ബിജു കുര്യന്റെ വിസ റദ്ദാക്കുന്നതിൽ കൂടുതൽ നടപടികൾ ഇന്നുണ്ടാകും. ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കാണാതായ ബിജുവിന്റെ വിസ റദ്ദാക്കി തിരികെ അയക്കാൻ ഇസ്രയേലിലെ ഇന്ത്യൻ എംബസിക്ക് കത്ത് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ബിജു കുര്യനെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ന് വാർത്താ സമ്മേളനം നടത്തുന്ന കൃഷിമന്ത്രി ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
ബിജു കുര്യൻ അടക്കം 27 കർഷകരും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകുമാണ് കൃഷി രീതികൾ പഠിക്കാനായി ഈ മാസം 12 ന് ഇസ്രയേലിലേക്ക് പോയത്. വെള്ളിയാഴ്ച രാത്രി താമസിക്കുന്ന ഹോട്ടലിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുന്നതിടെ ബിജു കുര്യനെ കാണാതാവുകയായിരുന്നു. താൻ സുരക്ഷിതനാണ് എന്ന് ഭാര്യക്ക് അയച്ച മെസേജ് മാത്രമാണ് ബിജുവിനെ കുറിച്ച് പിന്നീട് കിട്ടിയ വിവരം.