രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ ആം ആദ്മി പാർട്ടി, ചന്ദ്രശേഖർ റാവുവിൻ്റെ ബി ആർ എസ് , ഗുലാം നബി ആസാദിൻ്റെ ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നിവയ്ക്ക് സമാപനയോഗത്തിലേക്ക് ക്ഷണം നൽകിയിട്ടില്ല. ഈ മാസം 30 ന് ശ്രീനഗറിലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുന്ന യാത്രയുടെ സമാപനം നടക്കുക.
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം
