‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന ‘ധൂമകേതു’വിലെ ‘ചിരഞ്ജീവി’ ഗാനം പുറത്ത്. സജിനും നിഖിലയും ഒന്നിച്ചുള്ള വിചിത്രമായ കല്യാണ ദൃശ്യങ്ങളാണ് ‘ചിരഞ്ജീവി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഈ ഗാനരംഗത്തിലുള്ളത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് അങ്കിത് മേനോനാണ് ഈണം നല്‍കിയിരിക്കുന്നത്. മലയാളി മങ്കീസ് ആണ് ഗാനം പാടി അവതരിപ്പിച്ചിരിക്കുന്നത്. ‘മന്തി പോലും ഉപ്പുമാവിന്‍ ടേസ്റ്റില്‍ ഒതുങ്ങി…’ തുടങ്ങിയ രസമുള്ള വരികളും വേറിട്ട ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. സെപ്റ്റംബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സജിന്‍ ഗോപു, നിഖില വിമല്‍, ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സോണിയും മനുവും ചേര്‍ന്നാണ്.
