പ്രമേഹരോഗികളുടെ ഭക്ഷണക്രമത്തില്‍ സാലഡ് ഉള്‍പ്പെടുത്തുന്നത് വളരെ മികച്ചതാണെന്ന് ആരോഗ്യവിദഗ്ധര്‍. പ്രധാനഭക്ഷണത്തിന് മുന്‍പ് സാലഡ് കഴിക്കുന്നതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. മിക്കവാറും ആളുകള്‍ ഉച്ചയ്ക്ക് ചോറ് അല്ലെങ്കില്‍ റോട്ടിയെന്ന രീതിയാണ്. അതിന് മുന്‍പ് ഒരു ബൗള്‍ സാലഡ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. ചോറു കഴിക്കുന്നതിന് മുന്‍പ് സാലഡ് കഴിക്കുന്നത് അതില്‍ അടങ്ങിയ നാരുകള്‍ പിന്നീട് കഴിക്കുന്ന ചോറിലും റോട്ടിയിലും അടങ്ങിയ പഞ്ചസാരയുടെ രക്തത്തിലേക്കുള്ള ആഗിരണം മന്ദഗതിയിലാക്കുന്നു. അതായത്, പെട്ടെന്നുള്ള ഷുഗര്‍ സ്പൈക്ക് കുറച്ചു കൊണ്ട് ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും നിരവധി ആന്റിഓക്സിഡന്റുകളും ഒലീവ് ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനൊപ്പം സാലഡിന്റെ രുചിയും കൂട്ടും. ചീര, കാബേജ് പോലെ കാബ്സ് കുറഞ്ഞതും നാരുകളുടെയും വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും അളവു കൂടിയതുമായി ഇലക്കറികള്‍ ഡാലഡില്‍ ചേര്‍ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ സഹായിക്കും. പനീര്‍ സാലഡില്‍ ചേര്‍ക്കാവുന്നതാണ്. പയറുവര്‍ഗം രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിക്കാന്‍ സഹായിക്കും. മാത്രമല്ല, സാലഡിന്റെ പോഷകഗുണം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ബദാം, വാല്‍നട്സ്, മത്തങ്ങ വിത്തുകള്‍, എള്ള് വിത്തുകള്‍ സലാഡില്‍ ചേര്‍ക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ്, പോഷകങ്ങള്‍ എന്നിവ വര്‍ധിപ്പിക്കും.
