തൃശൂര്‍ : ലോക ഹൃദയദിനത്തോടനുബന്ധിച്ച് നിര്‍ധനരായ ഹൃദ്രോഗികള്‍ക്ക് ആശ്വാസവുമായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്‌മേക്കറാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തൃശ്ശൂര്‍ ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് തിരഞ്ഞെടുത്ത 20 ഓളം നിര്‍ധനരായ രോഗികള്‍ക്കാണ് പേസ്‌മേക്കര്‍ സൗജന്യമായി നല്‍കിയത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ജോയ് ആലുക്കാസ്, ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്, ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ആന്റണി ജോസ്, മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ഐഎംഎ തൃശൂര്‍ പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്, ടി.എം.എ പ്രസിഡന്റ് പത്മകുമാര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ് ആലുക്കാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമൂഹത്തിലെ നിര്‍ധനരായ ആളുകളുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചതെന്ന് ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. സാമ്പത്തിക പരാധീനതകള്‍ മൂലം ഒരു മനുഷ്യജീവനും നഷ്ടമാകരുതെന്ന കാഴ്ചപ്പാടാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷനെ ഇത്തരമൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. കേവലമൊരു ജീവകാരുണ്യ പ്രവര്‍ത്തനം എന്നതിലുപരി സമൂഹത്തോടുള്ള ഫൗണ്ടേഷന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനസമൂഹത്തെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ല്‍ ആരംഭിച്ച ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
50 പേര്‍ക്ക് സൗജന്യ പേസ്‌മേക്കര്‍ നല്കി ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍
