ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. ചെറിയ അളവ് വെള്ളത്തില്‍പ്പോലും ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകും. ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിടനശീകരണം നടത്തിയാല്‍ മാത്രമേ പ്രതിരോധം സാധ്യമാകൂ. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍നിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കല്‍, ശരീരം തണുത്തു മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുകു വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
ഡെങ്കിപ്പനി കരുതല്‍ വേണമെന്ന് ആരോഗ്യവകുപ്പ്
