ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, സി.എസ്.ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്നീ 5 ബാങ്കുകളുടെ ആകെയുള്ള നിക്ഷേപത്തിന്റെ 37 ശതമാനം മുതല്‍ 75 ശതമാനം വരെയും നല്‍കിയത് മലയാളികളാണെങ്കിലും ഈ ബാങ്കുകള്‍ നല്കിയ ആകെ വായ്പകളില്‍ ഭൂരിഭാഗവും കേരളത്തിന് പുറത്ത്. 18 മുതല്‍ 53 ശതമാനം വായ്പ മാത്രമാണ് കേരളത്തിന് ലഭിച്ചത്. ഇസാഫിന്റെ ആകെ നിക്ഷേപത്തിന്റെ 72.9 ശതമാനവും മലയാളികളുടേതാണ്. എന്നാല്‍ വായ്പയിനത്തില്‍ കിട്ടിയത് 33.5 ശതമാനം മാത്രം. ഫെഡറല്‍ ബാങ്കില്‍ 58.6 ശതമാനം നിക്ഷേപം കേരളത്തിലേതാണ്. വായ്പയില്‍ 26.6 ശതമാനം മാത്രമാണ് ഇങ്ങോട്ട് വന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 62.9 ശതമാനം നിക്ഷേപത്തിന് 31.3 ശതമാനം വായ്പ എന്ന കണക്കാണ്. ധനലക്ഷ്മി ബാങ്ക് 74.8 ശതമാനം നിക്ഷേപം ഇവിടുന്ന് വാങ്ങിയപ്പോള്‍ വായ്പ കൊടുത്തത് 52.8 ശതമാനമാണ്. സി.എസ്.ബി ബാങ്കിലാകട്ടെ നിക്ഷേപത്തിന്റെ 37.2 ശതമാനവും വായ്പയുടെ 17.8 ശതമാനവുമാണ് കേരളത്തിന്റെ വിഹിതം. കേരളത്തിലെ സുരക്ഷിതമായ നിക്ഷേപ തുക ഉപയോഗിച്ച് ദേശീയതലത്തില്‍ ബിസിനസ് വലിയ രീതിയില്‍ വികസിപ്പിക്കുകയെന്ന സ്ട്രാറ്റജിയാണ് ഇപ്പോള്‍ കേരളത്തിലെ ബാങ്കുകള്‍ പരീക്ഷിക്കുന്നത്.
