ഇന്ത്യയില്‍ പുതിയൊരു പേറ്റന്റ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. ആഫ്രിക്ക ട്വിന്‍ മോഡലിനെ അടിസ്ഥാനമാക്കി ആഗോള വിപണിയിലെത്തിച്ച ഹോക്ക് 11 എന്ന മോഡലിനാണ് ഇന്ത്യയില്‍ ഹോണ്ട പേറ്റന്റ് നേടിയത്. മോഡേണ്‍ കഫേ റേസര്‍ രൂപഭംഗിയില്‍ തന്നെയാണ് വാഹനം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ബിക്കിനി ഫെയറിങ്ങില്‍ വലിയ ഉരുളന്‍ എല്‍ഇഡി ഹെഡ്ലാംപ് തന്നെയാണ് വാഹനത്തിന്റെ മുഖമുദ്ര. ക്ലിപ് ഓണ്‍ ഹാന്ഡല്ബാര്, ചെറിയ സീറ്റ്, മികച്ച കളര്‍ പാറ്റേണുകള്‍ എന്നിവയും വാഹനത്തിനുണ്ട്. 1084 സിസി പാരലല്‍ ട്വിന്‍ എന്‍ജിനും സ്റ്റീല്‍ ക്രേഡ്ല് ഷാസിയും ഉപയോഗിക്കുന്നതിനാല്‍ കഫേ റേസര്‍ മോഡലുകളുടെ സ്വഭാവ സവിശേഷതകളെക്കാള്‍ മുകളില്‍ നില്ക്കും ഹോക്ക് 11. 101 എച്ച്പി 104 എന്‍എം ശേഷികളാണ് എന്‍ജിന്റെ മികവ്. ആഫ്രിക്ക ട്വിന്നിലേതുപോലെ മാന്വല്‍ ഡിസിടി പതിപ്പുകളോടു കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ഹോക്ക് 11ലും. നിസിന് കാലിപ്പറോടു കൂടിയ സംവിധാനമാണ് ബ്രേക്ക് വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ നിരത്തിലെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഹോക്ക് 11 ന് ഇന്ത്യയില്‍ പേറ്റന്റ് നേടി ഹോണ്ട
