ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ കുടവയര്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ഒഴിവാക്കാന്‍ നമ്മളില്‍ പലരും കുറച്ച് എയര്‍ പിടിച്ച് നില്‍ക്കുന്നത് പതിവാണ്. എന്നാല്‍ ഈ പതിവ് ദീര്‍ഘകാല ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശ്വാസം പിടിച്ച് വയര്‍ ഉള്ളലേക്ക് വലിക്കുന്നത് അടിവയറ്റിലെ പേശികള്‍ക്ക് സമ്മര്‍ദ്ദവും ക്ഷതവും ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇത് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനും ചിലപ്പോഴോക്കെ പുറം വേദനയ്ക്കും കാരണമായെന്ന് വരാം. വയര്‍ ഉള്ളിലേക്ക് വലിക്കുമ്പോള്‍ ഡയഫ്രത്തിന്റെ സ്വാഭാവിക ചലനം ബാധിക്കപ്പെടുന്നത് ശ്വാസോച്ഛാസത്തിന്റെ ആഴത്തെയും കാര്യക്ഷമതയെയും ബാധിക്കും. മാത്രമല്ല ഇത് ശീലമാക്കുന്നത് ശ്വാസകോശത്തിന്റെ ശേഷി കുറയാനും കാരണമാകാമെന്ന് ഫിറ്റ്നസ് വിദഗ്ധര്‍ പറയുന്നു. കുടവയര്‍ കാണാതിരിക്കാന്‍ ഇത്തരത്തിലുള്ള കുറുക്കുവഴികള്‍ നോക്കാതെ ശരീയായ ഡയറ്റിലൂടെ അത് പരിഹരിക്കുകയാണ് വേണ്ടത്. ആരോഗ്യകരവുമായ ജീവിതശൈലി, വ്യായാമം, പോഷകസമ്പുഷ്ടമായ ഭക്ഷണം, ആവശ്യത്തിന് വിശ്രമം എന്നിവയെല്ലാം ഇതിന് ആവശ്യമാണ്. വയര്‍ അല്പമൊന്ന് ചാടിയാല്‍ സൗന്ദര്യം നഷ്ടമായി എന്നത് നെഗറ്റീവായ ശരീര സങ്കല്പത്തിന് വഴി വെക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ശരീരത്തെ അതിന്റെ സ്വാഭാവിക വടിവുകളോടെയും ആകൃതിയോടെയും അംഗീകരിക്കാന്‍ ശീലിക്കുന്നതാണ് ആരോഗ്യകരവും പോസിറ്റീവുമായ പ്രതിച്ഛായ സ്വയം ഉണ്ടാക്കിയെടുക്കാനുള്ള വഴി.
എയര്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യല്ലേ!
