പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ 350 സിസി ക്രൂസര്‍ ശ്രേണിയില്‍ പുതിയ ബൈക്ക് അവതരിപ്പിച്ചു. ഗോവയില്‍ നടന്ന മോട്ടോവേഴ്സ് 2025ലാണ് മെറ്റിയര്‍ 350ന്റെ പുതിയ വേരിയന്റായ സണ്‍ഡൗണര്‍ ഓറഞ്ച് സ്പെഷ്യല്‍ എഡിഷന് അവതരിപ്പിച്ചത്. ചെന്നൈയില്‍ 2,18,882 രൂപയാണ് എക്സ് ഷോറൂം വില. മെറ്റിയര്‍ കുടുംബത്തിലെ പ്രീമിയം മോഡലായാണ് ഇതിനെ കണക്കാക്കുന്നത്. ദീര്‍ഘദൂര യാത്ര മുന്നില്‍ കണ്ട് ട്രിപ്പര്‍ നാവിഗേഷന്‍ പോഡ് ആണ് മറ്റൊരു സവിശേഷത. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി ഇന്റഗ്രേറ്റഡ് നാവിഗേഷന്‍ മാറിയിരിക്കുകയാണ്. പ്രീമിയം അലുമിനിയം ട്യൂബ്ലെസ് സ്പോക്ക് വീലുകളാണ് മറ്റൊരു പ്രത്യേകത. ട്രാഫിക്കിലെ ഇടയ്ക്കിടെയുള്ള ഗിയര്‍ മാറ്റം മൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച് വഴി സാധിക്കും. അഡ്ജസ്റ്റബിള് ലിവറുകള്‍ റൈഡര്‍മാരുടെ യാത്ര സുഗമമാക്കും. എല്‍ഇഡി ഹെഡ്ലാമ്പുകള്‍ മികച്ച രാത്രികാല ദൃശ്യപരത വാഗ്ദാനം ചെയ്യുന്നു. യുഎസ്ബി ടൈപ്പ്-സി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍.
