ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന് സമാനമായ ബ്രെയിന്‍-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് സാങ്കേതികവിദ്യയില്‍ വന്‍ മുന്നേറ്റം ലക്ഷ്യമിട്ട് ചൈന. തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്ക് തലച്ചോറില്‍ ശസ്ത്രക്രിയയിലൂടെ ചിപ്പുകള്‍ ഘടിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ അതില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ചൈനീസ് എതിരാളികള്‍ വികസിപ്പിച്ചിട്ടുള്ള സംവിധാനങ്ങള്‍. ചിപ്പ് ഘടിപ്പിക്കാന്‍ തലയോട്ടി തുറക്കേണ്ടി വരില്ല എന്നതാണ് അതിന്റെ സവിശേഷത. ഈ ഉപകരണങ്ങള്‍ സെന്സറുകളിലൂടെയോ ശബ്ദ തരംഗങ്ങളിലൂടെയോ തലച്ചോറിലെ സിഗ്നലുകള്‍ വായിച്ചെടുക്കുന്നവയാണ്. ശസ്ത്രക്രിയ പൂര്‍ണമായും ഇവ ഒഴിവാക്കുന്നു. നിര്‍മിതബുദ്ധി, ഹ്യൂമനോയ്ഡ് റോബോട്ടുകള്‍, സെമികണ്ടക്ടറുകള്‍ എന്നിവയ്ക്ക് സമാനമായി ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസിലും അമേരിക്കയും ചൈനയും തമ്മിലുള്ള കടുത്ത മത്സരത്തിലേക്ക് ഇത്തരം നീക്കങ്ങള്‍ വഴിതെളിച്ചേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഇലോണ്‍ മസ്കിന്റെ ന്യൂറാലിങ്കിന് വെല്ലുവിളിയായി ചൈന
