മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ മാസപ്പടി വിവാദത്തിൽ അന്വേഷണ ഏജൻസിക്ക് മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കമ്പനികൾ തമ്മിലുള്ള കരാർ ആണെങ്കിൽ അതിന് കൃത്യമായതെളിവുകൾ ഉണ്ടായിരിക്കണം. ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഉണ്ടാകാത്തതിലാണ് എസ്എഫ്ഐഒ നോട്ടിസ് കൊടുത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ പാർട്ടി ന്യായീകരിക്കുന്നത് എന്തിനാണ്. വീണ വിജയൻ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ആരോപണം വന്നപ്പോൾ പാർട്ടി നേതാക്കൾ, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് പ്രതികരിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിക്ക് ആരുമായും ഒത്തുതീർപ്പ് ഇല്ലാത്തത് കൊണ്ടാണ് വീണാ വിജയന് നോട്ടിസ് അയച്ചത്. കർണാടക സർക്കാർ എന്തുകൊണ്ട് എക്സാലോജിക്കിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ല എന്നും അദ്ദേഹം ചോദിച്ചു. വി.ഡി.സതീശന്റെ തേഞ്ഞ ആരോപണത്തിന് മറുപടിയില്ലെന്നും മുരളീധരന് പറഞ്ഞു.
മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ മാസപ്പടി വിവാദത്തിൽ അന്വേഷണ ഏജൻസിക്ക് മറുപടി നൽകണമെന്ന് കേന്ദ്രമന്ത്രി വിമുരളീധരൻ
