രാജ്യത്തെ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവില്‍ ജൂലൈയില്‍ ഇടിവ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂണില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ അറ്റനിക്ഷേപം 28,973.41 കോടിയായിരുന്നു. ജൂലൈയില്‍ ഇത് 24,697.39 കോടിയായി കുറഞ്ഞു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവ് കുറഞ്ഞെങ്കിലും, മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ വിഹിതം ജൂലൈയില്‍ വീണ്ടും ഉയര്‍ന്നു. ജൂണിലെ 31,781 കോടിയില്‍ നിന്ന് 0.6 ശതമാനം വര്‍ധിച്ച് ജൂലൈയില്‍ 31,961 കോടി രൂപയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഉയര്‍ന്ന നിക്ഷേപമാണിത്. ജൂലൈയില്‍ സ്മോള്‍ക്യാപ് ഫണ്ടുകളിലേക്ക് എത്തിയത് 7,767.50 കോടി രൂപയാണ്. മിഡ്ക്യാപ് ഫണ്ടുകള്‍ക്ക് 6,192.31 കോടി രൂപ ആകര്‍ഷിക്കാനായി. അതേസമയം, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് 1,321.69 കോടി രൂപ പിന്‍വലിക്കപ്പെട്ടു. ജൂലൈയില്‍ രാജ്യത്തെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 4.3 ശതമാനം വര്‍ധിച്ച് 85.76 ലക്ഷം കോടി രൂപയായി. ജൂണില്‍ ഇത് 82.22 ലക്ഷം കോടി രൂപയായിരുന്നു.
