും ഇയാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

*കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍

*

ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ക്കാണ് കെ.എസ്.എഫ്.ഇ ഗോള്‍ഡ് ലോണ്‍. എത്രയും പെട്ടെന്ന് കൂടുതല്‍ തുക അതും കുറഞ്ഞ പലിശക്ക്. *കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 , ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്റ്റാലിന്‍ ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നവ കേരള സദസിന്റെ പേരില്‍ സിപിഎം ക്രിമിനലുകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണ്. ക്രിമിനല്‍ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന നവകേരള ബസിനെതിരെ ഷൂ എറിഞ്ഞത് കെഎസ് യുവിന്റെ സമര രീതിയല്ലെന്നു കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. അത്തരം സമരത്തെ അംഗീകരിക്കില്ല. സമരത്തെ ഡിവൈഎഫ്ഐക്കാര്‍ കൈയ്യൂക്കുകൊണ്ട് നേരിടുകയാണ്. പിണറായി വിജയന് അകമ്പടിക്കായി ഗൂണ്ടാപടയെ കൊണ്ടുപോകുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് കെഎസ്ആര്‍ടിസി ബസുകള്‍ പമ്പയില്‍ പിടിച്ചിടുന്നു. തീര്‍ത്ഥാടകര്‍ മണിക്കൂറുകളോളമാണു വഴിയില്‍ കാത്തുകിടക്കുന്നത്. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനെയും നിയന്ത്രണം ബാധിച്ചു. 140 ബസുകളാണ് ചെയിന്‍ സര്‍വീസിനുള്ളത്.

ഡോ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതി ഡോ റുവൈസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അതീവ ഗൗരവമുള്ള കുറ്റമാണ് പ്രതി ചെയ്തതെന്ന് തിരുവനന്തപുരം സ്പെഷ്യല്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിരീക്ഷിച്ചു.

തെരുവ് നായയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ തെന്നിപ്പോയ അമ്മയുടെ കൈയില്‍നിന്ന് വഴുതി കിണറ്റില്‍ വീണ പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടി ബൈപ്പാസ് റോഡിലെ ശിഹാബുദ്ദീന്റെ ഏഴു മാസം പ്രായമുള്ള മകള്‍ ഹാജാമറിയമാണ് മരിച്ചത്. കുഞ്ഞു മൂത്രമൊഴിച്ചതു വൃത്തിയാക്കാന്‍ കുഞ്ഞിനെയുംകൊണ്ട് കിണറ്റിനടുത്ത് എത്തിയപ്പോഴാണ് നായ് ഓടിയെത്തിയത്.

നിയന്ത്രണം വിട്ട കാര്‍ ബേക്കറിയിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനില്‍ പുലര്‍ച്ചെ ആന്ധ്രാ സ്വദേശികളായ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ നെസ്റ്റ് ബേക്കറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമസ്ഥനായ ആലിയാട് സ്വദേശി രമേശന്‍ (47) ആണ് മരിച്ചത്.

ജമ്മുകാഷ്മീര്‍ പുനഃസംഘടനാ നടപടി സുപ്രീംകോടതി ശരിവച്ചത് കൂടുതല്‍ ശക്തമായ ഇന്ത്യ നിര്‍മ്മിക്കാന്‍ പ്രതീക്ഷ നല്‍കുന്ന വിധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രപരമായ വിധിയാണ്. പാര്‍ലമെന്റ് നടപടിയെ കോടതി ശരിവച്ചിരിക്കുകയാണ്. മോദി പ്രതികരിച്ചു.

ലോക്സഭയില്‍നിന്ന് അയോഗ്യയാക്കിയ നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര സുപ്രീം കോടതിയില്‍. പുറത്താക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നും തന്റെ വാദം കേള്‍ക്കാതെ നടപടിയെടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നുമാണ് മഹുവയുടെ വാദം.

കര്‍ണാടകയില്‍ വീണ്ടും ഓപ്പറേഷന്‍ താമര സംഭവിക്കുമെന്ന് ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസ് മന്ത്രി 50 എംഎല്‍എമാരുമായി ബിജെപിയില്‍ ചേരും. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കേസുകളില്‍നിന്ന് രക്ഷപ്പെടാനാണു മന്ത്രി ബിജെപിയില്‍ ചേരുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

ഒഡിഷയിലെ കോണ്‍ഗ്രസ് എംപി ധീരജ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങളിലുംനിന്ന് പിടിച്ചെടുത്ത കള്ളപ്പണം എണ്ണി തീര്‍ത്തു. 351 കോടി രൂപയാണ് ആദായ നികുതി വകുപ്പു നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത്. അഞ്ചു ദിവസം കൊണ്ടാണ് നോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയത്.

നിര്‍ബന്ധിത വിവാഹേതര ബന്ധത്തിന്റെ പേരില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയും ഭര്‍ത്താവും ഹോട്ടല്‍ ഉടമയെയും കാമുകിയെയും കൊലപ്പെടുത്തി. ഹോട്ടല്‍ ഉടമ രവി ഠാക്കൂര്‍ (42), കാമുകി സരിത ഠാക്കൂര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ മംമ്ത (32), നിതിന്‍ പവാര്‍ (35) എന്നിവരെ അറസ്റ്റു ചെയ്തു.

ഗുഡ്ക കമ്പനിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. പുകയില കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ചതു സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഇതേ വിഷയം സുപ്രീം കോടതി പരിഗണിക്കുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. പ്രശ്നത്തില്‍ ഇതിനകം കേന്ദ്രം നടന്മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

1999 ലെ കാര്‍ഗില്‍ യുദ്ധം അരുതെന്ന് ആവശ്യപ്പെട്ടതിനാണു പ്രസിഡന്റ് പര്‍വേശ് മുഷറഫ് തന്നെ പുറത്താക്കിയതെന്നു പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. നാലു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പാകിസ്ഥാനില്‍ തിരിച്ചെത്തിയ നവാസ് ഷെരീഫ് ഒരു പാര്‍ട്ടി യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയുമായി മികച്ച ബന്ധത്തിനാണ് താന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയില്‍ അഞ്ച് ഇന്ത്യന്‍ വംശജരുടെ മരണത്തില്‍ കലാശിച്ച വാഹനാപകടത്തിനു കാരണം ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയെന്ന് പോലീസ്. ഹോട്ടലിലേക്ക് വാഹനം ഓടിച്ചു കയറ്റി അപകടമുണ്ടാക്കിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു.

പ്രമുഖ ശീതളപാനീയ ബ്രാന്‍ഡായ കൊക്ക-കോള ഇന്ത്യയിലെ മദ്യ വിപണിയിലും ഒരു കൈ നോക്കാനിറങ്ങുന്നു. ‘ലെമണ്‍-ഡൂ’ എന്ന റെഡി-ടു-ഡ്രിങ്ക് മദ്യോത്പന്നം പരീക്ഷണമെന്നോണം ഗോവ, മഹാരാഷ്ട്ര വിപണികളിലാണ് ആദ്യം അവതരിപ്പിക്കുക. വോഡ്കയും നാരങ്ങയും ഒത്തുചേര്‍ന്ന ഉത്പന്നത്തിന് സമാനമായ രുചിയുള്ളതാണ് ലെമണ്‍-ഡൂവും. ‘ചുഹായി’ എന്നറിയപ്പെടുന്ന ആല്‍ക്കഹോളിക് കോക്ക്‌ടെയ്ല്‍ ലെമണ്‍-ഡൂ ആദ്യമായി അവതരിപ്പിച്ചത് ജപ്പാനിലാണ്. 2018ലാണ് കൊക്ക-കോള ഇത് ജാപ്പനീസ് വിപണിയില്‍ പുറത്തിറക്കിയത്. 250 മില്ലി ലിറ്ററിന്റെ അലുമിനിയം ബോട്ടില്‍ കാനാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. 250 രൂപ വിലയും പ്രതീക്ഷിക്കുന്നു. ജപ്പാനും ഇന്ത്യക്കും പുറമേ ചൈന, ഫിലിപ്പൈന്‍സ് തുടങ്ങി ഏതാനും രാജ്യങ്ങളിലും ലെമണ്‍-ഡൂ കൊക്ക-കോള വിറ്റഴിക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണത്തിലൂടെ വിപണിവിപുലീകരണമാണ് ആല്‍ക്കഹോള്‍ പ്രോഡക്റ്റായ ലെമണ്‍-ഡൂ അവതരിപ്പിക്കുന്നതിലൂടെ കൊക്ക-കോള ഉന്നമിടുന്നത്. നിലവില്‍ കോക്കിന് പുറമേ സ്‌പ്രൈറ്റ്, തംസ് അപ്പ്, ഫാന്റ, ലിംക, മാസാ, കിന്‍ലി വാട്ടര്‍, ഓണസ്റ്റ് ടീ, കോഫീ ബ്രാന്‍ഡുകളായ ജ്യോര്‍ജിയ. കോസ്റ്റ കോഫീ തുടങ്ങിയവ കൊക്ക-കോളയ്ക്കുണ്ട്. ആഗോള സ്പിരിറ്റ് നിര്‍മ്മാതാക്കളായ പെര്‍നോഡ് റികാര്‍ഡുമായി കഴിഞ്ഞ ഒക്ടോബറില്‍ കൊക്ക-കോള കൈകോര്‍ത്തിരുന്നു. അബ്‌സൊല്യുട്ട് വോഡ്കയും സ്‌പ്രൈറ്റും വിപണിയിലിറക്കാനാണിത്. 2024ഓടെയാകും അബ്‌സൊല്യുട്ട് ആന്‍ഡ് സ്‌പ്രൈറ്റ് ബ്രാന്‍ഡില്‍ ഈ റെഡി-ടു-ഡ്രിങ്ക് പ്രീ-മിക്‌സ്ഡ് കോക്ക്‌ടെയ്ല്‍ ഉപഭോക്താക്കളിലേക്ക് എത്തുക. പെര്‍നോഡിന്റെ പ്രീമിയം വോഡ്കയും കൊക്ക-കോളയുടെ ലെമണ്‍-ലൈം ശീതളപാനീയങ്ങളായ സ്‌പ്രൈറ്റ്, സ്‌പ്രൈറ്റ് സീറോ ഷുഗര്‍ എന്നിവയും ചേരുന്ന ഉത്പന്നങ്ങളാകും ഇവ. ജര്‍മ്മനി, യു.കെ., സ്‌പെയിന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ വിപണികളിലാകും ഇവ ആദ്യമെത്തുകയെന്നും സൂചനയുണ്ട്.

അത്യാകര്‍ഷകമായ ഫീച്ചറുകള്‍ ഉള്ള ഏറ്റവും പുതിയ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട്. ബോട്ടിന്റെ ലൂണാര്‍ സീരീസിന് കീഴില്‍, ലൂണാര്‍ പ്രോ എല്‍ടിഇ എന്ന സ്മാര്‍ട്ട് വാച്ചാണ് കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ലൂണാര്‍ പ്രോ എല്‍ടിഇ സ്മാര്‍ട്ട് വാച്ചില്‍ ജിയോയുടെ ഇ-സിം പിന്തുണയ്ക്കുന്നതാണ്. ഇതാദ്യമായാണ് ഇ-സിം പിന്തുണയുള്ള സ്മാര്‍ട്ട് വാച്ച് ബോട്ട് അവതരിപ്പിക്കുന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാകുന്ന വിലയില്‍ വാങ്ങാന്‍ കഴിയുന്ന ലൂണാര്‍ പ്രോ എല്‍ടിഇ സ്മാര്‍ട്ട് വാച്ചിനെ കുറിച്ച് കൂടുതല്‍ പരിചയപ്പെടാം. -സിം പിന്തുണ ലഭിക്കുന്നതിനാല്‍, സ്മാര്‍ട്ട്ഫോണിന്റെ സാന്നിധ്യം ഇല്ലാതെ തന്നെ കോളുകള്‍ ചെയ്യാനും എടുക്കാനും കഴിയുന്നതാണ്. സാധാരണയായി ബ്ലൂടൂത്ത് വഴിയുള്ള കോളിംഗ് മാത്രമാണ് ബോട്ട് പോലുള്ള കമ്പനികളുടെ സ്മാര്‍ട്ട് വാച്ചുകളില്‍ ലഭ്യമായിരുന്നത്. എപ്പോഴും ഫോണ്‍ അടുത്ത് ഉണ്ടാകണം എന്നതാണ് ബ്ലൂടൂത്ത് കോളിംഗിന്റെ പ്രധാന പോരായ്മ. ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം എന്ന നിലയിലാണ് ഇ-സിം പിന്തുണ ഉറപ്പുവരുത്തിയിരിക്കുന്നത്. വാച്ചിന് വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്. നിരവധി സ്പോര്‍ട്സ് മോഡുകള്‍ ലഭ്യമാണ്. വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ ലൂണാര്‍ പ്രോ എല്‍ടിഇ വാങ്ങാനാകും.

റിലീസ് ചെയ്ത് പത്താം ദിവസവും ബോക്സോഫീസില്‍ കുതിപ്പ് തുടര്‍ന്ന് അനിമല്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 1 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സാക്നില്‍ക്.കോം റിപ്പോര്ട്ട് അനുസരിച്ച്, ചിത്രം അതിന്റെ രണ്ടാം ഞായറാഴ്ചയോടെ ഇന്ത്യയില്‍ നിന്നും കളക്ഷനില്‍ 430 കോടി പിന്നിട്ടു. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, അനില്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, പ്രേം ചോപ്ര എന്നിവരും ശക്തമായ വേഷത്തില്‍ എത്തുന്നുണ്ട്. ആദ്യവാരത്തില്‍ 337.58 കോടിയാണ് നേടിയത്. അതിന് ശേഷം ചിത്രം അതിന്റെ റിലീസിന്റെ ഒന്‍പതാം ദിനത്തില്‍ 34.74 കോടി നേടി. ഇതില്‍ ഹിന്ദി പതിപ്പില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക എത്തിയത് 32.74 കോടി. എന്നാല്‍ ഞായറാഴ്ച എത്തിയതോടെ കളക്ഷന്‍ വീണ്ടും ഉയര്‍ന്നു. 35.02 കോടിയാണ് റിലീസിന് ശേഷമുള്ള രണ്ടാം ഞയറാഴ്ച ചിത്രം നേടിയത്. ഇതോടെ അനിമലിന്റെ ഇന്ത്യന്‍ ബോക്സോഫീസ് കളക്ഷന്‍ 430.29 കോടിയായി. അതേ സമയം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ നിരയിലുള്ള സുല്‍ത്താന്‍, സഞ്ജു, ധൂം 3 തുടങ്ങിയ ചിത്രങ്ങളെയൊക്കെ അനിമല്‍ ഇതിനകം പിന്നിലാക്കിയിട്ടുണ്ട്. സണ്ണി ഡിയോളിന്റെ ഗദര്‍ 2 ന് അടുത്തെത്തിയിട്ടുമുണ്ട് 9 ദിവസം കൊണ്ട് രണ്‍ബീര്‍ കപൂര്‍ ചിത്രം. അതേ സമയം 9-ാം ദിവസം വരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ അനിമല്‍ നേടിയത് 660.89 കോടി ആണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്.

നാനി നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഹായ് നാണ്ണാ’. മൃണാള്‍ താക്കൂറാണ് നായികയായി എത്തിയിരിക്കുന്നത്. ഗാനങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ഒരു ചിത്രമാണ് ഹായ് നാണ്ണാ. നാനി നായകനായ പാന്‍ ഇന്ത്യന്‍ ചിത്രമായ ഹായ് നാണ്ണാ വിദേശത്തും മികച്ച തുടക്കമിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഹായ് നാണ്ണായുടെ വിദേശത്ത് ആദ്യ ആഴ്ച മികച്ച നേട്ടമുണ്ടാക്കി. ഇന്ത്യക്ക് പുറത്തെ കളക്ഷന്‍ 12 കോടി രൂപയാണ് എന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിഷാം അബ്ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്ണ കാന്ത് എഴുതിയ വരികളുള്ള ഗാനം റിലിസീനു മുന്നേ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്. നാനിയും മൃണാള്‍ താക്കൂറും ഒന്നിക്കുന്ന ചിത്രം മോഹന്‍ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി. മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ നിര്‍വഹിക്കുന്നത്.

2024 ജനുവരി ഒന്നുമുതല്‍ മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാറ്റി ഇന്ത്യ അറിയിച്ചു. വില വര്‍ദ്ധനവിന്റെ കൃത്യമായ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ പ്രവര്‍ത്തനച്ചെലവിലുണ്ടായ വര്‍ധനയാണ് വര്‍ദ്ധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. സ്‌ക്രാംബ്ലര്‍ 803 മുതല്‍ പാനിഗാലെ വി4 എസ്പി2 വരെ ഇന്ത്യയില്‍ അതിന്റെ പൂര്‍ണ്ണമായ ലൈനപ്പ് കമ്പനി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ തിരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളിലും വേരിയന്റുകളിലും 2024 ജനുവരി 1 മുതല്‍ വില വര്‍ധിപ്പിക്കുമെന്ന് ഡ്യുക്കാറ്റി അറിയിച്ചു. എല്ലാ ഡീലര്‍ഷിപ്പുകളിലും തിരഞ്ഞെടുത്ത മോഡലുകളിലും വേരിയന്റുകളിലും പുതുക്കിയ വിലകള്‍ പ്രാബല്യത്തില്‍ വരുമെന്നും ഡ്യുക്കാറ്റി പറഞ്ഞു. ഡല്‍ഹി, മുംബൈ, പൂനെ, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ചണ്ഡീഗഡ്, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ബ്രാന്‍ഡിന് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. സ്‌റ്റൈല്‍, സോഫിസ്റ്റിക്കേഷന്‍, പെര്‍ഫോമന്‍സ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഡുക്കാറ്റി, അത്യാധുനിക ഉല്‍പ്പന്നങ്ങളിലൂടെയും ലോകോത്തര ക്ലയന്റ് അനുഭവങ്ങളിലൂടെയും ഈ മൂല്യങ്ങള്‍ എത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി പറയുന്നു.

പ്രേതവേട്ടക്കാരന്‍ വാഗോ പലതരം പ്രേതങ്ങളെ കീഴടക്കാന്‍ നടത്തുന്ന ശ്രങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പ്രേതവേട്ടകളുടെ അല്‍ഭുതകരമായ സാധ്യതകളില്‍ വായനക്കാര്‍ ജിജ്ഞാസാഭരിതരാകും. പല സാഹചര്യങ്ങളില്‍ നിന്നുള്ളവരാണ് ഗോസ്റ്റ് എലിമിനേഷന്‍ സര്‍വീസ് ഓഫീസിന്റെ സഹായം തേടിയെത്തുന്നത്. പ്രേതങ്ങള്‍ കൂടി കഥാപാത്രങ്ങളാകുന്ന; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ച് രസിക്കാനുതകുന്ന ഒരു ഹൊറര്‍ നോവല്‍. ‘ഭൂതവേട്ട’. സുരേഷ് തൃപ്പൂണിത്തുറ. സൈന്‍ ബുക്സ്. വില 133 രൂപ.

മല്ലിയില പോഷക സമൃദ്ധമായ ഇലക്കറിയാണ്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതിന് കറികളില്‍ ചേര്‍ക്കുന്നത് കൂടാതെ, മല്ലിയില കൊണ്ട് ചട്‌നി പോലുള്ള പല വിഭവങ്ങളും തയ്യാറാക്കാന്‍ സാധിക്കും. തിയാമൈന്‍, വൈറ്റമിന്‍ എ, സി, റിബോഫ്‌ളാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്‌സാലിക് ആസിഡ്, പൊട്ടാസ്യം എന്നീ ഘടകങ്ങളാണ് ഇതിലുള്ളത്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും പ്രമേഹം കുറയ്ക്കാനും സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികള്‍ക്ക് മല്ലിയില ഉത്തമമാണ്. മല്ലിയില കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യതയും കുറയ്ക്കുകയും ചെയ്യും. മല്ലിയിലയിലെ നാരുകളും എന്‍സൈമുകളും ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. വിശപ്പില്ലായ്മക്ക് ഇത് ഉത്തമ പ്രതിവിധിയാണ്. വായിലെ അള്‍സര്‍ അകറ്റാന്‍ മികച്ച ഔഷധമാണ്. ചര്‍മരോഗങ്ങളെ പ്രതിരോധിക്കാനും ശമനം നല്‍കാനും സഹായിക്കുന്നു. കാഴ്ച മെച്ചപ്പെടുത്താന്‍ ഉത്തമം. പുളിച്ചു തികട്ടല്‍, ഓക്കാനം എന്നിവ അകറ്റും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.38, പൗണ്ട് – 104.60, യൂറോ – 89.68, സ്വിസ് ഫ്രാങ്ക് – 94.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.69, ബഹറിന്‍ ദിനാര്‍ – 221.19, കുവൈത്ത് ദിനാര്‍ -270.21, ഒമാനി റിയാല്‍ – 216.59, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.71, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.39.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *