Your paragraph text 22

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യ സഖ്യ എംപിമാരുടെ മാർച്ച്. സേവ് ഡെമോക്രസി ബാനർ ഉയർത്തിയാണ് എംപിമാരുടെ പ്രതിഷേധം. പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള പ്രകടനം ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു.
‎
‎മുഖ്യമന്ത്രി വി.ഡി.സതീശനെതിരെയുള്ള രേഖാമൂലമുള്ള പരാതി മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ അടൂർ പ്രകാശ് ഏകപക്ഷീയ ശൈലി ആരോപിച്ച് രാഹുൽ ഗാന്ധിക്കും ഇന്ന് പരാതി നൽകിയേക്കും. മുന്നണി കൺവീനറുടെ പരാതിയിൽ ഹൈക്കമാൻ‍ഡിനെ നിലപാട് അറിയിച്ചേക്കും.
‎
‎മുഖ്യമന്ത്രി വി. ഡി. സതീശനെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരത്തിനായി ഹൈക്കമാൻഡ് നേതൃത്വത്തിൽ സർക്കാർ-പാർട്ടി ഏകോപന സമിതി വന്നേക്കും. ഈ വിഷയത്തിൽ ചർച്ച നടക്കാനാണ് സാധ്യത.
‎
‎ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ തസ്തികയിൽ നിന്ന് മാറ്റണമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വകുപ്പിൽ താൻ ഉത്തരവിട്ട പ്രധാനപ്പെട്ട പല അന്വേഷണങ്ങളും പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്നില്ലെന്നും പ്രധാന ഫയലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവെച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
‎
‎എയിംസ് കേരളത്തിൽ വരണം എന്നാണ് തന്‍റെ ആഗ്രഹമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. യോഗ്യമായ സ്ഥലം തൃശൂർ ആണ്. താൻ ബിജെപി എംപി ആയതിനാൽ എയിംസ് തൃശൂരിൽ വരേണ്ട എന്ന് സംസ്ഥാനം തീരുമാനിച്ചാൽ അവിടെ തന്നെ വരും എന്നും സുരേഷ് ഗോപി പറഞ്ഞു.
‎
‎പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നടപടികൾ ഉണ്ടായേക്കും. അതേസമയം സംഭവത്തിൽ ഇരയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന.
‎
‎സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയിരിക്കുന്നത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസിൽ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
‎
‎ഇഎൻ സുരേഷ് ബാബുവിനെതിരെ നിയമനടപടി ആണ് വേണ്ടതെന്ന് സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരായ പരാതി സിപിഎം പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്‍റെ പ്രതികരണം.
‎
‎സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റിയതിന് പാർട്ടിക്ക് അതിന്‍റേതായ കാരണങ്ങളുണ്ടെന്ന് എൻ എൻ കൃഷ്ണദാസ്. പാർട്ടിക്കകത്ത് കൈകാര്യം ചെയ്യേണ്ടത് ആഭ്യന്തരമായി കൈകാര്യം ചെയ്യും. അതിന് ശേഷം സമയാസമയം പൊതുസമൂഹത്തോട് പറയുമെന്നും എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു
‎
‎ഇ എം സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി. സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക എന്നത് നമ്മുടെ സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും പരാതിയിൽ പറയുന്നു.
‎
‎ഇഎൻ സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിലാണ് സിപിഎം ഇത്തരത്തിൽ ഒരു നടപടി എടുത്തത് എന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
‎
‎പാലക്കാട് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അറിയില്ലെന്നും പത്തനംതിട്ടയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് പറഞ്ഞു. അതേ സമയം പാലക്കാട് സംഘടനാപരമായ നടപടിയാണ് എടുത്തതെന്നും കാര്യങ്ങൾ യഥാസമയം വിശദീകരിച്ചിട്ടും മാധ്യമങ്ങൾ ഇല്ലാത്ത കഥകൾ മെനയുകയാണെന്ന് ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
‎
‎മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരായ അന്വേഷണത്തിൽ മുൻ മന്ത്രി മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുകൾക്ക് എസ്ഐടി സംഘം നോട്ടീസ് നൽകി. ഹസൻ വാരിസ്, നിഖിൽ എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്യുന്നത്.
‎
‎പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കമാകും.
‎
‎അടൂർ പ്രകാശിനെതിരേ പരിഹാസവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. സർക്കാരിന്റെ എല്ലാ നല്ല തീരുമാനങ്ങളും അദ്ദേഹത്തിന്റെ കൂടി തീരുമാനമായിരുന്നു എന്നാണ് താൻ കരുതിയതെന്നും ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി എന്നുമാണ് നിജേഷ് അരവിന്ദ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
‎
‎അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ ഹരിചന്ദ്രൻ ആകാൻ ശ്രമിക്കേണ്ടെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ എച്ച് സലാം. സുധാകരന്റെ സ്വഭാവ സവിശേഷതകൾ എല്ലാവർക്കും അറിയാം. ഇത്തവണ മത്സരിക്കുന്നതിന് മുമ്പ് ഭാര്യയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 50 ലക്ഷം രൂപ മകന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും സലാം ആരോപിച്ചു.
‎
‎കാപ്പാ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വ്യാജ ഒപ്പ് ആരോപണത്തിൽ പൊലീസ് ഇന്ന് കേസെടുക്കും. രേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് നൽകുന്നതിനാണ് കേസ്. ആരെയും പ്രതി ചേർക്കാതെയാവും എഫ്ഐആർ ഇടുക.
‎
‎കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിവിധ വിദ്യാർത്ഥി സംഘടകളുടെ പ്രതിഷേധം. സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്ന് പൊലീസും വിദ്യാർത്ഥികളുമായി ഉന്തും തള്ളുമുണ്ടായി.
‎
‎എറണാകുളം കളമശ്ശേരിയിൽ ക്രൂരമായ പീഡനമാണ് 20 വയസുകാരിയായ പങ്കാളി നേരിട്ടതെന്നും ഐസ് ക്രീമിൽ മയക്കുമരുന്ന് നൽകിയാണ് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തതെന്നും ഭർത്താവ് വെളിപ്പെടുത്തി. നാല് പേർക്ക് പിന്നാലെ കൂടുതൽ ആളുകൾ ലോഡ്ജിൽ എത്തിയെന്നും,താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പടുത്തി ഇറങ്ങി ഓടിയെന്ന് ഭാര്യ പറഞ്ഞതായും ഭർത്താവ് പറഞ്ഞു
‎
‎സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായി യുകെയിലേക്കും അയർലൻഡിലേക്കും പോകുന്ന ഹിരൺ ദാസ് മുരളിക്ക് (വേടൻ) പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നൽകാൻ ഹൈക്കോടതി നിർദേശം.
‎
‎ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം വരുന്ന സ്ഥലത്തെ കയ്യേറ്റം വനം വകപ്പ് ഒഴിപ്പിച്ചു. ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലാണ് കയ്യേറ്റം നടന്നത്. ഇവിടെ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഏലത്തൈകൾ നട്ടിരുന്നു. ഇത് വനം വകുപ്പ് പറിച്ചു നീക്കി. അഞ്ചു പേർ ചേർന്നാണ് ഭൂമി കയ്യേറി കൃഷി നടത്തിയത്.
‎
‎തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 56 ട്രെയിനുകളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത 783 പേർ പിടിയിലായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ആകെ 6.18 ലക്ഷം രൂപ പിഴയും ചുമത്തി.
‎
‎ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് ഇതുവരെ 6 കേസുകൾ രജിസ്റ്റർ ചെയ്യുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സി ഐ എസ് എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലടക്കം കേസെടുത്തു.
‎
‎കോക്ക്പിറ്റിൽ ആക്രമണമുണ്ടായ ഫ്ലൈ ദുബായ് വിമാനം ടെൽ അവീവിലേക്ക് പറക്കുകയാണെങ്കിൽ ഇസ്രയേൽ സൈന്യം വിമാനം വെടിവെച്ചിടാൻ തയ്യാറെടുത്തിരുന്നതായി റിപ്പോർട്ട്. സിബിഎസ് ന്യൂസ് ആണ് ഇസ്രയേൽ സൈന്യം സ്വീകരിച്ച അടിയന്തര നടപടികളെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.
‎
‎കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇവരിൽ ഒരാൾക്ക് വൈദ്യസഹായം നൽകിവരുന്നതായും റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കരീബിയൻ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുർക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
‎
‎സൗദി അറേബ്യക്കെതിരേ ഹൂതി വിമതരുടെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് തങ്ങളുടെ സൈന്യത്തെ അയക്കും. സൗദിക്കെതിരേ ഹൂതി വിമതർ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
‎
‎ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍. ഏഷ്യന്‍ ഗെയിംസ് 2026ല്‍ ഇന്ത്യയെ സ്വര്‍ണ മെഡലിലേക്ക് നയിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നുണ്ടെങ്കിലും താരം ടീമില്‍ തുടര്‍ന്നും കളിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
‎
‎അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് ഉറുഗ്വേയെ നേരിടും. കൊല്‍ക്കത്തയില്‍ രാത്രി ഏഴരയ്ക്കാണ് കളി തുടങ്ങുക. ഫിഫ റാങ്കിംഗില്‍ ഉറൂഗ്വേ ഇരുപതും ഇന്ത്യ 138ഉം സ്ഥാനത്താണ്.
‎
‎അര്‍ജന്റൈന്‍ ജഴ്‌സിയില്‍ ലിയോണല്‍ മെസിക്ക് നാളെ അവസാന മത്സരം. ആഫ്രിക്കന്‍ ടീമായ ബെനിനാണ് എതിരാളികള്‍. ബുധാനാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. അര്‍ജന്റീനയ്ക്ക് ഇത് വെറുമൊരു മത്സരമല്ല, ലിയോണല്‍ മെസി അവസാനമായി നീലയും വെള്ളയും ജഴ്‌സിയില്‍ ബൂട്ടുകെട്ടിയിറങ്ങുന്നു എന്നതാണ് ഈ മത്സരത്തിലെ പ്രത്യേകത.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *