ഇന്ത്യയിലെ കുട്ടികളിലെ അപര്യാപ്തമായ ശാരീരിക വളര്‍ച്ചയും മോശം ജീവിതശൈലിയും അവരുടെ അസ്ഥികളുടെ ബലത്തെ സാരമായി ബാധിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. കുട്ടികള്‍ പുറത്തിറങ്ങി കളിക്കുന്നതിന് പകരം പൂര്‍ണമായും വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടുന്നതും സ്ക്രീന്‍ ഉപയോഗം വര്‍ധിക്കുന്നതുമാണ് പുതിയ തലമുറയെ ഗുരുതരമായ അസ്ഥിപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. നഗരങ്ങളിലെ കുട്ടികള്‍ കൂടുതല്‍ സമയവും ടാബ്ലെറ്റുകളിലും ഫോണുകളിലുമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മൂലം കുട്ടികള്‍ ചെറുപ്പത്തിലെ തന്നെ അസ്ഥിക്ഷയം പോലെയുള്ള പ്രശ്നങ്ങളുടെ വക്കിലാണെന്നും 30കളില്‍ ഇവര്‍ 60 വയസുള്ളവരുടെ അസ്ഥികളുടെ അവസ്ഥയിലേക്ക് എത്തിപ്പെടുന്നുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. 18 വയസിനുള്ളിലാണ് ഒരു വ്യക്തിയുടെ അസ്ഥികളുടെ ഭൂരിഭാഗം വളര്‍ച്ചയും കരുത്തും രൂപപ്പെടുന്നത്. എന്നാല്‍ അഞ്ച് മണിക്കൂറിലധികം നീളുന്ന സ്ക്രീന്‍ ടൈമും വെളിച്ചം കുറഞ്ഞ മുറികളിലെ ജീവിതവും കാരണം കുട്ടികള്‍ക്ക് നിര്‍ണായകമായ ഈ വളര്‍ച്ചാ ഘട്ടം നഷ്ടമാകുന്നു. വിറ്റാമിന്‍ ഡിയുടെ കുറവും ഇതിനൊരു പ്രധാന കാരണമായി ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിക്കാലത്ത് അസ്ഥികളുടെ ബലം കൃത്യമായി ഉറപ്പുവരുത്തേണ്ടത് ഭാവിയിലെ ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. അതിനാല്‍ മാതാപിതാക്കള്‍ കുട്ടികളെ ഔട്ട്ഡോര്‍ ഗെയിമുകളിലേക്കും ശാരീരിക വ്യായാമങ്ങളിലേക്കും തിരികെ കൊണ്ടുവരണം.
മുപ്പതുകളില്‍ അറുപതുകാരുടെ അസ്ഥിയിലേക്ക് കുട്ടികള്‍
