ഹൃദയസ്തംഭനത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വളരെ സൂക്ഷ്മവും നിശബ്ദവുമാണ്. ഇത് പലപ്പോഴും സമ്മര്‍ദ്ദം, വാര്‍ദ്ധക്യം എന്നിവയുമായി ബന്ധപ്പെടുത്തിയും അല്ലെങ്കില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളായും തെറ്റിദ്ധരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കാര്‍ഡിയോളജിസ്റ്റും ഹാര്‍ട്ട് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ. ദിമിത്രി യാരനോവ് പറയുന്നു. ഹൃദയസ്തംഭനത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങളറിയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പെട്ടെന്ന് ശരീരഭാരം വര്‍ധിക്കുന്നത് ശ്രദ്ധിക്കണം. ഇത് ദ്രാവകം കോശങ്ങളില്‍ തങ്ങി നില്‍ക്കുന്നതിന്റെ സൂചനയാകാം. ഹൃദയസ്തംഭവുമായി ബന്ധപ്പെട്ട് വിട്ടുമാറാത്ത ചുമ, കണ്ടുവരുന്ന മറ്റൊരു ലക്ഷണമാണ്. ഇത് ജലദോഷത്തിന്റെ അല്ലെങ്കില്‍ മറ്റ് രോഗങ്ങളുടെ ലക്ഷണമായി തെറ്റിദ്ധരിക്കാം. കിടക്കുമ്പോള്‍ വഷളാകുന്ന ചുമ എല്ലായ്‌പ്പോഴും ശ്വാസകോശവുമായി ബന്ധപ്പെട്ട പ്രശ്‌നമായിരിക്കില്ല, പലപ്പോഴും വരണ്ട ചുമയുടെ രൂപത്തിലാകും പ്രത്യക്ഷപ്പെടുക. ഓക്കാനം, വിശപ്പില്ലായ്മ തുടങ്ങിയ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ടിരിക്കാം. ഹൃദയം മന്ദഗതിയിലാകുമ്പോള്‍, കുടലിലെ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകുന്നു. പെട്ടെന്ന് വയറു നിറയുന്നത് അല്ലെങ്കില്‍ പെട്ടെന്നുള്ള ഓക്കാനം എന്നിവയൊക്കെ ശരീരം നല്‍കുന്ന നിശബ്ദമായ സൂചനയായിരിക്കാം. ശരീരത്തിലെ രക്തയോട്ടം കാര്യക്ഷമമായി നടക്കാതെ വരുമ്പോള്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. ഇത് ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ വൈജ്ഞാനിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഉറക്ക പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനത്തിന്റെ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങളാകാം. ഉറക്കമില്ലായ്മ, ഉറക്കത്തില്‍ ഞെട്ടി ഉണരുക, മോശം ഉറക്കം എന്നിവയെല്ലാം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിക്കാമെന്നും അദ്ദേഹം പറയുന്നു.
