പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളില്‍ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന ‘റേച്ചല്‍’. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ഈനാശു എന്ന കഥാപാത്രമായെത്തുന്ന വിനീത് തട്ടില്‍, തെരേസയായി എത്തുന്ന രാധിക രാധാകൃഷ്ണന്‍ എന്നിവരുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ‘റേച്ചല്‍’ 5 ഭാഷകളിലായാണ് റിലീസിനെത്തുന്നത്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹരചയിതാവാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും നിക്കോളാസായി റോഷന്‍ ബഷീറും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
