ലോകത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളില്‍ അഞ്ചാം സ്ഥാനമാണ് ഉദരത്തിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. പ്രാരംഭ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നത് ഗ്യാസ്ട്രിക് കാന്‍സറിനെ മറ്റ് കാന്‍സറുകളെക്കാള്‍ അപകടകാരിയാക്കുന്നു. ചെറിയ ചില ലക്ഷണങ്ങള്‍ ഉദരപ്രശ്നങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കാനും സാധ്യത ഏറെയാണ്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും വരെ ഈ കാന്‍സര്‍ തിരിച്ചറിയപ്പെടാതെ പോകാറാണ് പതിവ്. ഭക്ഷണം കഴിച്ച ശേഷമുള്ള നെഞ്ചെരിച്ചില്‍ പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അന്നനാളത്തില്‍ നിന്നും ഉദരത്തിലെ ആസിഡ് തിരിച്ചൊഴുകുന്നതു മൂലമാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ അഥവാ ആസിഡ് റിഫ്ലക്സ് അനുഭവപ്പെടുന്നത്. ഭക്ഷണ സാധനങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മുതല്‍ മാനസിക സമ്മര്‍ദം വരെ നെഞ്ചെരിച്ചലിന് കാരണമായേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷമാണ് നെഞ്ചെരിച്ചില്‍ ലക്ഷണങ്ങള്‍ അനുഭവപ്പെടാറ്. ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ഇത് നിയന്ത്രിക്കാനാകുന്നാണിത്. എന്നാല്‍ നെഞ്ചെരിച്ചില്‍ സ്ഥിരമോ ഗുരുതരമോ ആണെങ്കില്‍ ഉടന്‍ ചികിത്സ തേടണം. ചികിത്സിച്ചിട്ടും മാറാതെ നില്ക്കുന്ന ലക്ഷണങ്ങള്‍ അര്‍ബുദത്തിന്റേതാകാം. ആമാശയത്തിന്റെ ഉള്‍പാളിയില്‍ കോശങ്ങള്‍ വളരുന്ന അവസ്ഥയാണ് ഉദരത്തിലെ അര്‍ബുദം അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍. കാരണമില്ലാതെ ശരീരഭാരം കുറയുന്നത്, വയറുവേദന അല്ലെങ്കില്‍ അസ്വസ്ഥത (മിക്കവാറും പൊക്കിളിന് മുകളിലായി അനുഭവപ്പെടുന്നത്), വിട്ടുമാറാത്ത നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ ദഹനക്കേട്, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി (രക്തം കലര്‍ന്ന് കാണപ്പെടുകയാണെങ്കില്‍ ശ്രദ്ധവേണം), വയറ്റില്‍ നീര്‍വീക്കം, വയറ്റില്‍ ദ്രാവകം കെട്ടിനില്‍ക്കുന്നതുപോലെ തോന്നുന്നത്, കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ മലം, കടുത്ത ക്ഷീണം എന്നിവയെല്ലാം കാന്‍സര്‍ ലക്ഷണങ്ങളാണ്.
നെഞ്ചെരിച്ചില്‍ ചിലപ്പോള്‍ ഗ്യാസ്ട്രിക് കാന്‍സറാകാം
