ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീര’ത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷന്‍ സസ്പെന്‍സ് ത്രില്ലറാണെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. റെമോ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജിതിന് ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന് എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഡിസംബര്‍ 5ന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും. ജി.സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്. ഇന്ദ്രജിത്ത് സുകുമാരന്‍, അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്, ശ്രീജിത്ത് രവി, സജല്‍ സുദര്ശന്, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
