ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ ആദ്യഗാനം പുറത്ത്. ‘ചിട്ടി ചിട്ടി ചീമാ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ തെലുങ്കു പതിപ്പിനു പുറമേ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളും പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനൊപ്പം നായികയായി എത്തുന്നത് പുതുമുഖമായ സാത്വിക വീരവല്ലിയാണ്. ജി.വി പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘കുട്ടി കുട്ടി പൂവേ’ എന്നു തുടങ്ങുന്ന മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് നിത്യ മാമ്മന്‍ ആണ്. അരുണ്‍ ആലാട്ട് മലയാളം വരികള്‍ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ‘കൃഷ്ണ’ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു ഫീല്‍ഗുഡ് ചിത്രമായാണ് സിനിമ എത്തുകയെന്നാണ് ക്യാരക്റ്റര്‍ പോസ്റ്ററും ആദ്യ ഗാനവും നല്‍കുന്ന സൂചനകള്‍.
