വോള്‍വോയുടെ ആഡംബര എസ്‌യുവി സ്വന്തമാക്കി ചെമ്പന്‍ വിനോദ്. ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരു കേട്ട വോള്‍വോയുടെ ഏറ്റവും വലിയ എസ്‌യുവി എക്‌സ്സി 90യാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. ഏകദേശം 96.97 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ഈ വര്‍ഷം മാര്‍ച്ചിലാണ് എക്‌സ്സി 90യുടെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യയില്‍ എത്തിച്ചത്. പുതിയ ഗ്രില്‍, ‘തോര്‍ ഹമര്‍’ ഹെഡ്ലാംപുകള്‍, മാറ്റങ്ങള്‍ വരുത്തിയ ബംബര്‍, ഡാര്‍ക്കര്‍ ടെയില് ലാംപ്, പുതിയ അലോയ് വീല്‍ ഡിസൈന്‍, ഉയര്‍ന്ന 267 എംഎം ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ 11.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നിവയുണ്ട്. വോള്‍വോയുടെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് എക്‌സ്സി 90. 2 ലീറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബോ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തില്‍. 48 വാട്ട് ബാറ്ററിയും വാഹനത്തില്‍ ഉപയോഗിക്കുന്നു. 250 എച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കുമുണ്ട് വാഹനത്തിന്. വേഗം നൂറ് കടക്കാന്‍ 7.7 സെക്കന്‍ഡ് മാത്രം വേണ്ടിവരുന്ന ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണ്.
