ടെലിഗ്രാം മെസഞ്ചര്‍ ആപ്പിനെതിരെ നിരീക്ഷണം കര്‍ശനമാക്കി കേന്ദ്ര സര്‍ക്കാര്‍. ഈ പ്ലാറ്റ്‌ഫോമിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലുളള ആശങ്കയാണ് നടപടി കടുപ്പിക്കാന്‍ കാരണം. ടെലിഗ്രാം വഴി നടക്കുന്ന ഗുരുതരമായ നിയമലംഘനങ്ങള്‍ അക്കമിട്ട് നിരത്തുന്നതാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ തയാറാക്കിയ 35 പേജുള്ള റിപ്പോര്‍ട്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുക, സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കായി ടെലിഗ്രാം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മുതല്‍ ടെലിഗ്രാം വഴി നടന്ന സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് ഏകദേശം 6,88,000 പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ വഴി ഏകദേശം 750 മില്യണ്‍ ഡോളറിന്റെ (ഏകദേശം 6,250 കോടി രൂപ) നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിലും പ്ലാറ്റ്ഫോം പരാജയപ്പെട്ടാല്‍, ഇന്ത്യയില്‍ ടെലിഗ്രാമിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.
