കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളമടക്കം മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി. ആകെ നാൽപ്പത് ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്നാണ് എൻഐഎ ഉദ്യോഗസ്ഥർ അറിയിക്കുന്നത്. വിവിധ ഇടങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളും നാല് ലക്ഷം രൂപയും കണ്ടെത്തിയെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്.പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയുമായിരുന്ന സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്ഡ് നടന്ന ഇടങ്ങളിൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിൽ കഴിഞ്ഞ വർഷം 19 ന് നടന്ന പ്രഷർ കുക്കർ ബോംബ് കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് കേരളത്തിൽ എത്തിയ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തി
