ലൂയി ഫീഗോക്കു ശേഷം ഇത്രയും നാള് പോര്‍ച്ചുഗല്‍ അറിയപ്പെട്ടിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. റൊണാള്‍ഡോ മങ്ങിയാല്‍ പോര്‍ച്ചുഗല്‍ തോറ്റു, റൊണാള്‍ഡോ തിളങ്ങിയാല്‍ പോര്‍ച്ചുഗല്‍ ജയിച്ചു. അതായിരുന്നു ഇതുവരെ പോര്‍ച്ചുഗല്‍ ടീമിന്റെ അവസ്ഥ. ആ റൊണാള്ഡോയേയാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് സ്വിറ്റ്സർലണ്ടിനെതിരായുള്ള മത്സരത്തിന്റെ 73-ാം മിനിറ്റു വരെ പുറത്തിരുത്തിയത്. പകരക്കാരനായി ടീമിലിടം നേടിയ ഇരുപത്തിയൊന്നുകാരന് ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് സ്വിറ്റ്സർലണ്ടിനെ പോര്‍ച്ചുഗല്‍ തകര്‍ത്തുവിട്ടത്. ക്രിസ്റ്റിയാനോ റൊണാള്ഡോയില്ലാതേയും കളി ജയിക്കാമെന്ന് തെളിയിച്ച് റൊണാള്‍ഡോയുടെ വമ്പൊടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാത്ത ആദ്യ ഇലവനെ കോച്ച് കളത്തിലിറക്കിയത്. ഇനിയുള്ള കളികളിലും റൊണാള്‍ഡോയെ പുറത്തിരുത്തുമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.
റൊണാള്‍ഡോ യുഗം ഇനിയെത്ര നാള്?.
