തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ യോഗക്ഷേമം ലോണ്‍സിന്റെ ഭൂരിപക്ഷ ഓഹരികളും ടാറ്റ കാപ്പിറ്റല്‍ സ്വന്തമാക്കി. പൂര്‍ണമായും പണമിടപാടിലൂടെയാണ് കരാര്‍. ഈ ഏറ്റെടുക്കലിലൂടെ യോഗക്ഷേമം ലോണ്‍സിന്റെ ഇഷ്യൂ ചെയ്തതും പെയ്ഡ്-അപ്പുമായ ഓഹരികളുടെ 88.6 ശതമാനവും ടാറ്റ കാപ്പിറ്റലിന്റെ കൈകളിലെത്തും. യോഗക്ഷേമം ലോണ്‍സിന് ഏകദേശം 318 കോടി രൂപ പ്രീ-മണി ഇക്വിറ്റി മൂല്യം കണക്കാക്കിയാണ് ഈ കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. ഇതില്‍ കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്കായി 93 കോടി രൂപയുടെ പ്രാഥമിക മൂലധന നിക്ഷേപവും ടാറ്റ നടത്തും. ഉടമസ്ഥാവകാശം മാറിയെങ്കിലും നിലവിലെ പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ ഉണ്ണികൃഷ്ണന്‍ ഇലിച്ചാരം വീട്ടില്‍ തന്നെ കമ്പനിയെ തുടര്‍ന്നും നയിക്കും. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് റിസര്‍വ് ബാങ്ക് രജിസ്ട്രേഷനുള്ള യോഗക്ഷേമം ലോണ്‍സിന് 708 കോടി രൂപയുടെ കൈകാര്യം ചെയ്യുന്ന ആസ്തിയുണ്ട്. നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സാന്നിധ്യമുള്ള കമ്പനിയെ, വരും ഘട്ടങ്ങളില്‍ പൂര്‍ണമായി ലയിപ്പിക്കാനും ടാറ്റ കാപ്പിറ്റലിന് പദ്ധതിയുണ്ട്.
യോഗക്ഷേമം ലോണ്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കി ടാറ്റ കാപ്പിറ്റല്‍
