മുപ്പതുകളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവപ്പെടുന്നവര്‍ക്ക് 75 വയസ്സൊക്കെ ആകുമ്പോള്‍ തലച്ചോറിന്റെ ആരോഗ്യം വളരെ മോശമായിരിക്കുമെന്ന് പഠനം. പുരുഷന്മാരില് പ്രത്യേകിച്ചും ഇത് പ്രകടമാകുമെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. തലച്ചോറിന്റെ മോശം ആരോഗ്യം മറവിരോഗങ്ങള്‍ അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. 30നും 40നും ഇടയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിച്ച പ്രായമായവരുടെ തലച്ചോറിന്റെ എംആര്‍ഐ സ്കാനുകള്‍ സാധാരണ രക്തസമ്മര്‍ദമുണ്ടായിരുന്ന മുതിര്‍ന്നവരുടെ തലച്ചോറിന്റെ എംആര്‍ഐ സ്കാനുകളുമായി താരതമ്യപ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദമുണ്ടായിരുന്ന ഗ്രൂപ്പിന്റെ റീജണല്‍ ബ്രെയ്ന്‍ വോളിയവും വൈറ്റ് മാറ്ററും ഗണ്യമായി കുറവായിരുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇത് രണ്ടും മറവി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മറവിരോഗത്തിനുള്ള ചികിത്സകള്‍ പരിമിതമായതിനാല്‍ ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്കുന്ന സൂചനകള്‍ പ്രധാനമാണ്. മറവി രോഗ സാധ്യതയുള്ളവരെ നേരത്തെ കണ്ടെത്താന്‍ സാധിച്ചാല്‍ ലക്ഷണങ്ങള്‍ വൈകിപ്പിക്കാനുള്ള ഫലപ്രദമായ ചികിത്സ അവര്‍ക്ക് നല്കാന് സാധിക്കും. ജാമ നെറ്റ് വര്‍ക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
മുപ്പതുകളിലെ രക്തസമ്മര്‍ദം മറവിരോഗത്തിലേക്ക് നയിക്കാം
