ക്രൂഡ്ഓയില്‍ ലഭ്യതയില്‍ കൂടുതല്‍ സ്വയംപര്യാപ്തത നേടുന്നതിന്റെ ഭാഗമായി വിദേശ എണ്ണക്കമ്പനികളില്‍ ഓഹരിപങ്കാളിത്തം സ്വന്തമാക്കാന്‍ ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍. വെനസ്വേല സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പിഡിവിഎസ്എ എണ്ണക്കമ്പനിയുടെ നിയന്ത്രണത്തിലുള്ള സാന്‍ ക്രിസ്റ്റോബല്‍, കാറാബോബോ എന്നീ എണ്ണപ്പാടങ്ങളിലാണ് ഒഎന്‍ജിസിയുടെ വിദേശ വിഭാഗമായ ഒഎന്‍ജിസി വിദേശിന് ഓഹരിപങ്കാളിത്തമുള്ളത്. സാന്‍ ക്രിസ്റ്റോബലില്‍ 40 ശതമാനവും കാറാബോബോ ഫീല്‍ഡില്‍ 11 ശതമാനവുമാണ് നിലവിലെ പങ്കാളിത്തം. ഇന്ത്യന്‍ ഓയില്‍ (3.5), ഓയില്‍ ഇന്ത്യ (3.5) എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ഭൂരിപക്ഷ ഓഹരികള്‍ വെനസ്വേലയുടെ പിഡിവിഎസ്എയുടെ നിയന്ത്രണത്തിലാണ്. കൂടുതല്‍ നിയന്ത്രണം ലഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിന ഉത്പാദനം 12,000-15,000 ബാരലില്‍ നിന്ന് 30,000 ബാരലായി ഉയര്‍ത്താം. ഒഎന്‍ജിസിയുടെ പുതിയ നീക്കം വിജയിച്ചാല്‍ ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടും. ഗള്‍ഫ് ആശ്രിതത്വം കുറച്ച് വിദേശത്ത് കൂടുതല്‍ എണ്ണപ്പാടങ്ങള്‍ സ്വന്തമാക്കി ക്രൂഡ് രാജ്യത്തെത്തിക്കാനാണ് ഇന്ത്യയുടെ ശ്രമം.
