ഉയരംകൂടുംതോറും രുചിയേറുമെന്നതു വെറുമൊരു പരസ്യ വാചകം മാത്രമല്ല. രുചിക്കൊപ്പം വിലയും കൂടും. തേയിലയുടെ കാര്യത്തിലെന്നല്ല, മറ്റെല്ലാ ഇനങ്ങള്‍ക്കും ഇതു ബാധകമാണ്. ഉയരത്തേപ്പോലെത്തന്നെ ചെങ്കുത്തായ താഴ്ചയിലുള്ളതായാലും രുചിയും വിലയും കൂടും. അതുകൊണ്ടാണ് ഈ തേന്‍ ലോകത്തെ എറ്റവും വിലയുള്ള തേന്‍ ആയത്. ഈ തേനിനു വില എത്രയെന്നു കേട്ടാല്‍ ഞെട്ടും. കിലോഗ്രാമിന് ഒമ്പതു ലക്ഷം രൂപ. ‘എല്‍വിഷ് ഹണി’ എന്നാണ് ഈ തേനിന്റെ പേര്. ഇതിന്റെ സുഗന്ധവും പരിശുദ്ധിയും അതിപ്രശസ്തമാണ്. ഏറ്റവും ശുദ്ധമായ തേന്‍. വര്‍ഷത്തില്‍ ഒരേയൊരു തവണ മാത്രമാണ് ഈ തേന്‍ ശേഖരിക്കുന്നത്. തുര്‍ക്കിയിലെ ആര്‍ട്വിന്‍ സിറ്റിയിലെ 1800 മീറ്റര്‍ താഴ്ചയുള്ള ഒരു ഗുഹയിലാണ് ഈ തേനീച്ചക്കൂട്. ഈ തേനീച്ചക്കൂടില്നിന്നു തേന്‍ ശേഖരിക്കുന്ന അതിസാഹസികമായ വീഡിയോ സാമൂഹ്യ മാധ്യമമായ എക്സില്‍, അതായത് പഴയ ട്വിറ്ററില്‍, ഹൗ തിംഗ്സ് വര്‍ക്ക് എന്ന അക്കൗണ്ടിലൂടെ ഈയിടെ പുറത്തുവിട്ടിരുന്നു. തേനീച്ചകളുടെ ആക്രമണം തടയാന്‍ ശരീരം മുഴുവന്‍ പൊതിഞ്ഞുകെട്ടി സുരക്ഷാ ബെല്‍റ്റില്‍ തൂങ്ങിക്കിടന്ന് പാത്രത്തിലേക്കു തേന്‍ ശേഖരിക്കുന്നതു വീഡിയോയില്‍ കാണാം.
തേന്‍, വില ഒമ്പതു ലക്ഷം
