ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഡിവൈഎഫ്ഐ നേതാവ് ഷാജർ, ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച ആകാശ് തില്ലങ്കേരി അംഗമായ ടീമിന് ട്രോഫി നൽകിയത്. ആകാശാണ് ഷാജറിൽ നിന്നും ട്രോഫിയേറ്റുവാങ്ങിയത്. പിന്നാലെ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സ്വർണ്ണക്കടത്ത്, കൊലപാതക കേസിലെ പ്രതിക്ക് ഡിവൈഎഫ്ഐ നേതാവ് ട്രോഫി നൽകിയെന്ന രീതിയിൽ വ്യാപകമായി വിമർശനവും ഉയർന്നു. എന്നാൽ ഷാജറിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും ടൂർണമെന്റ് സംഘടിപ്പിച്ച കമ്മറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവെന്നുമായിരുന്നു പാർട്ടി വിലയിരുത്തൽ. എന്നാൽ ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും തുടരുകയാണ്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളാണ് ഡിവൈഎഫ്ഐ പുറത്തുവിട്ടത്.
എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ
