ഇന്ത്യന്‍ വാഹന വിപണിയിലേക്ക് 2019ല്‍ കടന്നു വന്നതാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ. പതിനഞ്ചു ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കി എന്നൊരു നാഴികക്കല്ലാണ് കിയ സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അനന്തപുരിലാണ് കിയയുടെ വാഹന പ്ലാന്റ്. ഈ നിര്‍മാണശാലയിലാണ് കിയ മോട്ടോര്‍സ് തങ്ങളുടെ 15 ലക്ഷം യൂണിറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കിയയുടെ എം പി വിയായ കാരന്‍സിന്റെ നിര്‍മാണത്തിലൂടെയാണ് കമ്പനി ഈ മാന്ത്രിക നമ്പറിലെത്തിയത്. കാറുകള്‍ 90 രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്. സെല്‍റ്റോസ്, സോണറ്റ്, കാരന്‍സ്, ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച സിറോസ് എന്നീ വാഹനങ്ങളാണ് അനന്തപുരിലെ പ്ലാന്റില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. 2019 മുതലുള്ള കാലയളവില്‍ 700688 യൂണിറ്റ് സെല്‍റ്റോസും 519064 യൂണിറ്റ് സോണറ്റും 257754 കാരന്‍സും വിപണിയിലെത്തി. കിയയില്‍ നിന്നും ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിറോസിന്റെ 23036 യൂണിറ്റുകളും പുറത്തിറങ്ങി. 15 ലക്ഷം വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍, ഏറ്റവും കുറഞ്ഞ കാലയളവില്‍ പ്രാദേശികമായി ഇത്രയും വാഹനങ്ങള്‍ നിര്‍മിച്ചതെന്ന പേരും കിയയ്ക്ക് സ്വന്തമായി. ഈ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായി കാരന്‍സിന്റെ പുതിയ മോഡല്‍ മെയ് 8 നു രാജ്യത്ത് അവതരിപ്പിക്കുമെന്നും കിയ അറിയിച്ചിട്ടുണ്ട്.
15 ലക്ഷം വാഹനനിര്‍മാണം പൂര്‍ത്തിയാക്കി കിയ
